തിളക്കമുള്ള മൃദുവായ ചർമ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പത്ത് വയസ്സൊക്കെ കഴിയുമ്പോൾ തന്നെ കുട്ടികൾ പോലും ചർമ്മസംരക്ഷണത്തിൽ ശ്രദ്ധിച്ച് തുടങ്ങാറുണ്ട്. വിപണിയിൽ ലഭിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളായിരിക്കും ഇതിന് വേണ്ടി ഉപയോഗിക്കുക. എന്നാൽ, അവ ഗുണത്തേക്കാളേറെ ദോഷമായിരിക്കും പലപ്പോഴും ചെയ്യുക. അവയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ചർമ്മത്തെ ദോഷകരമായി ബാധിച്ചേക്കും. എളുപ്പത്തിൽ ലഭിക്കുന്നത് എന്താണോ അത് ആദ്യം പരീക്ഷിക്കുകയെന്നത് നമ്മുടെയെല്ലാം ശീലമാണ്. വിപണിയിലെ വസ്തുക്കളെല്ലാം പരീക്ഷിച്ച് നോക്കിയതിന് ശേഷമായിരിക്കും നാം പ്രകൃതിദത്തമായ വഴികളിലേക്ക് നീങ്ങുക.
ചർമ്മത്തിന് കുഴപ്പമുണ്ടെന്ന് തോന്നിത്തുടങ്ങിയാൽ പ്രകൃതിയിൽ തന്നെ അതിന് പരിഹാരമുണ്ട്. പഴങ്ങളുടെയും പച്ചക്കറികളുടെയും ജ്യൂസുകൾ ചർമ്മസംരക്ഷണത്തിന് വലിയ ഗുണം ചെയ്യും. തിളക്കമുള്ള മനോഹരമായ ചർമ്മത്തിന് വേണ്ടി ജ്യൂസുകൾ പരീക്ഷിച്ച് നോക്കുന്നത് നല്ലതായിരിക്കും.
പച്ചക്കറികൾ കൊണ്ടും പഴങ്ങൾ കൊണ്ടും ഉണ്ടാക്കിയ ജ്യൂസുകൾ എങ്ങനെ ചർമ്മത്തെ സംരക്ഷിക്കുമെന്ന് നിങ്ങൾക്ക് സംശയം തോന്നുന്നുണ്ടാവും. ജ്യൂസുകൾ എളുപ്പത്തിൽ ശരീരത്തിൽ മാറ്റം വരുത്താൻ സഹായിക്കുകയും ചെയ്യും. അതിനാൽ ഈ ജ്യൂസുകൾ വീട്ടിൽ ഒന്ന് പരീക്ഷിച്ച് നോക്കൂ.
Also Read-Skin Tan | മുഖത്തെ കരുവാളിപ്പ് മാറ്റി ചർമ്മത്തിന് തിളക്കം നൽകും; ഈ പൊടിക്കൈകൾ പരീക്ഷിക്കൂവെള്ളരി ജ്യൂസ്
വെള്ളരി ചർമ്മത്തിന് നന്നായി ഗുണം ചെയ്യുന്ന പച്ചക്കറിയാണെന്ന് നിങ്ങൾക്ക് അറിവുള്ള കാര്യമായിരിക്കും. വേനൽക്കാലത്ത് ശരീരത്തിന് വളരെ നല്ലതാണ് വെള്ളരി ജ്യൂസ്. ശരീരത്തെ തണുപ്പിക്കുന്നതിനൊപ്പം ചർമ്മത്തെ മൃദുവാക്കുന്നതിനും തിളക്കമുള്ളതാക്കുന്നതിനും വെള്ളരി ജ്യൂസ് സഹായിക്കും. ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും ഇത് നല്ലതാണ്. വെള്ളരിയിൽ അടങ്ങിയിരിക്കുന്ന അസ്കോർബിക് ആസിഡും കഫീക് ആസിഡും മുഖത്ത് അനാവശ്യമായി നീര് കെട്ടുന്നതും മറ്റും തടയും.
ചീര ജ്യൂസ്
ചീരയുടെ ജ്യൂസിൽ വൈറ്റമിൻ കെയും ഇരുമ്പും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തും. ചീരയുടെ ജ്യൂസ് നിങ്ങൾ കരുതുന്നത് പോലെ അത്ര രുചികരമായിരിക്കില്ല. അത് കുടിച്ച് തീർക്കാനും അത്ര എളുപ്പമായിരിക്കില്ല. എന്നിരുന്നാലും ചർമ്മസംരക്ഷണത്തിനൊപ്പം ശരീരത്തിനും ഈ ജ്യൂസ് ഗുണം ചെയ്യും. പല വൈറസുകളേയും ചെറുക്കുന്നതിനും ചീര ജ്യൂസ് സഹായിക്കും.
കാരറ്റ്, ബീറ്റ്റൂട്ട് ജ്യൂസ്
സാധാരണഗതിയിൽ കാരറ്റ് പലരും പച്ചയ്ക്ക് തന്നെ കഴിക്കുന്ന പച്ചക്കറിയാണ്. കാരറ്റും ബീറ്റ്റൂട്ടും മിക്കവരുടേയും ആഹാരക്രമത്തിൻെറ ഭാഗമാണ്. എന്നാൽ ഇവ രണ്ടും ചേർത്ത് ജ്യൂസ് അടിച്ച് കുടിച്ചാലോ? ചർമ്മസംരക്ഷണത്തിന് ഇത് പോലെ ഗുണം ചെയ്യുന്ന പാനീയങ്ങൾ കുറവാണെന്ന് തന്നെ പറയാം. ദിവസവും നിങ്ങൾ ഈ ജ്യൂസ് കുടിക്കുകയാണെങ്കിൽ, മുഖക്കുരു, മുഖത്തെ നീർവീക്കം, പരുപരുത്ത ചർമ്മം, നിറവ്യത്യാസം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ല.
ഇഞ്ചി, നാരങ്ങ ജ്യൂസ്
നാരങ്ങയും ഇഞ്ചിയും മിക്കവരും ചെറുപ്പം മുതലേ ഉപയോഗിക്കുന്ന ഒരു കോമ്പിനേഷനാണ്. ഇഞ്ചിയും നാരങ്ങയും ചേർത്ത ജ്യൂസിൻെറ ഗുണങ്ങൾ പറഞ്ഞാൽ തീരുന്നതല്ല. ഈ ജ്യൂസിൽ പൊട്ടാസ്യം, നിയാസിൻ എന്നിവ വളരെ കൂടുതലാണ്. ശരീരത്തിൽ ആവശ്യമായ ധാതുക്കളും ലവണങ്ങളും നിലനിർത്താൻ ഇവ സഹായിക്കും. ഇത് കൂടാതെ ചർമ്മത്തിന് കൂടുതൽ തിളക്കം നൽകാനും ഇത് ഉത്തമമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.