ചർമ സൗന്ദര്യം വർധിപ്പിക്കാൻ വിവിധ മാർഗങ്ങൾ തേടുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ പാരബെൻ, സൾഫേറ്റ് അല്ലെങ്കിൽ ആൽക്കഹോൾ പോലുള്ള രാസവസ്തുക്കൾ (Chemicals) ഉൾപ്പെടുന്ന ഉൽപ്പന്നങ്ങൾ (Skin Care Products) ഒഴിവാക്കാൻ പലർക്കും കഴിയാറില്ല. സൗന്ദര്യ വർധക വസ്തുക്കളിലും ചമയക്കൂട്ടുകളിലും ഇത്തരം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഒരു രാസവസ്തുവും അടങ്ങിയിട്ടില്ലാത്ത ഉത്പന്നങ്ങൾ ലഭിക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രയാസമേറിയ കാര്യം തന്നെയാണ്.
ഇതിനെന്താണ് പ്രതിവിധി എന്നല്ലേ. ആയുർവേദം (Ayurveda) ഉത്ഭവിച്ച ഭൂമിയാണ് ഇന്ത്യ. സൗന്ദര്യ സംരക്ഷണത്തിനടക്കം പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിക്കാൻ ഏതൊരു ഭാരതീയനും കഴിയും. കലയുടെയും ശാസ്ത്രത്തിന്റെയും സമ്പൂർണ്ണ സംയോജനമാണ് ഇത്.
യഥാർത്ഥത്തിൽ ആയുർവേദ ചർമ്മസംരക്ഷണം മറ്റുള്ള സൗന്ദര്യ ചികിത്സയിൽ നിന്നും വ്യത്യസ്തമാണ്, കാരണം ഇത് ആന്തരിക ആരോഗ്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുടർന്നാണ് ഇത് ചർമ്മത്തിൽ പ്രതിഫലനം സൃഷ്ടിക്കുന്നത്. ചർമ്മത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കിയ ശേഷമാണ് ആയുർവേദ ചർമ്മസംരക്ഷണം ആരംഭിക്കുന്നത്. ഇങ്ങനെ കണ്ടെത്തുന്ന പ്രശ്ങ്ങളെ ദോഷം എന്ന് വിളിക്കുന്നു. ചർമ്മപ്രശ്നങ്ങളിൽ പൊതുവായി മൂന്ന് തരത്തിലുള്ള ദോഷങ്ങൾ കണ്ടു വരുന്നു.
വാത ദോഷം: അതിലോലമായ നേർത്ത ചർമ്മമാണ് ഉള്ളതെങ്കിൽ അവ വരണ്ടു പോകുന്നു. ഇങ്ങനെ ചർമം വരളുന്നുണ്ടെങ്കിൽ നിങ്ങൾ വാത ദോഷം ഉള്ള വ്യക്തിയാണ്. ഇത്തരത്തിലുള്ള ചർമത്തിൽ നേർത്ത വരകൾ, ചുളിവുകൾ, സുഷിരങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പിത്ത ദോഷം: എണ്ണമയമുള്ള ചർമമാണെങ്കിൽ നിങ്ങൾക്ക് ചൂട് സഹിക്കാൻ കഴിയില്ല. ചർമ്മം പൊട്ടാൻ സാധ്യതയുള്ള, സെൻസിറ്റീവും എണ്ണമയമുള്ളതുമായ ചർമ്മം ഉണ്ടെങ്കിൽ നിങ്ങൾ പിത്ത ദോഷമുള്ള വ്യക്തിയാണ്.
കഫ ദോഷം: എണ്ണമയമുള്ള ചർമ്മത്തിനോടൊപ്പം കറുത്ത പാടുകൾ, ചർമത്തിൽ സുഷിരങ്ങൾ എന്നിവ ഉണ്ടെങ്കിൽ നിങ്ങൾ കഫ ദോഷം ഉള്ള വ്യക്തിയാണ്. ഇങ്ങനെയുള്ളവർക്ക് മുഖക്കുരു ഉണ്ടാകാനും അതിന്റെ പാടുകൾ പോലും കറുത്ത നിറത്തിൽ ഉണ്ടാകാനും സാധ്യതയുണ്ട്.
ഇങ്ങനെ ദോഷങ്ങൾ അല്ലെങ്കിൽ ചർമ്മത്തിന്റെ പ്രശ്നങ്ങൾ കണ്ടുപിടിച്ചു കഴിഞ്ഞാൽ എന്താണ് ഇവയ്ക്കൊരു പ്രതിവിധി അല്ലെങ്കിൽ ഈ പ്രശ്നങ്ങൾ എങ്ങനെ മറികടക്കാം എന്ന് ആലോചിച്ചിട്ടുണ്ടോ? ആയുർവേദ പ്രകാരം തിളക്കമുള്ള ചർമ്മം നേടാനുള്ള വഴികൾ അറിയാം.
ചർമ്മം ഏതു തരത്തിലുള്ളതാണ് എന്ന് തിരിച്ചറിയാംആയുർവേദ ചർമ്മസംരക്ഷണത്തിൽ ആദ്യം വേണ്ടത് ഏതു തരത്തിലുള്ള ചർമമാണെന്നു തിരിച്ചറിയുകയാണ്. ആദ്യത്തെ ഘട്ടം ഈ തിരിച്ചറിയലാണ്. എങ്കിലേ ശരിയായ പരിഹാര മാർഗം കണ്ടെത്താൻ കഴിയുകയുള്ളു.
യോഗ പരിശീലിക്കുകയോഗ പരിശീലിക്കുന്നത് വളരെ നല്ലതാണ്. പ്രാണായാമം പോലുള്ള ചില ആസനങ്ങൾ നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. അതിനാൽ യോഗ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇത് നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുകയും നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
എണ്ണകൾ ഉപയോഗിക്കുകശരീരത്തിൽ ആയുർവേദ എണ്ണകൾ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തിൽ രക്തചംക്രമണം വർധിപ്പിക്കുകയും ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു. എള്ളെണ്ണ, ജോജോബ ഓയിൽ, വെളിച്ചെണ്ണ, അവോക്കാഡോ ഓയിൽ, സൂര്യകാന്തി എണ്ണ തുടങ്ങിയ ചില ആയുർവേദ എണ്ണകൾ മികച്ച ഫലം നൽകുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.