ചൂടുകാലത്ത് എണ്ണമയമുള്ള ചർമ്മം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ആവശ്യത്തിന് വെള്ളം കുടിക്കാത്തത് കൊണ്ടും ശരിയായ രീതിയില്ലാത്ത ഭക്ഷണക്രമം കൊണ്ടുമെല്ലാം ഇത്തരത്തിൽ എണ്ണമയമുള്ള ചർമ്മമുണ്ടാവും. എന്നാൽ ഇതിനൊക്കെയപ്പുറത്ത് ശരീരത്തിലെ സെബാക്കസ് ഗ്രന്ഥികൾ സെബം (Sebum) ഉത്പാദിപ്പിക്കുന്നതിലുള്ള ഏറ്റക്കുറച്ചിൽ ചർമ്മത്തെ കാര്യമായി ബാധിക്കും. സ്വാഭാവികമായും നിങ്ങൾക്ക് ഇപ്പോൾ സെബം എന്താണെന്ന കാര്യത്തിൽ സംശയങ്ങളുണ്ടാവും. ഇത് ശരീരം ഉത്പാദിപ്പിക്കുന്ന എണ്ണമയമുള്ള, മെഴുക് പോലെയുള്ള പദാർത്ഥമാണ്. ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന മെഴുക്കിൽ ഇത് കൂടുതലായി ഉണ്ടാവും.
സെബത്തിന് ശരീരത്തിൽ മറ്റ് ചില ഉത്തരവാദിത്വങ്ങൾ കൂടി നിർവഹിക്കാനുണ്ട്. അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്നും ഓക്സിഡേറ്റീവ് കേടുപാടുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിച്ച് നിർത്തുന്ന ഒരു സംരക്ഷണ കവചമായും സെബം പ്രവർത്തിക്കുന്നുണ്ട്. ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് കൊഴുപ്പിൽ ലയിച്ചിട്ടുള്ള ആന്റിഓക്സിഡന്റുകൾ എത്തിക്കുന്നതിനും സെബത്തിന് പങ്കുണ്ട്. ചർമ്മത്തിലെ ജലാംശത്തിൻെറ തോത് നിലനിർത്തുന്നതിലും സെബത്തിന് പലതും ചെയ്യാനുണ്ട്.
സൗന്ദര്യവർധക വസ്തുക്കളുടെയും മറ്റും അമിതമായ ഉപയോഗം കാരണം സെബം ഉത്പാദനത്തിൻെറ നിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവാറുണ്ട്. വിഷലിപ്തമായ സൗന്ദര്യവർധക വസ്തുക്കൾ ചർമ്മത്തിൽ നിന്നും ശരീരത്തിൽ നിന്നും സെബം നീക്കം ചെയ്യുന്നു. ഇത് ചർമ്മത്തിലെ എണ്ണമയം കാര്യമായി കൂടുന്നതിന് കാരണമാവും. കൂടാതെ മുടികൊഴിച്ചിൽ വല്ലാതെ വർധിക്കുകയും ചെയ്യും. സെബം കൂടിയാലും കുറഞ്ഞാലും അത് ശരീരത്തിനെ വല്ലാതെ ബാധിക്കും. ശാസ്ത്രീയമല്ലാത്ത ഭക്ഷണക്രമം പിന്തുടരുന്നവരിലും ഇടയ്ക്കിടെ പട്ടിണി കിടക്കുന്നവരിലും പോഷകാഹാരക്കുറവ് ഉള്ളവരിലും സെബത്തിൻെറ അളവിൽ ഏറ്റക്കുറച്ചിൽ വന്ന് കൊണ്ടേയിരിക്കും.
സെബം ഉത്പാദനം കുറഞ്ഞാൽ സന്തുലനാവസ്ഥ നിലനിർത്താൻ എന്ത് ചെയ്യണം?
ചൂടുവെള്ളത്തിൽ കുളിക്കുന്നതിന് പകരം ഇളംചൂടുവെള്ളത്തിൽ കുളിക്കുക. ചൂടുവെള്ളം ചർമ്മത്തിലെ സ്വാഭാവിക എണ്ണകളെ ഇല്ലാതാക്കും.
ബോഡി ഓയിലോ അല്ലെങ്കിൽ നല്ല നിലവാരമുള്ള മോയ്സ്ചറൈസറോ ഉപയോഗിച്ച് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുക.
ശരീരത്തിലെ ജലാംശം നന്നായി നിലനിർത്തുക. നന്നായി വെള്ളം കുടിക്കുന്നത് തുടരുക.
ഒമേഗ 3 അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക.
സെബം ഉത്പാദനം കൂടിയാൽ സന്തുലനാവസ്ഥ നിലനിർത്താൻ എന്ത് ചെയ്യണം?
ഒരു ഐസ് പായ്ക്ക് ഉപയോഗിച്ച് മസാജ് ചെയ്യുക
മുഖത്തെ അഴുക്കും അധിക സെബവും കളയുന്നതിനായി ഓയിൽ ക്ലെൻസറുകൾ ഉപയോഗിക്കുക
ചർമ്മത്തിലെ അധിക എണ്ണ, അഴുക്ക്, മൃതകോശങ്ങൾ എന്നിവ നീക്കം ചെയ്യാൻ ക്ലേ പാക്ക് ചെയ്യുന്നത് നല്ലതാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിൽ വരുത്തുന്നതോ പൂരിത കൊഴുപ്പ് കൂടുതലുള്ളതോ ആയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.
ചർമ്മത്തിലെ ഒരു സുപ്രധാന ഘടകമാണ് സെബം. ഇത് കൂടിയാലും കുറഞ്ഞാലും ഒരുപോലെ പ്രശ്നങ്ങളുണ്ടാവും. ശരീരത്തിലെ സെബം ഉത്പാദനം സന്തുലിതമാക്കേണ്ടത് അത്യാവശ്യമാണ്. ചർമ്മത്തിൽ പൊട്ടലോ വിണ്ടുകീറലോ ഉണ്ടാവുമ്പോഴും എണ്ണമയമുള്ള പാടുകൾ അല്ലെങ്കിൽ കഠിനമായ മുഖക്കുരു തുടങ്ങിയ ബുദ്ധിമുട്ടുകൾ കൂടി വരുമ്പോഴും ഒരു ചർമ്മരോഗ വിദഗ്ദനെ കാണുന്നത് വളരെ നല്ലതാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.