ദിവസവും 12 മുതല്‍14 മണിക്കൂര്‍ പഠിച്ചുവെന്ന് അവകാശപ്പെടുന്ന നിരവധി വിജയികളില്‍ നിന്ന് വ്യത്യസ്തനാണ് ഇത്തവണ നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മൃണാള്‍ കുറ്റേരി. തനിക്ക് ഒരു കൃത്യമായ ദിനചര്യ പാലിക്കാന്‍ കഴിയാറില്ലെന്നും പഠനത്തിനിടെ ഓരോ 45 മിനിറ്റിലും ഇടവേള എടുക്കാറുണ്ടെന്നും മൃണാള്‍ ന്യൂസ് 18യോട് പറഞ്ഞു. നീറ്റ് തയ്യാറെടുപ്പിനായി താന്‍ ചെലവഴിച്ച രണ്ടര വര്‍ഷത്തിനിടയില്‍ നെറ്റ്ഫ്ലിക്സിലും ആമസോണ്‍ പ്രൈമിലും സിറ്റ്കോമുകള്‍ കാണാറുണ്ടായിരുന്നുവെന്നും മൃണാള്‍ പറയുന്നു. ചില ടിവി ഷോകളാണ് തന്റെ ചില മോശം സമയങ്ങളില്‍ തനിയ്ക്ക് പ്രചോദനമായതെന്നും മൃണാള്‍ വ്യക്തമാക്കി.
''ദിവസത്തില്‍ 12 മണിക്കൂറെങ്കിലും പഠിക്കുമായിരുന്നു എന്ന് അവകാശപ്പെടുന്ന ചില വിദ്യാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ കാണുമ്പോള്‍ എനിയ്ക്ക് അത്ഭുതം തോന്നാറുണ്ട്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഞാന്‍ വീട്ടിലായിരുന്ന സമയത്ത് എന്റെ കൈവശം ഫോണും ടിവിയും ലാപ്ടോപ്പുമൊക്കെ ഉണ്ടായിരുന്നു. ഇതെല്ലാം ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വസ്തുക്കളാണ്. തുടക്കത്തില്‍ എനിക്ക് പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പരിശ്രമിക്കേണ്ടി വന്നു. ക്രമേണ പഠനരീതി മെച്ചപ്പെട്ടു. ഞാന്‍ ദിവസവും 4 മണിക്കൂറോളം പഠനത്തിനായി ചെലവഴിച്ചിരുന്നു' മൃണാള്‍ പറയുന്നു.
പഠന രീതിയില്‍ മാത്രമല്ല, നീറ്റ് പരീക്ഷ എഴുതിയപ്പോഴും മൃണാള്‍ അല്‍പ്പം വ്യത്യസ്തമായ വഴിയാണ് തിരഞ്ഞെടുത്ത്. മിക്ക വിജയികളായ വിദ്യാര്‍ത്ഥികളും ആദ്യം ബയോളജി വിഭാഗമായിരിക്കും പരീക്ഷ എഴുതുന്നതിനായി തിരഞ്ഞെടുക്കുക. എന്നാല്‍ മൃണാള്‍ അവസാനമാണ് ബയോളജിയിലേയ്ക്ക് കടന്നത്. തുടക്കം ഫിസിക്സ് വിഭാഗമാണ് തിരഞ്ഞെടുത്ത്. കൂടുതല്‍ സമയമെടുത്ത് ഈ ഭാഗം നന്നായി ചെയ്യാമെന്ന് കരുതി. ബയോളജി എളുപ്പമായതിനാല്‍ പരിമിതമായ സമയത്തിനുള്ളില്‍ തന്നെ മികച്ച പ്രകടനം കാഴ്ച്ച കഴിയുമെന്ന് എനിയ്ക്ക് വിശ്വാസമുണ്ടായിരുന്നു' മൃണാള്‍ പറയുന്നു.
''എല്ലാവര്ക്കും എല്ലാ രീതികളും യോജിച്ചെന്ന് വരില്ല. ഞാന്‍ പല വിജയികളായ വിദ്യാര്‍ത്ഥികളുടെയും ഇന്റര്‍വ്യൂകള്‍ വായിച്ചിരുന്നു. അവര്‍ എന്ത് ടൈംടേബിളാണ് പിന്തുടരുന്നതെന്ന് അറിയാന്‍ എനിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്റെ തയ്യാറെടുപ്പിനിടെ, ഞാനും ഇത്തരം ചില രീതികള്‍ പിന്തുടര്ന്നിരുന്നു. എന്നാല്‍ എനിയ്ക്ക് അത്തരത്തിലുള്ള ചിട്ടയായ രീതി നടപ്പാക്കാനാകില്ലെന്ന് മനസ്സിലായതോടെ അത് ഉപേക്ഷിച്ചു. ഒരിക്കലും എന്നെ നിര്‍ബന്ധിക്കാത്ത, എന്റേതായ പഠന ശൈലിയെ നിരുത്സാഹപ്പെടുത്താത്ത മാതാപിതാക്കളെയും അധ്യാപകരെയും ലഭിച്ചത് എന്റെ ഭാഗ്യമാണ്'' തന്നെപ്പോലെ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളോട് മൃണാള്‍ പറയുന്നു.
'ഒരു മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഏതൊരാളും ധൈര്യശാലികളും പരീക്ഷണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നവരുമായിരിക്കണം. അവര്‍ക്ക് ഏത് രീതിയാണ് അനുയോജ്യമെന്ന് അവര്‍ തന്നെ കണ്ടെത്തണം. ആര് എന്ത് പറഞ്ഞാലും അതില്‍ ഉറച്ചുനില്ക്കുക,' മൃണാള്‍ കൂട്ടിച്ചേര്‍ത്തു.
2020ല്‍ 11-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു മൃണാള്‍. അപ്പോഴാണ് കോവിഡിനെ തുടര്‍ന്ന് ക്ലാസുകളും മറ്റും ഓണ്‍ലൈനായത്. മഹാമാരി കുറച്ചു കാലത്തേക്ക് പഠനത്തിന്റെ താളം തെറ്റിച്ചെങ്കിലും പിന്നീട് കോവിഡ് തന്നെ മൃണാളിന് പ്രചോദനമായി മാറി. ''പ്രതിസന്ധി ഘട്ടത്തില്‍ ഡോക്ടര്‍മാരായിരുന്നു രാജ്യത്തിന് വേണ്ടി പോരാടി കൊണ്ടിരുന്നത്. അവര്‍ ഇങ്ങനെ ജോലി ചെയ്യുന്നത് കണ്ടപ്പോള്‍ അവരെപ്പോലെയാകാന്‍ എനിയ്ക്കും ആഗ്രഹം തോന്നി. ഒരു ദിവസം ഞാനും ഒരു ഡോക്ടറാകും. ഇവര്‍ ചെയ്യുന്നത് പോലെ ഞാനും ചെയ്യുമെന്ന് മനസ്സില്‍ പറഞ്ഞു. അതു തന്നെയായിരുന്നു ഏറ്റവും വലിയ പ്രചോദനം' മൃണാള്‍ പറയുന്നു.
ഇപ്പോഴിതാ, തന്റെ കുടുംബത്തിലെ ആദ്യത്തെ ഡോക്ടറാകാന്‍ ഒരുങ്ങുകയാണ് ഈ 18കാരന്. ഡല്‍ഹിയിലെ എയിംസില്‍ നിന്ന് എംബിബിഎസ് പഠിക്കാനാണ് മൃണാളിന്റെ ആഗ്രഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.