പൊണ്ണത്തടിയുള്ള വ്യക്തികളില്‍ കോവിഡ് ബാധ ഉണ്ടാക്കാനിടയുള്ള സങ്കീര്‍ണതകള്‍ ഭയന്ന് കൂടുതല്‍ ആളുകള്‍ ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നതായി ഡല്‍ഹി എയിംസ് അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗ സാധ്യതയുടെ പശ്ചാത്തലത്തിലാണിത്. കൊറോണ വൈറസ് ബാധ ഉണ്ടായാല്‍ അപകട സാധ്യത കൂടുതലാണെന്ന ഭയം മൂലമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിലായി എയിംസില്‍ ഈ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അമിതവണ്ണമുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായത്.
'കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഞാന്‍ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നു. സാധ്യമായ പല വഴികളും അതിനായി ആശ്രയിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. കോവിഡ് ബാധ ഉണ്ടാകുന്നത് വരെ ഭാരം കുറയ്ക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നില്ല. എന്നാല്‍, കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ എന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോളിന്റെ അളവ് എന്നിവയില്‍ വലിയ വര്‍ദ്ധനവുണ്ടായി. ഇതിന് പ്രധാന കാരണം പൊണ്ണത്തടി ആണെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. അതിനെത്തുടര്‍ന്നാണ് മറ്റ് സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഈ ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ ഞാന്‍ തീരുമാനിച്ചത്', നോയിഡ സ്വദേശിനിയായ ദീപിക ശര്‍മ പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് മുമ്പ് 90 കിലോഗ്രാമായിരുന്നു ദീപികയുടെ ഭാരം. 'പൊണ്ണത്തടിയുള്ള സ്ഥിതിയ്ക്ക് കോവിഡ് ബാധിതയായാല്‍ അത് എന്റെ ജീവന് തന്നെ ഭീഷണിയായേക്കാം. അതിനാലാണ് ഈ ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ ഉറച്ച തീരുമാനമെടുത്തത്', അവര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് ബാധ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ ശസ്ത്രക്രിയയെക്കുറിച്ച് ഒരുപക്ഷേ ആലോചിക്കുക പോലുമില്ലായിരുന്നു എന്നും ദീപിക പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അവരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. മാത്രവുമല്ല, അവരുടെ രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രണവിധേയമാവുകയും ചെയ്തു.
29 വയസുകാരിയായ ഡോ. മഹക്കിനും ദീപികയുടേതിന് സമാനമായ ആശങ്കകളായിരുന്നു. പൊണ്ണത്തടിയുള്ള മറ്റു പലരെയും പോലെ മഹക്കും ഈ ശസ്ത്രക്രിയയ്ക്ക് വിധേയയായി. 'കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ ഘട്ടത്തില്‍ എന്റെ അമിതവണ്ണത്തെക്കുറിച്ചോര്ത്ത് ഞാന്‍ ആശങ്കാകുലയായിരുന്നു. കോവിഡ് ബാധ മൂലമുള്ള സങ്കീര്‍ണതകളെക്കുറിച്ച് പല വാര്‍ത്തകളും കേള്‍ക്കുന്നുമുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ഈ ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ തീരുമാനിച്ചത്. ആ തീരുമാനമെടുത്തതില്‍ ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദ്ദവും തൈറോയ്ഡുമെല്ലാം നിയന്ത്രണവിധേയമായിക്കഴിഞ്ഞു', അവര്‍ പ്രതികരിച്ചു.
ബാരിയാട്രിക് എന്ന ഈ ശസ്ത്രക്രിയയ്ക്കായി സമീപിക്കുന്ന ആളുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി ഡല്‍ഹിയിലെ ഓള് ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു. 'കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഇത്തരത്തിലുള്ള 15 ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്. മുമ്പ് ഈ ശസ്ത്രക്രിയ ചെയ്യുന്നതിനെക്കുറിച്ച് ഒരുപാട് സമയമെടുത്താണ് രോഗികള്‍ തീരുമാനമെടുത്തിരുന്നത്. പലര്‍ക്കും അതിനുള്ള ധൈര്യം തന്നെ ഉണ്ടാകാറുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ രോഗികള്‍ കൃത്യമായ തയ്യാറെടുപ്പോടു കൂടിയാണ് എത്തുന്നത്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണം എന്നതാണ് അവരുടെ ആവശ്യം' ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയുടെ ചുമതലയുള്ള ഡോ. സന്ദീപ് അഗര്‍വാള്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.