• HOME
 • »
 • NEWS
 • »
 • life
 • »
 • Netflix effect | അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും യുവതികൾ സ്നേഹം തേടി കൊറിയയിലേക്ക്

Netflix effect | അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും യുവതികൾ സ്നേഹം തേടി കൊറിയയിലേക്ക്

കൊറിയയിലെ ഹോസ്റ്റലുകളിൽ താമസിക്കാൻ യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും യുവതികളുടെ കുത്തൊഴുക്കാണ്

നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ്

 • Last Updated :
 • Share this:
  ആഗോള സഞ്ചാര പട്ടികയിൽ ദക്ഷിണ കൊറിയ ഒരു വലിയ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. കൊറിയയിലെ ഹോസ്റ്റലുകളിൽ താമസിക്കാൻ യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും യുവതികളുടെ കുത്തൊഴുക്കാണ്. എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് അന്വേഷിച്ച് ഗവേഷകയായ മിൻ ജൂ ലീ നടത്തിയ പഠനത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ അതീവ രസകരമാണ്. സാധാരണ മറ്റ് ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് പോവാതെ 20കളിലുള്ള യുവതികൾ സ്ഥലങ്ങൾ കാണാനും ഷോപ്പിങ് നടത്താനുമൊക്കെ കൊറിയയിലേക്ക് എത്തുന്നുണ്ട്.

  ഈ യുവതികളിൽ കൂടുതൽ പേരും പകൽ സമയം ഹോസ്റ്റലുകളിൽ ഉറങ്ങിയും കൊറിയൻ ടിവി ഡ്രാമകൾ കണ്ടുമാണ് സമയം കളയുന്നത്. രാത്രിയിലാണ് ഇവർ കാര്യമായി പുറത്തിറങ്ങുന്നത്. കൊറിയൻ നഗരമായ സിയോളിലെ ഹോസ്റ്റലുകളിൽ കഴിയുന്ന പാശ്ചാത്യരായ 123 യുവതികളെ ഗവേഷണത്തിൻെറ ഭാഗമായി അഭിമുഖം നടത്തി. നെറ്റ്ഫ്ലിക്സിലെ കൊറിയൻ ടിവി സീരീസുകളാണ് യുവതികളെ ഇവിടേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതെന്നാണ് പഠനത്തിലൂടെ കണ്ടെത്താൻ സാധിച്ചത്.

  "ക്രാഷ് ലാൻഡിംഗ് ഓൺ യു", "ഗോബ്ലിൻ" തുടങ്ങിയ ഹിറ്റ് കൊറിയൻ ടെലിവിഷൻ ഷോകളിലെ നായകൻമാരായ ഹ്യൂൻ ബിൻ, ഗോങ് യൂ എന്നിവർ പാശ്ചാത്യ യുവതികളെ വല്ലാതെ ആകർഷിക്കുന്നുണ്ട്. തങ്ങളുടെ നാട്ടിലുള്ള കാണാൻ സൗന്ദര്യവും ഭംഗിയുള്ള ശരീരവും മാത്രമുള്ള പുരുഷൻമാരല്ല ഇവരെന്ന് ഈ യുവതികൾ കരുതുന്നു. ലൈംഗികത മാത്രം ലക്ഷ്യമിട്ടുള്ള ഡേറ്റിങ് സംസ്കാരത്തിൻെറ ഭാഗമായുള്ള പുരുഷൻമാരെയാണ് അവ‍ർ യൂറോപ്പിലും അമേരിക്കയിലും കണ്ടിട്ടുള്ളത്. എന്നാലിവിടെ പ്രണയവും ക്ഷമയും നി‍ർമല മനസ്സുമുള്ള കൊറിയൻ പുരുഷൻമാരെയാണ് യുവതികൾ തേടുന്നത്.

  കൊറിയൻ പുരുഷന്മാരുടെ ആകർഷണീയത

  ലീ അഭിമുഖം നടത്തിയ സ്ത്രീകളിൽ ഭൂരിപക്ഷവും കൊറിയൻ പുരുഷന്മാരിൽ ആകൃഷ്ടരാണ്. സ്ത്രീകളുമായി വളരെ റൊമാൻറിക്കായി ഇടപെടുന്നവരാണ് കൊറിയൻ പുരുഷൻമാ‍രെന്ന് അവ‍ർ ടിവി ഷോകളിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. തങ്ങളുടെ രാജ്യങ്ങളിലെ പുരുഷൻമാരിൽ നിന്ന് ഇവിടെയുള്ളവ‍ർ തീർത്തും വ്യത്യസ്തരാണ്. കൊറിയൻ പുരുഷൻമാ‍ർ സാംസ്കാരികമായി ഉയർന്ന ജീവിതനിലവാരം പുലർത്തുന്നവരാണെന്നും സ്ത്രീകൾ കരുതുന്നതായി ലീ കണ്ടെത്തി.

  നെറ്റ്ഫ്ലിക്സിൽ "ക്രാഷ് ലാൻഡിംഗ് ഓൺ യു" എന്ന കൊറിയൻ ടിവി ഡ്രാമ കണ്ടതിന് ശേഷമാണ് ഗ്രേസ് തോൺടൺ എന്ന 25കാരിയായ യുകെ യുവതി സിയോളിലെത്തുന്നത്. തൻെറ നാട്ടിലുള്ള പുരുഷൻമാ‍ർ പൊതുഇടങ്ങളിൽ വെച്ച് സ്ത്രീകളെ കളിയാക്കുകയും ചീത്ത വിളിക്കുകയുമൊക്കെ ചെയ്യുന്നവരാണ്. എന്നാൽ, കൊറിയയിലെ പുരുഷൻമാ‍ർ അങ്ങനെയല്ലെന്നാണ് ഗ്രേസിൻെറ അഭിപ്രായം.

  കൊറിയൻ പുരുഷന്മാർ മാന്യന്മാരും, മര്യാദയുള്ളവരും, ആകർഷണം തോന്നിക്കുന്നവരും, റൊമാന്റികും പഴയ കഥയിലുള്ള ധീരനായകൻമാരെപ്പോലുള്ളവരും ആണെന്ന് യുവതികൾ ലീയോട് പറഞ്ഞു. മാന്യമായി വസ്ത്രം ധരിക്കുന്നവരും നല്ല വൃത്തിയുമുള്ളവരാണ്. അതിനാൽ കൊറിയൻ പുരുഷൻമാരോട് പാശ്ചാത്യ യുവതികൾക്ക് ബഹുമാനം വ‍ർധിക്കുകയാണ്.

  "മദ്യപിച്ച്, ഒരു കയ്യിൽ ബിയ‍ർ കുപ്പിയും മറുകയ്യിൽ കൊറിക്കാനുള്ളതോ ആയി അലസമായി നടക്കുന്നവരാണ് യൂറോപ്പിലെ പുരുഷൻമാ‍ർ. ഡേറ്റിങ് ആപ്പുകളിലുള്ള ചിത്രങ്ങളെല്ലാം ഇങ്ങനെയായിരിക്കും. അവരോട് ആക‍ർഷണീയത തോന്നാറില്ല," ഗ്രേസ് പറഞ്ഞു. കൊറിയയിൽ കിട്ടുന്ന സ്വീകാര്യതയും മറ്റൊരു ഘടകമാണ്. സ്വന്തം നാട്ടിൽ ജീവിക്കുമ്പോൾ ഉള്ളതിനേക്കാൾ പരിഗണനയും സ്നേഹവും ഇവിടെ കിട്ടുന്നതായും യുവതികളിൽ പലർക്കും അഭിപ്രായമുണ്ട്. “ഇംഗ്ലണ്ടിൽ ഞാൻ അവിടുത്തെ എല്ലാ സ്ത്രീകളെയും പോലെ തന്നെയാണ്. എന്നാൽ കൊറിയയിൽ വളരെ സ്പെഷ്യലായാണ് ഒരു വിദേശിയെന്ന നിലയിൽ പരിഗണിക്കപ്പെടുന്നത്. അത് ഏറെ അഭിമാനം തോന്നുന്ന കാര്യമാണ്,” ഗ്രേസ് കൂട്ടിച്ചേർത്തു.

  കൊറിയയിലേക്ക് വിദേശസ്ത്രീകൾ കൂടുതലെത്തുന്നു

  2019ൽ 10 മില്യൺ വിദേശ സ്ത്രീകളാണ് ദക്ഷിണ കൊറിയ സന്ദർശിച്ചത്. 15 വർഷം മുമ്പുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് നാലിരട്ടി കൂടുതലാണ്. 6.7 മില്യൺ വിദേശ പുരുഷൻമാരാണ് ഇതേ കാലയളവിൽ കൊറിയയിൽ എത്തിയിട്ടുള്ളത്.

  സോഷ്യൽ മീഡിയയിലെ പുത്തൻ ട്രെൻഡ്

  കൊറിയൻ പുരുഷൻമാരും വിദേശ യുവതികളും ചേർന്നുള്ള പ്രണയബന്ധത്തിൻെറ മനോഹാരിത വ്യക്തമാക്കുന്ന യൂ ട്യൂബ് ചാനലുകൾ സോഷ്യൽ മീഡിയയിൽ പുതിയ ട്രെൻഡാണ്. ഏകദേശം 2500 യൂ ട്യൂബ് ചാനലുകളും 340000ത്തിലധികം വീഡിയോകളും ഇപ്പോൾ തന്നെ ലഭ്യമാണ്. കൊറിയൻ പുരുഷനും യൂറോപ്പിലോ അമേരിക്കയിലോ ഉള്ള യുവതികളും തമ്മിലുള്ള സ്നേഹബന്ധം കാണാനാണ് ആളുകൾക്ക് കൂടുതൽ താൽപര്യം.

  പരസ്പരം പ്രാങ്ക് ചെയ്യുന്നതും, സാംസ്കാരികമായ വ്യത്യാസങ്ങളും ദിവസേന ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളുമൊക്കെ ഇവർ വീഡിയോ ആക്കി യൂ ട്യൂബിൽ അപ്ലോഡ് ചെയ്യാറുണ്ട്. മൈ കൊറിയൻ ഹസ്ബൻറ്, ഇൻറർനാഷണൽ കപ്പിൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി ബ്ലോഗുകളും വരുന്നുണ്ട്. 10 ലക്ഷം വരെ സബ്സ്ക്രൈബേഴ്സ് ഉള്ള യൂ ട്യൂബ് ചാനലുകളും ഉണ്ട്. ഒരു വീഡിയോക്ക് രണ്ട് ലക്ഷം രൂപ വരെ ഇവർക്ക് ലഭിക്കുന്നുമുണ്ട്.

  വ്യത്യസ്ത അനുഭവങ്ങൾ ഉള്ളവരുമുണ്ട്

  തങ്ങൾ ടിവി ഷോകളിൽ കണ്ട് ആകൃഷ്ടരായവരെപ്പോലെ ഉള്ളവരല്ല കൊറിയയിലെ പുരുഷൻമാരെന്ന് അഭിപ്രായമുള്ള വിദേശ സ്ത്രീകളുമുണ്ട്. കൊറിയയിൽ വെച്ചുണ്ടായ മോശം അനുഭവങ്ങൾ തന്നെയാണ് ഇങ്ങനെയൊരു അഭിപ്രായത്തിന് കാരണം. കൊറിയൻ ടിവി ഷോകളുടെ സ്വാധീനം കാരണമാണ് മൊറോക്കോയിൽ നിന്നുള്ള 20 വയസ്സുകാരിയായ വിദ്യാർത്ഥിനി മിന, ബുസാനിലെത്തുന്നത്.

  "ബഹുമാനമുള്ളവരും സുന്ദരന്മാരും ധനികരുമായ പുരുഷൻമാരെയാണ് കൊറിയൻ ടിവി ഷോകളിൽ ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ മോശം അനുഭവങ്ങളാണ് കൊറിയയിൽ നിന്ന് ഉണ്ടായിട്ടുള്ളത്,” മിന പറഞ്ഞു. രാത്രിയിൽ പുറത്ത് പോയപ്പോൾ ബാറിൽ നിന്ന് മിനയ്ക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നു. അപരിചിതരായ പുരുഷൻമാർ ലൈംഗിക താൽപര്യത്തോടെ സമീപിക്കുകയും ചെയ്തു. വിദേശ സ്ത്രീകൾ എളുപ്പത്തിൽ ലൈംഗികതയ്ക്ക് വഴങ്ങുന്നവരാണെന്നാണ് കൊറിയൻ പുരുഷൻമാരിൽ ചിലർ കരുതുന്നതെന്ന് തനിക്ക് അനുഭവപ്പെട്ടതായി മിന പറഞ്ഞു.

  വാഷിംഗ്ടണിൽ നിന്നുള്ള 27 കാരിയായ ഇംഗ്ലീഷ് അധ്യാപിക ക്വാൻഡ്ര മൂർ 2017ലാണ് സിയോളിലെത്തിയത്. ഡേറ്റിംഗ് ആപ്പുകൾ വഴിയും നിശാക്ലബ്ബുകളിലും അവർ പങ്കാളിയെ തെരഞ്ഞു. പക്ഷേ അവർക്കും നിരാശപ്പെടേണ്ടി വന്നു. വംശീയമായ അധിക്ഷേപമാണ് തനിക്ക് പലയിടത്ത് നിന്നും നേരിടേണ്ടി വന്നതെന്ന് ക്വാൻഡ്ര പറഞ്ഞു. തന്നോട് ആഫ്രിക്കയിലേക്ക് പോകാനാണ് ചിലർ പറഞ്ഞത്. ടിവി ഷോകളിൽ കാണുന്നതിൽ നിന്നും തീർത്തും വിരുദ്ധമായ അനുഭവമാണ് ഇവിടെ നിന്നും ഉണ്ടായതെന്നും അവർ അഭിപ്രായപ്പെട്ടു. ചില കൊറിയൻ പുരുഷൻമാർ വിദേശ സ്ത്രീകളെ ഉപദ്രവിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ഗവേഷക മിൻ ജൂ ലീയും സാക്ഷ്യപ്പെടുത്തുന്നു.
  Published by:user_57
  First published: