കൊറോണ മഹാമാരി പടർന്നു പിടിച്ചതിനുശേഷം മാസ്ക് എല്ലാവരുടെയും ജീവിതത്തിലെ നിത്യോപയോഗ വസ്തുവായി. മാസ്ക് ധരിക്കാതെ പുറത്തേക്ക് ഇറങ്ങാൻ ഭയക്കുന്ന അവസ്ഥയായതിനാൽ മാസ്കുകൾ നമ്മുടെ സന്തതസഹചാരികളായി. ഒഴിവാക്കാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞതോടെ പലരും മാസ്കുകളിൽ വിവിധ പരീക്ഷണണങ്ങളും ആരംഭിച്ചിരുന്നു.
വസ്ത്രങ്ങൾക്ക് ചേരുന്ന നിറത്തിലുള്ള മാസ്കുകൾ തുടങ്ങി സ്വർണ മാസ്ക്കുകൾ വരെ വിപണിയിലെത്തി. മുഖം കാണാൻ സാധിക്കുന്ന സുതാര്യ മാസ്കുകളും പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇതിൽ നിന്നുമെല്ലാം വ്യത്യസ്തമായി ഇപ്പോൾ ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഒരു മാസ്ക് നിർമാണ കമ്പനി വളരെ പ്രത്യേകതകൾ ഉള്ള ഒരു മാസ്ക് ആണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 'കോസ്ക്' എന്നാണ് ഈ മാസ്ക്കിന് പേരിട്ടിരിക്കുന്നത്. ആകൃതിയിലും ഉപയോഗത്തിലും വേറിട്ടു നിൽക്കുന്ന ഈ മാസ്ക് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരമാണ്.
എന്താണ് ഈ പുതിയ മാസ്കിന്റെ സവിശേഷത എന്നല്ലേ. സാധാരണ മാസ്കുകൾ ധരിക്കുമ്പോൾ ഭക്ഷണം കഴിക്കുമ്പോഴോ വെള്ളം കുടിക്കുമ്പോഴോ അഴിച്ചു വെക്കേണ്ടതായി വന്നിരുന്നു. എന്നാൽ ഭക്ഷണം കഴിക്കുമ്പോഴോ കുടിക്കുമ്പോഴോ ധരിക്കാൻ കഴിയുന്ന ഒന്നാണ് ഈ ദക്ഷിണ കൊറിയൻ മാസ്ക്. കോസ്ക് എന്ന പേരുള്ള ഈ മാസ്ക് മൂക്ക് മാത്രം മറയ്ക്കുകയും ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയുന്ന വിധം വായ മറക്കാതെ വെക്കുകയും ചെയ്യും. അറ്റ്മാൻ എന്ന ദക്ഷിണ കൊറിയൻ കമ്പനിയാണ് ഈ മാസ്ക് വികസിപ്പിച്ചത്.
ആദ്യ കാഴ്ച്ചയിൽ ഇത് വായയും മൂക്കും മൂടുന്ന ഒരു സാധാരണ മാസ്ക് ആയി അനുഭവപ്പെടുമെങ്കിലും ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഉദാഹരണത്തിന് ഭക്ഷണം എളുപ്പത്തിൽ കുടിക്കാനോ കഴിക്കാനോ കഴിയുന്ന രീതിയിലേക്ക് അതായത് മൂക്ക് മാത്രം മൂടുന്ന തരത്തിൽ ഈ മാസ്ക് മടക്കാൻ സാധിക്കും. ‘കോസ്ക്’ എന്ന കൊറിയൻ പദത്തിന്റെ അർഥം മൂക്ക്, മുഖം മൂടി എന്ന രണ്ടു അർത്ഥത്തിൽ നിന്നും ഉണ്ടായതാണ് എന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് പറയുന്നു.
വിവിധ ൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഈ മാസ്ക് ലഭ്യമാണ്. കോസ്ക് മാസുകൾ KF80 മാസ്ക് ആയി ടാഗ് ചെയ്തിരിക്കുന്നു. KF എന്നാൽ 'കൊറിയൻ ഫിൽട്ടർ' എന്നതിന്റെ ചുരുക്ക രൂപമാണ്. ഇതിനൊപ്പം വരുന്ന നമ്പർ 0.3 മൈക്രോൺ വരെ ചെറിയ കണങ്ങളെ ഫിൽട്ടർ ചെയ്യാനുള്ള മാസ്കിന്റെ കാര്യക്ഷമതയെ സൂചിപ്പിക്കുന്നു. ഇതനുസരിച്ച് ഒരു KF80 മാസ്കിന് 0.3 മൈക്രോൺ വരെ ചെറിയ കണങ്ങളെ 80 ശതമാനം കാര്യക്ഷമതയോടെ ഫിൽട്ടർ ചെയ്യാൻ കഴിയും എന്നാണ് അർത്ഥമാക്കുന്നത്.
കോസ്കിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് മാസ്ക് കണ്ട നെറ്റിസൺസ് രേഖപ്പെടുത്തുന്നത്. വ്യത്യസ്തത പുലർത്തുന്ന കോസ്കിന്റെ നിർമ്മാണം ചിലർ അതിശയത്തോടെ നോക്കുമ്പോൾ മറ്റു ചിലർ ഈ മാസ്കിന്റെ കാര്യക്ഷമതയെ കുറിച്ച് വിശകലനം ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.
വേനൽ കാലത്ത് ഉപയോഗിക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച മാസ്ക് ആയിരിക്കും എന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ എത്രത്തോളം ഈ മാസ്ക് വൈറസുകളിൽ നിന്നും സംരക്ഷണം നൽകും എന്ന് മറ്റു ചിലർ സംശയം പ്രകടിപ്പിക്കുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.