• HOME
  • »
  • NEWS
  • »
  • life
  • »
  • Quiet quitting | എന്താണീ ക്വയറ്റ് ക്വിറ്റിങ്ങ്? കരിയറിനെ ബാധിക്കുമോ? കൂടുതലറിയാം

Quiet quitting | എന്താണീ ക്വയറ്റ് ക്വിറ്റിങ്ങ്? കരിയറിനെ ബാധിക്കുമോ? കൂടുതലറിയാം

ക്വയറ്റ് ക്വിറ്റിങ്ങ് (Quiet quitting) എന്നൊരു വാക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. എന്താണീ ക്വയറ്റ് ക്വിറ്റിങ്ങ്? എങ്ങനെയാണ് തൊഴിലിടങ്ങളിൽ ഇത്തരമൊരു ട്രെൻഡ് രൂപപ്പെട്ടത്? അതേക്കുറിച്ച് കൂടുതലറിയാം.

(Representational image: Verne Ho via Unsplash)

(Representational image: Verne Ho via Unsplash)

  • Last Updated :
  • Share this:
    കോവിഡ് മഹാമാരി ഏൽപിച്ച ആഘാതത്തിനു ശേഷം പല കമ്പനികളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുകയാണ്. വർക്ക് ഫ്രം ഹോമിനു ശേഷം ചിലരൊക്കെ ഓഫീസുകളിലേക്കു തിരിച്ചെത്താനും ആരംഭിച്ചു. ചിലരൊക്കെ മടിച്ചു മടിച്ചാണ് ഓഫീസുകളിലേക്ക് വരുന്നതെങ്കിലും മറ്റു ചിലർക്ക് ഓഫീസിലിരുന്നു ജോലി ചെയ്യുന്നതിനോടാണ് താത്പര്യം.

    ഇതിനിടെ, ക്വയറ്റ് ക്വിറ്റിങ്ങ് (Quiet quitting) എന്നൊരു വാക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. എന്താണീ ക്വയറ്റ് ക്വിറ്റിങ്ങ്? എങ്ങനെയാണ് തൊഴിലിടങ്ങളിൽ ഇത്തരമൊരു ട്രെൻഡ് രൂപപ്പെട്ടത്? അതേക്കുറിച്ച് കൂടുതലറിയാം.

    ക്വയറ്റ് ക്വിറ്റിങ്ങ് എന്ന വാക്കു തന്നെ പലരിലും തെറ്റിദ്ധാരണ പരത്തുന്ന ഒന്നാണ്. ജോലി ഉപേക്ഷിച്ചു പോകുന്ന ട്രെൻഡ് ആണോ ഇതെന്ന് ചിലർ ചിന്തിച്ചേക്കാം. എന്നാൽ, ഓഫീസിൽ ചെയ്യേണ്ട മിനിമം ഡ്യൂട്ടി മാത്രം ചെയ്യുകയും അധിക ജോലി ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നതിനെയാണ് ക്വയറ്റ് ക്വിറ്റിങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്.

    ക്വയറ്റ് ക്വിറ്റിങ്ങിന്റെ ആരംഭം

    കോവിഡ് മഹാമാരിക്കാലത്താണ് ഈ ട്രെൻഡിന്റെ തുടക്കമെന്ന് EY കമ്പനിയുടെ ഗ്ലോബൽ ഡെലിവറി സർവീസസ് വിഭാ​ഗത്തിന്റെ ആഗോള മേധാവിയായ ശ്രീസുഖി സുദർശൻ പറയുന്നു. ''ലോക്ക്ഡൗൺ സമയത്ത്, നമ്മളിൽ പലരും നമ്മുടെ ആരോഗ്യം, ക്ഷേമം, വൈകാരിക ആവശ്യങ്ങൾ എന്നിവയ്ക്കാണ് മുൻഗണന നൽകിയത്. ജോലിയും വ്യക്തി ജീവിതവും തമ്മിൽ സന്തുലിതാവസ്ഥ കൈവരിക്കാനും പലരും പരിശ്രമിച്ചു. ഇത് 'ക്വയറ്റ് ക്വിറ്റിംഗ്' എന്ന പ്രതിഭാസത്തിന് കാരണമായി'', ശ്രീസുഖി സുദർശൻ കൂട്ടിച്ചേർത്തു.

    കോവിഡ് മഹാമാരിക്കാലത്തുള്ള പിരിച്ചുവിടലുകളും ജീവനക്കാരെ വെട്ടിക്കുറച്ചതുമെല്ലാം ഈ പ്രവണതയ്ക്ക് കാരണമായതായും വിദ​ഗ്ധർ കരുതുന്നു. ''2020 ൽ, പല കമ്പനികളും നിരവധി ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ശേഷിച്ച ജീവനക്കാർക്കാകട്ടെ, മുൻപത്തേതിനേക്കാൾ ഇരട്ടി അധ്വാനിക്കേണ്ടിവന്നു. താമസിയാതെ, ലോക്ക്ഡൗൺ മാറി, എല്ലാം സാധാരണ നിലയിലായി. പക്ഷേ, കോവിഡ് സമയത്തുണ്ടായ ജോലിഭാരം മാത്രം കുറഞ്ഞില്ല. പല ജീവനക്കാരും അവരുടെ ശേഷിയേക്കാൾ കൂടുതൽ ഉത്പാദനക്ഷമത കാണിക്കുമെന്ന് തൊഴിലുടമകൾ പ്രതീക്ഷിച്ചു. ഇത് ജീവനക്കാരെ വലിയ സമ്മർദ്ദത്തിലേക്കും അസംതൃപ്തിയിലേക്കും നയിച്ചു. അത് ഇപ്പോൾ ക്വയറ്റ് ക്വിറ്റിങ്ങ് എന്ന ട്രെൻഡിലേക്കെത്തി'', ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഡോ. രചന ഖന്ന സിങ്ങ് പറഞ്ഞു.

    ജോലി രാജി വെച്ചാൽ ജീവനക്കാരുടെ കരിയറിനെ ബാധിക്കും. അതിനാൽ പലരും ക്വയറ്റ് ക്വിറ്റിങ്ങ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാൻ ആരംഭിച്ചതായും ഡോ. രചന ഖന്ന സിങ്ങ് പറയുന്നു. ഒരു തൊഴിലുടമ എല്ലായ്പ്പോഴും ജീവനക്കാരെ മനസിലാക്കി പ്രവർത്തിക്കണമെന്നും ഡോക്ടർ രചന പറയുന്നു. അഭിനന്ദനങ്ങളും ഫീഡ്‌ബാക്കുകളുമെല്ലാം കൂടുതൽ ഊർജസ്വലതയോടെ ജോലി ചെയ്യാൻ ജീവനക്കാരെ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

    എന്നാൽ ക്വയറ്റ് ക്വിറ്റിങ്ങ് ചില അനന്തര ഫലമുണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു. ''തൊഴിലാളികൾക്ക് ചില അവസരങ്ങൾ നഷ്‌ടപ്പെടാൻ ഇത് ഒരു കാരണമായി മാറിയേക്കാം. അധിക ജോലി ചെയ്യുന്നവർക്ക് പ്രമോഷനുകളും കൂടുതൽ അവസരങ്ങളും ലഭിക്കുകയും ചെയ്തേക്കാം," ഡോ. രചന ഖന്ന സിങ്ങ് കൂട്ടിച്ചേർത്തു.
    Published by:Rajesh V
    First published: