• HOME
  • »
  • NEWS
  • »
  • life
  • »
  • Breakfast | പ്രമേഹ രോഗികൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തെല്ലാം? 

Breakfast | പ്രമേഹ രോഗികൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തെല്ലാം? 

പ്രോട്ടീൻ, കൊഴുപ്പ്, നാരുകളാൽ സമ്പുഷ്ടമായ പഴങ്ങൾ, പച്ചക്കറികൾ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ എന്നിവയെല്ലാം പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തണം

  • Share this:
    കൃത്യസമയത്ത് ഭക്ഷണം (Food) കഴിക്കുന്നത് വഴി ഒരാൾക്ക് രക്തത്തിലെ പഞ്ചസാരയുടെ (Sugar) അളവ് നിയന്ത്രിക്കാൻ കഴിയും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്ന പ്രമേഹ രോഗികൾ (Diabetes Patients), ഒരു ദിവസത്തെ ആദ്യ ഭക്ഷണമായ പ്രഭാതഭക്ഷണത്തിന്റെ (Breakfast) കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. നാരുകൾ (Fibre), കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, നല്ല കൊഴുപ്പ്, പച്ചക്കറികൾ (Vegetables) എന്നിവ ചേർന്നതാണ് പ്രമേഹരോഗികൾക്ക് അനുയോജ്യമായ പ്രഭാതഭക്ഷണമെന്ന് പിസിഒഎസ് ആൻഡ് ഗട്ട് ഹെൽത്ത് ന്യൂട്രീഷനിസ്റ്റുമായ അവന്തി ദേശ്പാണ്ഡെ എച്ച്ടി ഡിജിറ്റലിനോട് പറഞ്ഞു.

    "ഓരോ നേരത്തെ ഭക്ഷണവും ശരീരത്തിന് ഊർജ്ജം നൽകുന്നതും രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് നിയന്ത്രിക്കുന്ന തരത്തിലുള്ളതുമാകണം" അവന്തി പറയുന്നു. അതിനാൽ പ്രമേഹരോഗികൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തെല്ലാമെന്ന് നോക്കാം.

    പ്രോട്ടീൻ, കൊഴുപ്പ്, നാരുകളാൽ സമ്പുഷ്ടമായ പഴങ്ങൾ, പച്ചക്കറികൾ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ എന്നിവയെല്ലാം പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് അവന്തി ദേശ്പാണ്ഡെയുടെ നിർദ്ദേശം.

    പ്രോട്ടീൻ അടങ്ങിയ ഭക്ഷണം

    പയർവർഗ്ഗങ്ങൾ, പരിപ്പ്, പാൽ ഉൽപന്നങ്ങൾ, സോയ, മുട്ട, ചിക്കൻ അല്ലെങ്കിൽ മീൻ എന്നിവയാണ് പ്രോട്ടീനിന്റെ പ്രധാന ഉറവിടങ്ങൾ. ഇവ പേശികളുടെ ആരോഗ്യത്തിന് മാത്രമല്ല, ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രമേഹരോഗികൾക്ക് ഒരു അനുഗ്രഹമാണെന്ന് അവന്തി കൂട്ടിച്ചേർത്തു. കാരണം ഇത് ദഹിക്കുന്നതിന് ഇൻസുലിൻ ആവശ്യമില്ല.

    നാരുകൾ അടങ്ങിയ ഭക്ഷണം

    പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഇൻസൊല്യുബിൾ ഫൈബറുകൾ പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ടെന്നും അവന്തി വിശദീകരിക്കുന്നു. ഇത്തരം നാരുകൾ അടങ്ങിയ ഭക്ഷണം കുടലിലെ ഭക്ഷണങ്ങളുടെ ട്രാൻസിറ്റ് സമയം വർദ്ധിപ്പിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതമായ രീതിയിൽ നിലനിർത്താൻ സഹായിക്കുന്നു. ഇൻസുലിൻ ഹോർമോൺ റിലീസ് സാവധാനത്തിലാക്കാനും ഇത് സഹായിക്കുന്നു. നാരുകൾ കുടലിന്റെ ആരോഗ്യത്തിനും ഭാരം നിയന്ത്രിക്കുന്നതിനും മികച്ചതാണ്. ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹ രോഗികളെ സംബന്ധിച്ച് വളരെ ഗുണകരമാണ്.

    കൊഴുപ്പ് അടങ്ങിയ ഭക്ഷണം

    പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ കൊഴുപ്പുകൾക്ക് വളരെ പ്രധാന പങ്കുണ്ട്. ബദാം, വാൽനട്ട് പോലുള്ള നട്ട്സ് അല്ലെങ്കിൽ ഫ്ളാക്സ് സീഡ്, മത്തങ്ങയുടെ കുരു, തണ്ണിമത്തന്റെ കുരു ഇവയെല്ലാം ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. വെളിച്ചെണ്ണയിൽ ഉയർന്ന അളവിൽ എംസിടി അടങ്ങിയിട്ടുണ്ടെന്നും, ഇത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നുവെന്നും അവന്തി വ്യക്തമാക്കി. "പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാൻ രാവിലെ വെറും വയറ്റിൽ 1 ടീസ്പൂൺ വെളിച്ചെണ്ണ കുടിയ്ക്കുന്നത് നല്ലതാണെന്നും" അവർ കൂട്ടിച്ചേർത്തു.

    ഒറ്റയടിക്ക് അമിതമായി ഭക്ഷണം കഴിക്കുന്നത് ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. ടൈപ്പ് 2 പ്രമേഹം സാധാരണയായി കണ്ടു വരുന്നത് അമിതഭാരം മൂലമാണ്.
    Published by:Anuraj GR
    First published: