നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • മഴക്കാലത്തെ ഭക്ഷണസാധനങ്ങൾ; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും എന്തൊക്കെ?

  മഴക്കാലത്തെ ഭക്ഷണസാധനങ്ങൾ; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും എന്തൊക്കെ?

  കുരുമുളക്, തുളസി, പുതിന, വേപ്പ് തുടങ്ങിയ ഔഷധസസ്യങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും കഴിക്കണം.

  News18 Malayalam

  News18 Malayalam

  • Share this:
   ഒരു വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീസണുകളില്‍ ഒന്നാണ് കാലവര്‍ഷം. തങ്ങളുടെ ഉള്ളിലെ ഭക്ഷണപ്രിയരെ കെട്ടഴിച്ചു വിടാന്‍ പലരും ആഗ്രഹിക്കുന്ന സമയം കൂടിയാണ് ഇത്. അത് അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കുന്നതിലേക്കും അവരെ നയിക്കുന്നു. പക്കാവട പോലെ എണ്ണയില്‍ വറുത്തു കോരി ഉണ്ടാക്കുന്ന സ്വാദിഷ്ടമായ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നവരുടെ എണ്ണവും ഈ സമയത്ത് കൂടാറുണ്ട്. മഴക്കാലം വളരെ ആസ്വാദ്യമായ കാലമാണെങ്കിലും ടൈഫോയ്ഡ്, ഭക്ഷ്യ വിഷബാധ, ഡയേറിയ തുടങ്ങിയ രോഗങ്ങള്‍ വ്യാപിക്കാന്‍ സാധ്യത കൂടിയ കാലഘട്ടം കൂടിയാണ് ഇതെന്ന് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഋതുമാറ്റത്തിന്റെ ഭാഗമായുണ്ടാകുന്ന പനിയും ഫ്‌ലൂവുമൊക്കെ ഒഴിച്ച് നിര്‍ത്തിയാല്‍ ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ ഈ സമയത്ത് ആളുകളെ വ്യാപകമായി ബാധിക്കാറുണ്ട്. അതിനാല്‍, മഴക്കാലത്ത് ഉടനീളം അതീവശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്.

   എന്തൊക്കെ കഴിക്കാം?
   കാലവര്‍ഷത്തില്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുതലായിരിക്കും. അതിനാല്‍, ആളുകള്‍ പതിവിലും കൂടുതല്‍ വിയര്‍ക്കാനുള്ള സാധ്യതയുണ്ട്. അതിന്റെ ഫലമെന്നോണം ശരീരത്തില്‍ അടങ്ങിയിട്ടുള്ള അവശ്യ ലവണങ്ങളുടെ അളവ് കുറയുന്നു. ഈ കാലത്ത് ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സൂപ്പ്, ഹെര്‍ബല്‍ ചായ മുതലായ ആരോഗ്യകരമായ പാനീയങ്ങള്‍ ധാരാളമായി കുടിക്കണം.

   പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നത് ശരീരത്തില്‍ ആവശ്യത്തിന് ജീവകങ്ങളും ധാതുക്കളും പ്രദാനം ചെയ്യും. ചുരയ്ക്ക, പീച്ചിങ്ങ, പാവയ്ക്ക, മത്തങ്ങ മുതലായ പച്ചക്കറികള്‍ ഈ കാലത്ത് ധാരാളമായി ലഭിക്കും. ഇവയെല്ലാം നാരുകളാലും ആന്റി-ഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ്. ആമാശയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നു. കുരുമുളക്, തുളസി, പുതിന, വേപ്പ് തുടങ്ങിയ ഔഷധസസ്യങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും കഴിക്കണം. ഇവയിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഫ്‌ലൂ പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

   എന്തൊക്കെ ഒഴിവാക്കണം?
   ഈര്‍പ്പവും ഊഷ്മാവും ഉയരുന്ന കാലാവസ്ഥയില്‍ ഇലവര്‍ഗങ്ങളില്‍പ്പെട്ട പച്ചക്കറികളില്‍ ഫംഗസ് വളരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, ഈ സമയത്ത് അത്തരം പച്ചക്കറികള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് അഭികാമ്യം. അവ ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍, നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. നന്നായി വേവിച്ചതിന് ശേഷം മാത്രമേ പച്ചക്കറികള്‍ കഴിക്കുന്നുള്ളൂ എന്ന് ഉറപ്പു വരുത്തുക.

   Also read: 'ജിംനോസ്റ്റാക്കിയം വാരിയരാനം'; പി കെ വാരിയരുടെ പേരിൽ ഒരു ഔഷധ സസ്യം

   മഴക്കാലം ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ പല രീതിയിലും സ്വാധീനിക്കാറുണ്ട്. ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യകരമായും സുഗമമായും നടക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ എണ്ണ അധികമായി ചേര്‍ത്തതോ വറുത്തതോ ആയ ഭക്ഷണ സാധനങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. പൊതുവെ ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഇവ. കാലവര്‍ഷത്തില്‍ നമ്മള്‍ നേരിടാറുള്ള പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നം ജലമലിനീകരണം ആണ്. അതിനാല്‍ എല്ലാത്തരം മത്സ്യങ്ങളും ഉള്‍പ്പെടെയുള്ള സമുദ്ര വിഭവങ്ങള്‍ പാടെ ഒഴിവാക്കുന്നതാണ് നല്ലത്. ഒരുപക്ഷെ സമുദ്രമത്സ്യങ്ങള്‍ അപകടകരമായ രോഗങ്ങളുടെ വാഹകര്‍ ആയേക്കാം.
   Published by:Sarath Mohanan
   First published:
   )}