• HOME
 • »
 • NEWS
 • »
 • life
 • »
 • Travel സി. നരേന്ദ്രൻ; മലയാളിയുടെ യാത്രയെ ഹിമാലയത്തോളം വളർത്തിയ തീർത്ഥാടകൻ

Travel സി. നരേന്ദ്രൻ; മലയാളിയുടെ യാത്രയെ ഹിമാലയത്തോളം വളർത്തിയ തീർത്ഥാടകൻ

വിവിധതുറകളിൽപെട്ടവർക്ക്  പ്രിയപ്പെട്ട ട്രാവൽസാക്കി വിവേകാനന്ദയെ മാറ്റിയ സാമർത്ഥ്യത്തിന്റെ പേരായിരുന്നു നരേന്ദ്രൻ‌.

Narendran_Vivekananda

Narendran_Vivekananda

 • Share this:
  മൂന്നു പതിറ്റാണ്ടിലധികമായി വിനോദ- തീർത്ഥാടന യാത്രാ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന വിവേകാനന്ദ ട്രാവൽസ്‌ (Vivekananda Travels) എം ഡി സി. നരേന്ദ്രന് (63) സ്മരണാഞ്ജലിയുമായി എത്തിയ പ്രമുഖരിൽ വിശ്വസഞ്ചാരി സന്തോഷ്‌ ജോർജ്‌ കുളങ്ങര (Santhosh George Kulangara) വരെ.

  "1997-ൽ ‘സഞ്ചാര’ത്തിൻ്റെ ആദ്യ യാത്ര നേപ്പാളിലേക്ക് നടത്തുന്നതിന് എനിക്ക്  സൗകര്യമൊരുക്കിത്തന്നത് ഈ വലിയ മനുഷ്യനാണ്. ആ യാത്രയിലുടനീളം നേരിട്ട പ്രതിസന്ധികളെ മറികടക്കാൻ എനിക്ക് താങ്ങായി നിന്നതും ഇദ്ദേഹം തന്നെ. സഞ്ചാരത്തിന് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത ഒരു വ്യക്തി വിട വാങ്ങിയിരിക്കുന്നു. പ്രണാമം," സന്തോഷ് ജോർജ് കുളങ്ങര  അനുസ്മരിച്ചതിങ്ങനെ.

  തീർഥാടനവും വിനോദസഞ്ചാരവും ഒരു നാണയത്തിന്റെ ഇരുവശങ്ങളായി കൊണ്ടു നടന്നിരുന്നയാളാണ് ഞായറാഴ്ച്ച പുലർച്ചെ അന്തരിച്ച നരേന്ദ്രൻ.നരേന്ദ്രനായി ജനിച്ച് ‘വിവേകാനന്ദ’യെന്ന വിലാസമായി മാറിയ യാത്രകളുടെ കൂട്ടുകാരന് കണ്ണീരോടെയാണ്  നാട്ടുകാരും കൂട്ടുകാരും വിട ചൊല്ലിയത്.

  വിവിധതുറകളിൽപെട്ടവർക്ക്  പ്രിയപ്പെട്ട ട്രാവൽസാക്കി വിവേകാനന്ദയെ മാറ്റിയ സാമർത്ഥ്യത്തിന്റെ പേരായിരുന്നു നരേന്ദ്രൻ‌.ശബരിമല, കൈലാസം. കാശി, രാമേശ്വരം തുടങ്ങി  ഇടങ്ങളിലേക്ക് മൂന്ന്‌ പതിറ്റാണ്ടിലേറെ സഞ്ചാരികളെയും തീർത്ഥാടകരെയും  നയിച്ച ചരിത്രം ബാക്കിവച്ചാണ്‌ നരേന്ദ്രന്റെ വിടവാങ്ങൽ. ഒരിക്കലെങ്കിലും ഹിമാലയം കാണണമെന്നോ കാശി സന്ദർശിക്കണമെന്നോ ആഗ്രഹിച്ചിട്ടും സാധിക്കാത്ത ലക്ഷക്കണക്കിന്  ആളുകൾക്കിടയിൽ നൂറുകണക്കിന് തവണ ഹിമാലയത്തിലും കാശിയിലും പോയി വരികയെന്ന അപൂർവതയാണ് നരേന്ദ്രനുള്ളത്.പത്താം ക്ലാസ് വരെ മാത്രം പഠിച്ച ഒരു യുവാവിന്റെ യാത്രാസ്‌നേഹത്തിന്റെ കഥ കൂടിയാണ് ആ ജീവിതം.

  കോഴിക്കോട് ബാലുശ്ശേരിയിലെ ഹോമിയോ ഡോക്ടറായിരുന്നു സി. നരേന്ദ്രന്റെ പിതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഡോ. കെ.വി.സി.നാരായണൻ നായർ. അദ്ദേഹം പല തവണ കാശി സന്ദർശിച്ചിരുന്നു. ഇതറിഞ്ഞ പലരും  കാശിക്കു പോയി വന്നിരുന്നത്  അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിച്ചാണ് .പിന്നീട് അദ്ദേഹവും  അവരുടെ കൂടെപ്പോവാൻ തുടങ്ങി. അങ്ങനെ നാരായണൻ നായർ 1971ൽ ബാലുശ്ശേരിയിൽനിന്ന് കാശിയിലേക്കുള്ള തീർഥയാത്രകൾക്കായി വിവേകാനന്ദ ട്രാവൽസ് തുടങ്ങി.

  നാരായണൻ നായർക്ക് പ്രായമായതോടെ യാത്രകൾ‍ ബുദ്ധിമുട്ടായതോടെ ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന നരേന്ദ്രനെ തിരികെ വിളിച്ച് ചുമതല ഏൽപ്പിച്ചു. ആദ്യമൊക്കെ വാടക വാഹനത്തിൽ തീർഥാടകരെ കൊണ്ടു പോയിരുന്ന വിവേകാനന്ദ 1990ൽ 30 പേർക്ക് ഇരിക്കാവുന്ന ബസ്  വാങ്ങി. നരേന്ദ്രൻ തന്നെ ബസ് ഓടിച്ചാണ് അക്കാലത്ത് ശബരിമലയ്‌ക്ക് പോയത്. ഇന്ന് മണ്ഡലകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിവേകാനന്ദയുടെ അനേകം ബസ്സുകളാണ് ശബരിമലയാത്ര നടത്തുന്നത്. അധികമാരും ശ്രദ്ധിക്കാതെ കിടന്ന ക്ഷേത്രങ്ങളെ ശബരിമല യാത്രാ പാക്കേജിൽ ഉൾപ്പെടുത്തി. ക്രമേണ അവയിൽ പലതും പ്രശസ്‌തമാക്കി. ഏത് ഇടത്തായാലും യാത്രക്കാരുടെ മനസ്സ്‌ മാത്രമല്ല അവർക്കിഷ്ടപ്പെട്ട  ഭക്ഷണവും നൽകി അവരുടെ വയറ്‌ നിറയ്ക്കാനും  സാധിച്ചു. ഇതിനായി വടക്കെ ഇന്ത്യൻ യാത്രയിലും കേരളത്തിലെ പാചകസംഘത്തെ ഒപ്പംകൂട്ടി. നേരിട്ട്‌ പോയി ക്ഷേമവും സുരക്ഷയും ഉറപ്പാക്കാതെ ഒരിടത്തേക്കും ഇദ്ദേഹം യാത്രികരെ കൊണ്ടുപോയിരുന്നില്ല.

  കേരളത്തിലെ ആദ്യ സമ്പൂർണ യാത്രാ മാഗസിൻ പിറവിയെടുത്തത്‌  വിവേകാനന്ദയിലൂടെയാണ്‌. പ്രമുഖ മാധ്യമസ്ഥാപനങ്ങൾ ചിന്തിക്കുന്നതിന്‌ വളരെ മുമ്പ്‌  സ്ഥലവിശേഷങ്ങളുമായി ബഹുവർണത്തിൽ   'തീർത്ഥസാരഥി’ എന്നപേരിൽ പുറത്തിറങ്ങിയ  മാസിക ആയിരക്കണക്കിന് ആളുകളെ  യാത്രയിലേക്ക്‌ ആകർഷിച്ചു.

  Also Read- 'പൊലീസ് ഉദ്യോഗസ്ഥനെ വർഗീയവാദിയാക്കാൻ ശ്രമിച്ചത് ഇവനാണ്'; മുകേഷ് എംഎൽഎയുടെ പോസ്റ്റ്

  ചെന്നെത്തിയ  ഭൂഭാഗങ്ങൾക്കൊപ്പം ആ യാത്രികരുടെ മനസ്സിലേക്ക്‌ സഞ്ചരിക്കാനും ഇടംനേടാനും ഈ  മനുഷ്യന്‌ സാധിച്ചു. ഹിമവൽശൃംഗത്തിലും  കൈലാസത്തിലുമെത്തുമ്പോൾ സഞ്ചാരിക്ക്‌ അതിലുമേറെ ഉന്നതമായ അവിസ്‌മരണീയാനുഭവം  സമ്മാനിക്കാൻ ഈ ബാലുശ്ശേരിക്കാരന്  കഴിഞ്ഞു.സൗഹൃദത്തിന്റെ നിറപുഞ്ചിരിയുമായി യാത്രകൾക്ക് മാന്ത്രിക സ്പർശം നൽകിയ മഹായാത്രികനാണ്‌  അവസാനയാത്രയായത്‌.

  ഒരു ഹിമാലയ യാത്രയിൽ പരിചയപ്പെട്ട ഉഷ (റിട്ട. ഡപ്യൂട്ടി ഡയറക്‌ടർ, ട്രഷറി)യാണ് പിൽക്കാലത്ത്  ജീവിതസഖിയായി മാറിയത്. മക്കൾ: ഡോ.ഗായത്രി, ഗംഗ.

  സംസ്‌കാരം ഞായറാഴ്‌ച വൈകിട്ട് നാലിന് മാവൂർ റോഡ് വൈദ്യുതി ശ്‌മശാനത്തിൽ നടത്തി.
  Published by:Chandrakanth viswanath
  First published: