ഖത്തർ ലോകകപ്പിലെ ഉദ്ഘാടന വേദി...... സ്റ്റേജിൽ നിൽക്കുന്നവരിലൊരാൾ പ്രശസ്ത ഹോളിവുഡ് താരം മോർഗൻ ഫ്രീമാൻ. അദ്ദേഹത്തിന്റെ തൊട്ടുത്തുള്ളത് ഖത്തർ ലോകകപ്പിന്റെ അംബാസഡർ ആയ, ഗാനിം അൽ മുഫ്‌ത എന്ന ചെറുപ്പക്കാരൻ. ശരീരത്തിന്റെ താഴത്തെ പകുതിയുടെ വികാസത്തെ ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ച, അതിലൊന്നും തളരാതെ അനേകർക്കു മാതൃകയാകുന്ന യുവാവ്. അവനൊപ്പം നിലത്തിരുന്ന് ആ ചെറുപ്പക്കാരനെ സസൂക്ഷ്മം വീക്ഷിച്ച് അയാൾ പറയുന്നതു ശ്രവിക്കുകയാണ് ഫ്രീമാൻ. ഖുർആനിലെ വാക്യങ്ങൾ പാരായണം ചെയ്തു കൊണ്ട് വൈവിധ്യത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളേണ്ടതിന്റെയുമൊക്കെ സന്ദേശമാണ് ആ ചെറുപ്പക്കാരൻ പങ്കുവെക്കുന്നത്. തൂവെള്ള വസ്ത്രമണിഞ്ഞ്, വാക്കുകൾ ഓരോന്നിലും തീക്ഷ്ണത പുലർത്തി അയാൾ സംസാരിക്കുകയാണ്....
''അല്ലയോ ജനങ്ങളേ, നിങ്ങളെ ഞാൻ ആണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചു. നിങ്ങളെ നാം വംശങ്ങളും ഗോത്രങ്ങളുമാക്കിത്തീർത്തു. അല്ലാഹുവിന്റെ മുമ്പിൽ നിങ്ങളിൽ ഏറ്റവും നല്ലവൻ ഏറ്റവും നീതിമാനാകുന്നു. അല്ലാഹു എല്ലാം അറിയുന്നവനാകുന്നു'', എന്ന് ഖുറാൻ വചനം (സൂറ- അൽ ഹുജുറാത്ത്: 13)) പാരായണം ചെയ്ത് മുഫ്താബ് പറഞ്ഞപ്പോൾ അവന്റെ കണ്ണുകളിലേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു ഫ്രീമാൻ.
"ഒരു വഴി മാത്രം അംഗീകരിച്ചാൽ എങ്ങനെ രാജ്യങ്ങളും ഭാഷകളും സംസ്കാരങ്ങളും ഒന്നിച്ചു ചേരും", തുടർന്ന് ഫ്രീമാന്റെ ചോദ്യം.
മുഫ്തയുടെ മറുപടി ഉടനെത്തി: "നമ്മൾ ഈ ഭൂമിയിൽ രാഷ്ട്രങ്ങളും ഗോത്രങ്ങളും ആയി വേർതിരിക്കപ്പെട്ടിരിക്കുകയാണ്. എല്ലാത്തിൽ നിന്നും നമുക്ക് പലതും പഠിക്കാനാകും. സഹിഷ്ണുതയോടും പരസ്പര ബഹുമാനത്തോടും കൂടി നമുക്ക് ഒരുമിച്ച് ജീവിക്കാം''.
"അതായത് നമ്മൾ ഒരു വലിയ ഗോത്രമായാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത് അല്ലേ?. നമ്മൾ എല്ലാവരും താമസിക്കുന്ന കൂടാരമാണ് ഈ ഭൂമി", ഫ്രീമാൻ തുടർന്നു ചോദിച്ചു.
"അതെ, നമുക്കൊരുമിച്ച് നിന്നുകൊണ്ട് ഈ ലോകം മുഴുവൻ ഒന്നായി ചേരാൻ ആഹ്വാനം ചെയ്യാം," ഉറച്ച സ്വരത്തിൽ മുഹ്ത പറഞ്ഞു.
ഫ്രീമാനൊപ്പമിരുന്ന ആ മനുഷ്യനെയും അയാൾ പറഞ്ഞ വാക്കുകളും ലോകം ഏറ്റെടുത്തു. സോഷ്യൽ മീഡിയ വാളുകളെല്ലാം അത് ആഘോഷമാക്കി. ലോകകപ്പ് വേദിയിലെ പുതുകാഴ്ചയായിരുന്നു അത്...
ഇൻസ്റ്റഗ്രാമിൽ 1 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മുഫ്തയുടെ ഏറ്റവും വലിയ ലക്ഷ്യം ഖത്തറിന്റെ ഭാവി പ്രധാനമന്ത്രിയാകുക എന്നതാണ്. അതിലേക്കുള്ള ചുവടുവെയ്പായി പൊളിറ്റിക്കൽ സയൻസ് പഠിക്കാനും ആഗ്രഹമുണ്ട്. തന്റെ കുടുംബത്തിന്റെ സഹായത്തോടെ ഗാനിം അസോസിയേഷൻ എന്ന സംഘടനും മുഫ്താഹ് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ആവശ്യമുള്ളവർക്ക് വീൽചെയറുകൾ സംഭാവന ചെയ്യുന്നുണ്ട്. 2014-ൽ കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ-അഹമ്മദ് അൽ-സബാഹ് അദ്ദേഹത്തെ 'സമാധാനത്തിന്റെ അംബാസഡർ' ആയി തിരഞ്ഞെടുത്തിരുന്നു.
അമേരിക്കൻ ചലച്ചിത്രനടനും സംവിധായകനുമാണ് മോർഗൻ ഫ്രീമാൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.