കൈമുട്ട് (Elbow) എവിടെയെങ്കിലും ഇടിക്കുമ്പോൾ ഷോക്ക് (Shock) അടിക്കുന്നത് പോലെ നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? ഭൂരിഭാഗം ആളുകളും ഇങ്ങനെ ഒരു അനുഭവത്തിലൂടെ കടന്നു പോയിട്ടുണ്ടാകും. ഇരിക്കുമ്പോഴോ കിടക്കുമ്പോഴോ കൈമുട്ട് എവിടെയെങ്കിലും ശക്തിയായി ഇടിക്കുമ്പോൾ ഇലക്ട്രിക് ഷോക്ക് ഏൽക്കുന്നത് പോലുള്ള അനുഭവമാണ് ഉണ്ടാകുക. കൈമുട്ട് മുതൽ നിങ്ങളുടെ മോതിരവിരൽ വരെ ഈ വേദന നിങ്ങൾക്ക് അനുഭവപ്പെടാം. എന്തുകൊണ്ടാണ് ശരീരത്തിൽ ഷോക്ക് അടിക്കുന്ന പ്രതീതി ഉണ്ടാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിനു വളരെ ശാസ്ത്രീയമായ വിശദീകരണം ഉണ്ട്. എന്താണെന്നല്ലേ?
കൈമുട്ടിലെ അസ്ഥികൾ സാധാരണയായി അറിയപ്പെടുന്നത് ഹ്യൂമർ ബോൺ അല്ലെങ്കിൽ ഫണ്ണി ബോൺ (Funny Bone) എന്നാണ്. കൈമുട്ട് മുതൽ തോളിലേക്ക് വരെ നീളുന്ന അസ്ഥിയാണിത്. ഈ അസ്ഥിയിൽ എന്തെങ്കിലും തട്ടിയാൽ ഉടനെ നിങ്ങൾക്ക് വൈദ്യുതാഘാതം പോലെയുള്ള സംവേദനം ലഭിക്കും. കൈമുട്ടിലൂടെ കടന്നുപോകുന്ന അൾനാർ നാഡിയാണ് ഇതിന് പ്രധാന കാരണം. അൾനാർ നാഡി നട്ടെല്ലിൽ നിന്ന് ഉത്ഭവിക്കുകയും തോളിലൂടെ നേരിട്ട് വിരലുകളിൽ എത്തുകയും ചെയ്യുന്ന നാഡിയാണ്.
Also Read-ഗ്യാസ് സ്റ്റൗവിന്റെ തകരാറുകൾ എങ്ങനെ കണ്ടെത്താം? വൃത്തിയാക്കേണ്ടത് എങ്ങനെ?
ഫണ്ണി ബോണിന് ചുറ്റുമുള്ള ഈ നാഡിയിൽ എന്തെങ്കിലും തട്ടിയാൽ ഉടൻ അത് എല്ലിന് ഏറ്റ പ്രഹരമായിട്ടാണ് ശരീരം തെറ്റിദ്ധരിക്കുക. എന്നാൽ വാസ്തവത്തിൽ അൾനാർ നാഡിക്കായിരിക്കും പ്രഹരമേൽക്കുന്നത്. എന്നാൽ ഏതെങ്കിലും പ്രതലത്തിൽ തട്ടുമ്പോൾ ഉടനെ എല്ലിന് പ്രഹരമേൽക്കുന്നു എന്ന കാര്യം ന്യൂറോണുകൾ നമ്മുടെ തലച്ചോറിലേക്ക് സിഗ്നലുകൾ കൈമാറുന്നു. ഇതിനെ തുടർന്നാണ് വൈദ്യുത തരംഗം കടന്നു പോകുന്ന പോലെയുള്ള അനുഭവം നമുക്ക് ഉണ്ടാകുന്നത്.
നമ്മുടെ ശരീരത്തിലെ എല്ലാ നാഡികളും പേശികളാൽ മൂടപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ കഴുത്തിൽ നിന്നും ആരംഭിച്ച് മോതിര വിരലിൽ അവസാനിക്കുന്ന മുന്തിരി വള്ളികൾ പോലെയുള്ള അൾനാർ നാഡിക്ക് കൈമുട്ടിൽ പേശികളാൽ മൂടപ്പെടാത്ത ഒരു ഭാഗം ഉണ്ട്. ഇവിടെ നേരിട്ട് എന്തെങ്കിലും തട്ടുമ്പോഴാണ് നമുക്ക് വൈദ്യത തരംഗം കടന്നു പോകുന്നത് പോലെ അനുഭവപ്പെടുന്നത്. ക്യൂബിറ്റൽ ടണൽ എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്. കൈയുടെ മുകൾഭാഗത്തിനും കൈത്തണ്ടയ്ക്കും ഇടയിൽ വരുന്ന വിടവാണ് ഇത്. ഈ വിടവിൽ അൾനാർ നാഡി പേശികളാൽ മൂടപ്പെട്ട അവസ്ഥയിലായിരിക്കില്ല. ആ ഭാഗങ്ങളിൽ ഏതെങ്കിലും തരത്തിൽ പ്രഹരമേൽക്കേണ്ടി വരുമ്പോൾ അത് നേരെ അൾനാർ നാഡിക്കാണ് ഏൽക്കുക. ഉടനെ അൾനാർ നാഡി വേദന അനുഭവപ്പെടുന്ന തരംഗങ്ങൾ പുറപ്പെടുവിക്കുന്നു. ഇത് വൈദ്യുത ആഘാതമായി അനുഭവപ്പെടുന്നു. പലർക്കും ഈ വൈദ്യത തരംഗം ഇക്കിളിപ്പെടുത്തുന്ന പോലെ അനുഭവപ്പെടാറുണ്ട്. നമ്മുടെ ശരീരത്തിലെ എല്ലുകളേയും ഞരമ്പുകളേയും സംരക്ഷിക്കുന്ന കൊഴുപ്പിന്റെ പാളിയാണ് ഇതിനു കാരണം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.