• HOME
  • »
  • NEWS
  • »
  • life
  • »
  • ഗൗരിയമ്മ എന്തുകൊണ്ട് കേരളം ഭരിച്ചില്ല? ഉത്തരം പറയേണ്ടത് ആര്?

ഗൗരിയമ്മ എന്തുകൊണ്ട് കേരളം ഭരിച്ചില്ല? ഉത്തരം പറയേണ്ടത് ആര്?

അസാധാരണമായ ജീവിതം നയിക്കുന്ന കേരളത്തിലെ ഏറ്റവും കരുത്തയായ വനിതയുടെ ഗൗരിയമ്മയുടെ 102 വർഷങ്ങളിലൂടെ ന്യൂസ് 18 കേരളം ചീഫ് കോപ്പി എഡിറ്റർ അനൂപ് പരമേശ്വരൻ

കെ ആർ ഗൗരിയമ്മ

കെ ആർ ഗൗരിയമ്മ

  • Last Updated :
  • Share this:
മലയാളിയുടെ ഏറ്റവും ഭാരിച്ച ഓർമ എന്തായിരിക്കും? കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ കഥ ഓർക്കുമ്പോൾ മാത്രമല്ല, വരാനുള്ള 100 വർഷത്തെക്കുറിച്ചു ചിന്തിക്കുമ്പോഴും ഏറ്റവും കനമുള്ള ഓർമ കെ.ആർ. ഗൗരിയമ്മയായിരിക്കും. അടക്കമില്ലാത്ത പെണ്ണിന്റെ പട്ടികയിൽപെടുത്തി നൽകാത്ത മുഖ്യമന്ത്രി സ്ഥാനമൊന്നുമല്ല വിഷയം. ഗൗരിയമ്മ ആദ്യമോർമിപ്പിക്കുന്നത് കൃത്യം ഒരു നൂറ്റാണ്ടു മുൻപ് 1920കളിൽ തുടങ്ങിയ സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രമാണ്. പിന്നെ ഓർക്കേണ്ടത് രണ്ടായിരത്തി ഇരുപതിലും സ്ത്രീകൾക്ക് രാത്രി പുറത്തിറങ്ങാൻ വനിതാമന്ത്രിയും പൊലീസും അകമ്പടി നിന്ന് പാതിരാ നടത്തങ്ങൾ വേണ്ടി വരുന്ന ഗതികേടും.

ഗൗരിയമ്മയും കുട്ടനാടും

കുട്ടനാട് പോലെയാണ് കെ.ആർ. ഗൗരിയമ്മ. പമ്പയും അച്ചൻകോവിലും മീനച്ചിലാറും മണിമലയാറും വഴി എത്ര മലവെള്ളമാണ് കുട്ടനാട്ടിലൂടെ കടന്നുപോയത്. പെയ്ത്തൊഴുക്കുകളിൽ കലികൊണ്ടു കവിയും. പക്ഷേ, വർഷത്തിൽ പതിനൊന്നര മാസവും വാരിക്കോരി നൽകുന്നത് വാൽസല്യം തുളുമ്പുന്ന ജീവിതമാണ്. ഇത്ര ജൈവികമായി ജീവിച്ച ഒരു സ്ത്രീ സമകാലിക കേരളത്തിൽ വേറെ ഇല്ല. എന്തു തോന്നുന്നുവോ, അതൊക്കെ ചെയ്യാനും പറയാനുമുള്ള കെൽപും തന്റേടവും കാണിച്ചയാൾ.

ഏറ്റവും കാൽപനികരായിരുന്ന മലയാളികളുടെ ഇടയിൽ ജനിച്ചു എന്നതുകൊണ്ടാണ് ചിട്ടകളൊന്നുമില്ലാത്ത ഗൗരിയമ്മ രൂപപ്പെട്ടുവന്നത്. ഗൗരി എന്ന പേരുപോലും വന്നത് അത്തരമൊരു സ്വപ്‌നത്തിൽ നിന്നാണ്. 1919ൽ സ്വർണമെഡലോടെ എം എ ജയിച്ച ഗൗരി ശങ്കുണ്ണി എന്ന പെൺകുട്ടിയുടെ പേരാണ് കെ.എ. രാമനും ഭാര്യ പാർവതിയും മകൾക്കു നൽകിയത്. ഈഴവ സമുദായത്തിൽ നിന്ന് ആദ്യമായി ഗൗരി എംഎ ജയിച്ച വർഷമാണ് കെ.ആർ ഗൗരി പിറന്നത്.

ഗൗരിയമ്മ പിറന്ന 1919ലാണ് രാജ്യത്ത് ആദ്യമായി സ്ത്രീക്ക് വോട്ടവകാശം അനുവദിച്ച് തിരുവിതാംകൂർ ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നെയും ഒരുവർഷം കഴിഞ്ഞ് 1920 ഓഗസ്റ്റ് 18ന് ആണ് അമേരിക്കയിൽ പോലും സ്ത്രീക്ക് വോട്ടവകാശം കിട്ടുന്നത്. ഇന്ത്യ നിയന്ത്രിച്ച ബ്രിട്ടൻ സ്ത്രീക്ക് തുല്യ വോട്ടവകാശം നൽകിയത് 1928ൽ മാത്രവും. 1921ൽ തന്നെ തിരുവിതാംകൂർ പ്രജാസഭയിൽ എത്തിയ മേരി പുന്നൻ ലൂക്കോസ്. തോട്ടക്കാട് മാധവിയമ്മയുടേയും ഗൗരി പവിത്രന്റേയും പാർവതി നെന്മേനിമംഗലത്തിന്റേയും ശബ്ദം പുരുഷപ്രജകൾക്കു മേൽ ഉച്ചത്തിൽ മുഴങ്ങിയ കാലം. ദാക്ഷായിണി വേലായുധനും ത്രേസ്യാമ്മ കോരയുമെല്ലാം മലയാളികളുടെ രാഷ്ട്രീയ ചിന്തകളെ അട്ടിമറിച്ച ദിനങ്ങൾ. അമേരിക്കയിലോ യൂറോപ്പിലോ പോലും ഒരു വനിതാ ജഡ്ജിയുണ്ടാകാതിരുന്ന കാലത്ത് കേരളാ ഹൈക്കോടതി ജഡ്ജിയായ അന്നാ ചാണ്ടിയുടെ സമയം കൂടിയായിരുന്നു അത്. ആ മണ്ണിലാണ് ഗൗരിയമ്മ വളർന്നു വന്നത്.

ജനങ്ങൾക്കിടയിൽ ഏഴു പതിറ്റാണ്ട്

ഗൗരിയമ്മ ആദ്യമായി ജനങ്ങളുടെ ജനപ്രതിനിധിയായിട്ട് ഇപ്പോൾ എഴുപതിറ്റാണ്ടാവുകയാണ്. 1951ൽ തിരുക്കൊച്ചി നിയമസഭയിലേക്കായിരുന്നു ആദ്യ ജയം. തോൽപ്പിച്ചത് കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ പി.കെ രാമനെ. രാമന് കിട്ടിയത് 7,261 വോട്ട്. ഗൗരിയമ്മയ്ക്ക് അതിന്റെ ഇരട്ടിയോളം. കേരള രാഷ്ട്രീയത്തിലെ ഉറച്ച സ്ത്രീ ശബ്ദത്തിന്റെ പ്രഖ്യാപനമായിരുന്നു അത്. ആ മുപ്പത്തിരണ്ടുകാരി തിരുക്കൊച്ചി സഭയിൽ നടത്തിയ അനേകം പ്രസംഗങ്ങൾ നിയമസഭയുടെ ആർക്കൈവ്‌സിലുണ്ട്.

'സർ, ചേർത്തല താലൂക്കിൽ പട്ടിണി എന്നത് ഒരു പുതുമയല്ല. കയറു വ്യവസായം അധഃപതിച്ച കാലത്തെല്ലാം ഇവിടെ പട്ടിണി സാധാരണമാണ്. തിരുവിതാംകൂറിൽ എന്നെല്ലാം പട്ടിണി ഉണ്ടായിട്ടുണ്ടോ, എന്നെല്ലാം ക്ഷാമം ഉണ്ടായിട്ടുണ്ടോ, അന്നെല്ലാം ദുരന്തമനുഭവിച്ചത് ചേർത്തലക്കാരാണ്. ഈ പട്ടിണിക്ക് ശാശ്വത പരിഹാരമുണ്ടാക്കും എന്ന് പറഞ്ഞവരാണ് കോൺഗ്രസുകാർ. കോൺഗ്രസ് അധികാരത്തിൽ വന്ന് വർഷം അഞ്ചുകഴിഞ്ഞിട്ടും എന്തെങ്കിലും മാറ്റമുണ്ടോ? ഇല്ല എന്നു മാത്രമല്ല നാട്ടിലെ പ്രധാന വ്യവസായം തകർന്നു. ആർക്കും പണിയില്ലാതായി. മേയാത്ത വീടുകളുടെ എണ്ണം കൂടി. പട്ടിണി മരണങ്ങൾ തന്നെ സംഭവിച്ചു. ഒരു പൈസയെങ്കിലും വരുമാനം കൂട്ടാൻ ഈ സർക്കാരിനു കഴിഞ്ഞിട്ടുണ്ടോ? തൊണ്ണൂറു ശതമാനം സ്ത്രീകളും കയറുപിരിക്കുന്ന നാടാണ്. തൊണ്ടിന്റെ വില കൂടിയതിനാലും കയറിന്റെ പിണി കൂട്ടിയിടേണ്ടി വന്നതിനാലും വൈകുന്നതുവരെ പണിയെടുത്താലും കിട്ടുന്നത് മൂന്നണയാണ്. ഇതുകൊണ്ട് എങ്ങനെ ജീവിക്കും?ഇന്നാട്ടിലെ സ്ത്രീകൾ എങ്ങനെ വീടുപുലർത്തും?'

രാഷ്ട്രീയത്തിലെ ഗൗരിയമ്മയ്ക്ക് ഒരിക്കലും നിലപാടിൽ സംശയങ്ങൾ ഉണ്ടായിരുന്നില്ല. തുടക്കംമുതൽ തെരഞ്ഞെടുത്ത ഓരോ വിഷയവും ഏറ്റവും ദുർബലരായവരെ മുന്നിൽക്കണ്ടായിരുന്നു. എല്ലാ നീക്കവും സ്ത്രീകൾക്കും പിന്നെ ആദിവാസി വിഭാഗങ്ങൾക്കും വേണ്ടിയായിരുന്നു. ഭൂപരിഷ്‌കരണം നടപ്പാക്കിയിട്ടും ആദിവാസികൾക്കു ഭൂമിയിൽ അവകാശം കിട്ടാത്തത് കണ്ടു ഗൗരിയമ്മ നടത്തിയത്ര ശ്രമങ്ങൾ മറ്റൊരു ജനപ്രതിനിധിയും നടത്തിയിട്ടില്ല. സിപിഎം പോലും വേണ്ടത്ര പിന്തുണയ്ക്കാത്ത വിഷയത്തിൽ എത്ര സ്വകാര്യ ബില്ലുകളാണ് ഗൗരിയമ്മ അവതരിപ്പിച്ചത്. വോട്ട് ലക്ഷ്യമിട്ടായിരുന്നെങ്കിൽ ഈ വിഷയം ഗൗരിയമ്മയുടെ മുൻഗണനയിൽ ഒരിക്കലും വരുമായിരുന്നില്ല. അരൂരിൽ വോട്ട് ചെയ്യാൻ ആദിവാസി വിഭാഗത്തിലെ ആരും ഉണ്ടായിരുന്നില്ല.

കേരളം ഭരിക്കാത്ത ഗൗരിയമ്മ

ടിവി തോമസുമായുള്ള വിവാഹവും മോചനവുമാണ് ഗൗരിയമ്മയെക്കുറിച്ച് ഇന്നും മലയാളിയുടെ പ്രിയ ചർച്ചാവിഷയം. അങ്ങനെ ചർച്ചകൾ മാറിത്തുടങ്ങിയ കാലത്താണ് കേരള രാഷ്ട്രീയത്തിൽ സ്ത്രീയുടെ പദവിയും ഇടിഞ്ഞു തുടങ്ങിയത്. പി.ടി ചാക്കോ എന്ന ആഭ്യന്തര മന്ത്രിയുടെ കാറിൽ ഒരു സ്ത്രീ കയറി എന്ന വാർത്തയിൽ വിജ്രംഭിച്ചു തുടങ്ങിയതാണ് മലയാളിയുടെ രാഷ്ട്രീയ സദാചാരം. തിരുവനന്തപുരത്തു നിന്ന് പീച്ചിയിലേക്കു പുറപ്പെട്ട പി. ടി ചാക്കോയുടെ കാറിൽ ആലുവയിൽ നിന്നാണ് ഒരു കോൺഗ്രസ് പ്രവർത്തക കയറിയത്. ഗസ്റ്റ് ഹൗസിൽ പാർട്ടി യോഗം കഴിഞ്ഞ് ഇറങ്ങിയ വനിതാ നേതാവിനെയും ചാക്കോ കാറിൽ കയറ്റിയ നിമിഷമാണ് മലയാളി ഒളിഞ്ഞുനോട്ടം തുടങ്ങിയത് എന്നും പറയാം.

കേരളത്തിൽ ആദ്യമായി ഒരു എംഎൽഎ സഭയ്ക്കു മുന്നിൽ നിരാഹാരം നടത്തുന്നത് പെണ്ണിനെ കാറിൽ കയറ്റിയ ചാക്കോയെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ്. മന്ത്രിസ്ഥാനം പോയി വക്കീൽ പണി സ്വീകരിച്ച ചാക്കോ അധികം വൈകാതെ ഹൃദയാഘാതം വന്നു മരിച്ചു. അന്നു ചാക്കോയുടെ കാറിൽ കയറിയ കോൺഗ്രസ് വനിതാ നേതാവ് പിന്നെ ഒരു പൊതുപ്രവർത്തനത്തിനും പോയില്ല. മദ്യപിച്ചെത്തിയ ടിവി തോമസിനെ പുറത്താക്കി വാതിലടച്ച ഗൗരിയമ്മ കുടുംബത്തിനു പറ്റാത്ത പെണ്ണായി. പെണ്ണിനെച്ചേർത്തുവച്ച് പിന്നെ എത്രയെത്ര നേതാക്കളെയാണ് കേരളം വേട്ടയാടിയത്; ഇപ്പോഴും വേട്ട നടത്തുന്നത്.

എന്തുകൊണ്ട് ഗൗരിയമ്മ മുഖ്യമന്ത്രിയായില്ല എന്ന ചോദിക്കുമ്പോഴൊക്കെ സിപിഎം നേതാക്കൾ നൽകുന്ന മറുപടിയുണ്ട്. ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടേ ഇല്ല എന്നാണ് ആവർത്തിച്ചു പറയാറുള്ള ആ ഉത്തരം. ഇ.എം.എസും വി.എസ്. അച്യുതാനന്ദനും ഇ.കെ നായനാരും ഒക്കെ എന്നുമെന്നും ആവർത്തിക്കുന്ന കാര്യം. അപ്പോൾ അതേ കാര്യം തിരിച്ചു ചോദിച്ചാലോ? എന്തുകൊണ്ട് കെ.ആർ ഗൗരിയമ്മയെ പാർട്ടി മുഖ്യമന്ത്രിയായി പരിഗണിച്ചില്ല?

 
Published by:Chandrakanth viswanath
First published: