• HOME
 • »
 • NEWS
 • »
 • life
 • »
 • Explained: ആരാണ് സർ ചേറ്റൂർ ശങ്കരൻ നായർ? ബോളിവുഡ് സിനിമയ്ക്ക് പ്രമേയമായി മാറിയ ജീവിതത്തെക്കുറിച്ച് അറിയാം

Explained: ആരാണ് സർ ചേറ്റൂർ ശങ്കരൻ നായർ? ബോളിവുഡ് സിനിമയ്ക്ക് പ്രമേയമായി മാറിയ ജീവിതത്തെക്കുറിച്ച് അറിയാം

Who is Sir Chettur Sankaran Nair whose life is being made into a movie | സാമൂഹിക പരിഷ്കരണങ്ങൾക്കായി പ്രവർത്തിച്ചിരുന്ന ചേറ്റൂർ ഇന്ത്യൻ സ്വാതന്ത്രത്തിനായി ശബ്ദമുയർത്തിയ അഭിഭാഷകനായിരുന്നു

സർ ചേറ്റൂർ ശങ്കരൻ നായർ

സർ ചേറ്റൂർ ശങ്കരൻ നായർ

 • Share this:
  മദ്രാസ് ഹൈക്കോടതിയിലെ പ്രശസ്‌ത അഭിഭാഷകനും ജഡ്ജിയും 1897ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ച സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവചരിത്രം സിനിമയാകുന്നു. ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവ് കരൺ ജോഹറാണ് അടുത്തിടെ ഇക്കാര്യം പ്രഖ്യാപിച്ചത്. സാമൂഹിക പരിഷ്കരണങ്ങൾക്കായി പ്രവർത്തിച്ചിരുന്ന ചേറ്റൂർ ഇന്ത്യൻ സ്വാതന്ത്രത്തിനായി ശബ്ദമുയർത്തിയ അഭിഭാഷകനായിരുന്നു.

  അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയമായ ഒരു നിയമപോരാട്ടം പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവർണർ മൈക്കിൾ ഡയറിനെതിരെയുള്ളതായിരുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ നടന്ന അതിക്രമങ്ങൾക്ക് ഉത്തരവാദി ഡയറാണെന്ന് നായർ തന്റെ പുസ്തകമായ ‘ഗാന്ധി ആൻഡ് അനാർക്കി’യിൽ ആരോപിച്ചിരുന്നു. നായർ നടത്തിയ ഈ ഇതിഹാസ കോടതിമുറി യുദ്ധം തന്റെ സിനിമയിൽ ചിത്രീകരിക്കുമെന്ന് കരൺ ജോഹർ പ്രഖ്യാപിച്ചു. നായരുടെ ചെറുമകനായ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേർന്ന് 2019 ൽ എഴുതിയ 'ദി കേസ് ദാറ്റ് ഷുക്ക് ദ എംപയർ' എന്ന പുസ്തകമാണ് സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്.

  വിമതനായ അഭിഭാഷകൻ

  1857ൽ പാലക്കാട് ജില്ലയിലെ മങ്കര എന്ന ഗ്രാമത്തിലാണ് ശങ്കരൻ നായർ ജനിച്ചത്. ഒരു പ്രഭു കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ മുത്തച്ഛനെ മലബാർ മേഖലയിൽ സമാധാനം നിലനിർത്തുന്നതിനായി ഈസ്റ്റ് ഇന്ത്യാ കമ്പനി നിയമിച്ചിരുന്നു. സിവിലിയൻ ഡിവിഷണൽ ഓഫീസറുടെ കീഴിൽ ചീഫ് ഓഫീസറായാണ് മുത്തച്ഛനെ നിയമിച്ചത്. മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കുന്നതിനിടയിലാണ് നായർ നിയമ പഠനത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടത്.

  നിയമത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം സർ ഹൊറേഷ്യോ ഷെപ്പേർഡ് ജൂനിയർ അഭിഭാഷകനായി ശങ്കരൻ നായരെ നിയമിച്ചു. ഷെപ്പേർഡ് പിന്നീട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി മാറിയിരുന്നു. അഭിഭാഷകനെന്ന നിലയിൽ ആദ്യകാലം മുതൽ തന്നെ നായർ ധിക്കാരപരമായ മനോഭാവത്തിന് പേരുകേട്ടയാളായിരുന്നു. ഒരു ഇംഗ്ലീഷ് ബാരിസ്റ്ററുടെ ജൂനിയറായി ഒരു ഇന്ത്യൻ വക്കീലും പ്രവർത്തിക്കരുതെന്ന് പ്രസ്താവിച്ചുകൊണ്ട് മദ്രാസിലെ ഇന്ത്യൻ അഭിഭാഷകർ പാസാക്കിയ പ്രമേയത്തിനെതിരെ ശങ്കരൻ നായർ എടുത്ത നിലപാട് വ്യത്യസ്തമായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് രഘുവും പുഷ്പയും അവരുടെ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. തനിയ്ക്ക് ഇഷ്ടപ്പെട്ട മുതിർന്ന വക്കീലിനെ തിരഞ്ഞെടുക്കാനുള്ള അവകാശം ഒരു അഭിഭാഷകനും നിഷേധിക്കപ്പെടരുത് എന്ന തത്വത്തിൽ വിശ്വസിച്ചാണ് നായർ ഈ പ്രമേയത്തെ ശക്തമായി എതിർത്തത്. എന്നാൽ ഈ വിഷയത്തിൽ പിന്നീട് മറ്റ് അഭിഭാഷകർ നായരെ ബഹിഷ്കരിച്ചിരുന്നു.

  സമാനമായ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ ഉടനീളമുണ്ടായിട്ടുണ്ട്. മദ്രാസിലെ ബ്രാഹ്മണർക്കും ശങ്കരൻ നായരോട് വിയോജിപ്പ് ഉണ്ടായിരുന്നു. മദ്രാസ് എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ, ബ്രാഹ്മണ വിരുദ്ധനായതിനാൽ തന്നെ നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് മദ്രാസിലെ ബ്രാഹ്മണ സമൂഹം വൈസ്രോയിക്ക് കത്തെഴുതിയിരുന്നു.

  നായരുടെ നിർഭയവും തുറന്നടിച്ച് കാര്യങ്ങൾ പറയുന്നതുമായ സ്വഭാവം അദ്ദേഹത്തെ സഹപ്രവർത്തകരിൽ നിന്നും സമപ്രായക്കാരിൽ നിന്നും അകറ്റി നിർത്തി. ഒരിക്കൽ അദ്ദേഹത്തെ സ്റ്റേറ്റ് സെക്രട്ടറി എഡ്വിൻ മൊണ്ടേഗ് വിശേഷിപ്പിച്ചത് ‘അസാധ്യനായ വ്യക്തി’ എന്നാണ്. “ഏറ്റവും ഉറക്കെ സംസാരിക്കുന്ന വ്യക്തിത്വം. മറ്റൊരാൾ വാദിക്കുന്നത് കേൾക്കാൻ പോലും തയ്യാറാകാത്ത തീർത്തും വിട്ടുവീഴ്ചയില്ലാത്തയാൾ,” എന്ന് അദ്ദേഹം ശങ്കരൻ നായരെ വിശേഷിപ്പിച്ചിരുന്നതായി രഘുവിന്റെയും പുഷ്പയുടെയും പുസ്തകത്തിൽ പറയുന്നുണ്ട്.

  നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നിട്ടും, മദ്രാസിൽ അഭിഭാഷകനായും സാമൂഹ്യ പരിഷ്കർത്താവായും നായരുടെ സാന്നിധ്യം ശക്തമായിരുന്നു. 1897ൽ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി അദ്ദേഹം മാറി. ഈ പദവി വഹിച്ച ഒരേയൊരു മലയാളിയായിരുന്നു ശങ്കരൻ നായർ. 1908 ആയപ്പോഴേക്കും മദ്രാസ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിതനായി. 1902-ൽ കർസൺ പ്രഭു അദ്ദേഹത്തെ റാലി യൂണിവേഴ്‌സിറ്റി കമ്മീഷനിലെ അംഗമായി നിയമിച്ചു. 1904-ൽ അദ്ദേഹത്തെ ഇന്ത്യൻ സാമ്രാജ്യത്തിന്റെ കമ്പാനിയൻ ആയി ചക്രവർത്തി നിയമിക്കുകയും ചെയ്തു. 1915ൽ അദ്ദേഹം വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ച വൈസ്രോയി കൗൺസിലിന്റെ ഭാഗമായി.  മദ്രാസ് ഹൈക്കോടതി ജഡ്ജിയെന്ന നിലയിൽ, ശങ്കരൻ നായരുടെ ഏറ്റവും അറിയപ്പെടുന്ന വിധിന്യായങ്ങൾ സാമൂഹിക പരിഷ്കാരങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വ്യക്തമായി സൂചിപ്പിക്കുന്നവയായിരുന്നു. ബുഡാസ്ന വി ഫാത്തിമയിൽ (1914), ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തവരെ പുറത്താക്കപ്പെട്ടവരായി കണക്കാക്കാനാവില്ലെന്ന് ചേറ്റൂർ വിധി പ്രസ്താവിച്ചു. മറ്റ് ചില കേസുകളിൽ, ഇന്റർ കാസ്റ്റ് വിവാഹങ്ങളെ അദ്ദേഹം ശരിവച്ചിരുന്നു.

  ഒരു സ്വാതന്ത്ര്യസമര സേനാനിയെന്ന നിലയിൽ, സ്വാതന്ത്രത്തിനായുള്ള ഇന്ത്യയുടെ അവകാശത്തിൽ അദ്ദേഹം ഉറച്ചു വിശ്വസിച്ചു. 1919ൽ, മൊണ്ടാഗു-ചെൽ‌സ്ഫോർഡ് പരിഷ്കാരങ്ങളിലെ വ്യവസ്ഥകൾ വിപുലീകരിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. ഇത് പ്രവിശ്യകളിൽ രാജഭരണ സമ്പ്രദായം അവതരിപ്പിക്കുകയും ഭരണത്തിൽ ഇന്ത്യക്കാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്തു.

  ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നപ്പോൾ ഇതിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വൈസ്രോയി കൗൺസിലിൽ നിന്ന് ചേറ്റൂർ രാജിവയ്ക്കുകയായിരുന്നു. നായരുടെ രാജി ബ്രിട്ടീഷ് സർക്കാരിനെ പിടിച്ചുകുലുക്കി. തൊട്ടുപിന്നാലെ പഞ്ചാബിലെ പ്രസ് സെൻസർഷിപ്പ് പിൻവലിക്കുകയും സൈനിക നിയമം അവസാനിപ്പിക്കുകയും ചെയ്തു. കൂടാതെ, പഞ്ചാബിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ വില്യം ഹണ്ടർ പ്രഭുവിന്റെ കീഴിൽ ഒരു സമിതിയും രൂപീകരിച്ചിരുന്നു.

  ഈ കാലയളവിലാണ് 1922ൽ പ്രസിദ്ധീകരിച്ച ‘ഗാന്ധി ആൻഡ് അനാർക്കി’എഴുതിയത്. ഗാന്ധിയുടെ ചില സമര രീതികളെ, പ്രത്യേകിച്ച് അഹിംസ, നിസ്സഹകരണം എന്നിവ നായർ നിശിതമായി ഈ പുസ്തകത്തിൽ വിമർശിച്ചിരുന്നു.

  ചരിത്രത്തിൽ ഇടംനേടിയ കോടതിമുറി യുദ്ധം

  ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെ സർ ചേറ്റൂർ ശങ്കരൻ നായർ ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിച്ചു. ലണ്ടനിലെ കിംഗ്സ് ബെഞ്ചിന് മുമ്പുള്ള വിചാരണ അഞ്ചര ആഴ്ച നീണ്ടു. അക്കാലത്ത് വാദത്തിനായി ഏറ്റവും കൂടുതൽ സമയമെടുത്ത കേസായിരുന്നു ഇത്. വിചാരണയുടെ തുടക്കം മുതൽ തന്നെ കോടതിമുറി തിങ്ങി നിറഞ്ഞിരുന്നു. ബിക്കാനീർ മഹാരാജാവ് ഉൾപ്പെടെ വിശിഷ്ട വ്യക്തികൾ കോടതി നടപടികൾക്ക് സാക്ഷ്യം വഹിക്കും. 12 അംഗ ജൂറിയിൽ അദ്ധ്യക്ഷത വഹിച്ചത് ജസ്റ്റിസ് ഹെൻറി മക്കാർഡി ആയിരുന്നു.

  വിചാരണ ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം, പ്രതിയുടെ സാക്ഷികളെ വിളിക്കാൻ അനുവദിക്കുന്നതിനുപകരം, മക്കാർഡി അദ്ദേഹത്തെ ചോദ്യം ചെയ്തു. ജാലിയൻവാലയിലെ ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തതിൽ ജനറൽ ഡയർ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് തെളിയിക്കാൻ നായർ ഉദ്ദേശിക്കുന്നുണ്ടോ എന്ന് മക്കാർഡി പരിഹാസ രൂപേണ ചോദിച്ചു. വിചാരണയിലുടനീളം മക്കാർഡിയുടെ ഭാഗത്തുനിന്നും സമാനമായ ഇടപെടലുകൾ ഉണ്ടായി. ഒന്നിനെതിരെ 11 ഭൂരിപക്ഷത്തോടെ കേസ് ഡയർ വിജയിച്ചു. ഹരോൾഡ് ലസ്കി മാത്രമാണ് വിയോജിപ്പ് അറിയിച്ച ജഡ്ജി. ഡയറിനെ അപകീർത്തിപ്പെടുത്തിയതിന് 500 ഡോളറും വിചാരണയുടെ ചെലവും നായർ വാദിക്ക് നൽകേണ്ടി വന്നു. നായർ ക്ഷമാപണം നടത്തിയാൽ, പിഴ ഒഴിവാക്കാൻ തയ്യാറാണെന്ന് ഡയർ വ്യക്തമാക്കിയിരുന്നു. എന്നാൽ നായർ ക്ഷമ ചോദിക്കാൻ തയ്യാറായില്ല.

  വിധി ഏകകണ്ഠമായ തീരുമാനമല്ലാത്തതിനാൽ, നായർക്ക് കേസുമായി മുന്നോട്ട് പോകാമായിരുന്നു. എന്നാൽ വാദം മുന്നോട്ട് കൊണ്ടുപോകാൻ നായർ വിസമ്മതിച്ചു. അടുത്ത വിചാരണയിലും 12 ഇംഗ്ലീഷുകാർ തന്നെയാകും കേസ് കേൾക്കുക എന്ന് നായർക്ക് ഉറപ്പായിരുന്നു. നായർ കേസിൽ തോറ്റെങ്കിലും വിചാരണ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തെ സാരമായി ബാധിച്ചു. ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചുകൊണ്ടിരുന്ന ആ കാലഘട്ടത്തിൽ ബ്രിട്ടീഷ് ഗവൺമെന്റിന്റെ വ്യക്തമായ പക്ഷപാതവും സ്വന്തം ജനതയ്‌ക്കെതിരെ അതിക്രമങ്ങൾ നടത്തുന്നവരെ സംരക്ഷിക്കാനുള്ള ശ്രമവും ഇന്ത്യക്കാർ വിധിന്യായത്തിലൂടെ മനസ്സിലാക്കി. സ്വാതന്ത്രത്തിനായി പോരാടാൻ ദേശീയവാദികളെ കൂടുതൽ ശക്തപ്പെടുത്താൻ ഈ വിധി സുപ്രധാന കാരണമായി മാറി.

  1934ൽ 77-ാം വയസ്സിൽ നായർ മരണമടഞ്ഞു. ഒൻപത് മക്കളും പേരക്കുട്ടികളുമടങ്ങുന്ന അദ്ദേഹത്തിന്റെ വലിയ കുടുംബം അദ്ദേഹത്തിന്റെ പാരമ്പര്യം നിലനിർത്തുന്നതിൽ ഇന്നും ഒട്ടും പിന്നിലല്ല.
  Published by:user_57
  First published: