• HOME
  • »
  • NEWS
  • »
  • life
  • »
  • Savita Ambedkar | അംബേദ്കർ എന്ന മഹാന്റെ നിഴലായ മഹതി; സവിത അംബേദ്കറുടെ ജീവിതം

Savita Ambedkar | അംബേദ്കർ എന്ന മഹാന്റെ നിഴലായ മഹതി; സവിത അംബേദ്കറുടെ ജീവിതം

ജീവിതകാലം മുഴുവന്‍ അധസ്ഥിതര്‍ക്കും, ദളിതര്‍ക്കും വേണ്ടി പോരാടിയ പണ്ഡിതനായ ഒരു മനുഷ്യന്റെ ഭാര്യ. അവരുടെ പേരാണ് സവിത അംബേദ്കര്‍

ബി.ആർ. അംബേദ്കറും, സവിത അംബേദ്കറും

ബി.ആർ. അംബേദ്കറും, സവിത അംബേദ്കറും

  • Share this:
#മനീഷ ലഖെ

എന്തുകൊണ്ടാണ് ഇത്രയും മഹാനായൊരു മനുഷ്യന്റെ വ്യക്തിജീവിതത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇത്രയും നാളായിട്ടും ഒരു ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യാപ്പെടാതിരുന്നത്? അമരാവതിയില്‍ നിന്ന് താനെയിലേക്കുള്ള യാത്രയ്ക്കിടെ വിജയ് സര്‍വാദെയോട് നദീം ഖാന്‍ ചോദിച്ച ചോദ്യമാണിത്.

മറാത്തി ഭാഷയിലെഴുതിയ 'Dr Ambedkaranchya Sahavasta'എന്ന പുസ്തകത്തിന്റെ പകര്‍പ്പകാശം വിജയ് സര്‍വാദെയുടെ പേരിലായിരുന്നു. നദീം ഖാന്‍ ഒരു എഴുത്തുകാരനും വിവർത്തകനുമാണ്. അദ്ദേഹത്തിന്റെ യോഗ്യതകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ പഠിപ്പിച്ചിട്ടുള്ള ഒരു ഇംഗ്ലീഷ് അധ്യാപകന്‍ കൂടിയാണ് നദീം ഖാൻ. അതു കൂടാതെ നിരവധി കൃതികള്‍ സാഹിത്യ ലോകത്തിന് സമ്മാനിച്ചിട്ടുമുണ്ട്. വിവര്‍ത്തകന്‍ എന്ന നിലയില്‍ വിശ്വാസ് പാട്ടീലിന്റെ മറാത്തി നോവലായ പാനിപ്പത്ത് (1988), അവധൂത് ഡോംഗരയുടെ സ്വതഹല ഫല്തു സമാജന്‍യാച്ചി ഗോഷ്ടയും അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അവ വായനക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ അംബേദ്കറിന്റെ പത്‌നിയായ സവിത അംബേദ്കര്‍ രചിച്ച 'Babasaheb My Life With Dr. Ambedkar' എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം നടത്തിയതും നദീം ഖാന്‍ ആണ്. പെന്‍ഗ്വിന്‍ ബുക്‌സ് പുറത്തിറക്കിയഈ പുസ്തകം വായനക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കിയ ഒരു വലിയ മനുഷ്യനെ വിവാഹം കഴിച്ച ഒരു സ്ത്രീയുടെയും അവരുടെ സ്വകാര്യ ജീവിതത്തിന്റെയും വിവരങ്ങളടങ്ങിയതാണ് ഈ പുസ്തകം. ജീവിതകാലം മുഴുവന്‍ അധസ്ഥിതര്‍ക്കും, ദളിതര്‍ക്കും വേണ്ടി പോരാടിയ പണ്ഡിതനായ ഒരു മനുഷ്യന്റെ ഭാര്യയായിരുന്നു അവര്‍. അവരുടെ പേരാണ് സവിത അംബേദ്കര്‍.

ഒരു കാര്യം ഉറപ്പാണ്. ഈ പുസ്തകം നമ്മുടെ കണ്ണ് തുറപ്പിക്കുന്ന ഒന്നാണ്. മഹാന്മാരുടെ ഭാര്യമാര്‍ ഒരിക്കലും തങ്ങളുടെ വീടിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ എഴുതാറില്ല. അത് പലപ്പോഴും വായനക്കാരെ മടുപ്പിക്കുന്ന ഒന്നാകാം. ആ അനുമാനത്തെ മാറ്റിമറിക്കുന്നതാണ് ഈ പുസ്തകം.

പ്രമേഹവും മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും തന്നെ അലട്ടുമ്പോഴും അദ്ദേഹം വിശ്രമ ജീവിതം തെരഞ്ഞെടുത്തിരുന്നില്ല. അപ്പോഴും ഇന്ത്യന്‍ ഭരണഘടനയെന്ന വലിയ ലക്ഷ്യത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. ഒരു ദിവസം 18 മണിക്കൂറിലധികം അദ്ദേഹം തന്റെ കര്‍മ്മമേഖലയ്ക്കായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. അതിനുപുറമെ 25ലധികം പേജുകളുള്ള നോവലുകളും കഥകളും തന്റെ ദര്‍ശനങ്ങളും എഴുതാന്‍ സമയം കണ്ടെത്തി. തന്റെ ഇഷ്ടങ്ങളായ പാചകവും, സംഗീതവും ആസ്വദിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. തബലയും വയലിനും വായിക്കാന്‍ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. ഡ്രൈവിംഗ് ഇഷ്ടമായിരുന്ന അദ്ദേഹത്തെ അത് പഠിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയും ഡ്രൈവറും നന്നേ പരിശ്രമിച്ചു. എന്നാല്‍ അത് മാത്രം നടന്നില്ല. ബുദ്ധമതത്തോട് ഏറെ ആഭിമുഖ്യം അദ്ദേഹം കാട്ടിയിരുന്നു. അതുമായി ബന്ധപ്പെട്ട വിവരങ്ങളും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

ഒരിക്കല്‍ ഒരു സൗഹൃദസംഭാഷണത്തിനിടെ, നദീം ഖാന്‍ ഒരു വിവര്‍ത്തകന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി: 'ഈ പുസ്‌കം ഒരു ട്രാന്‍സ്‌ക്രിപ്ഷന്‍ പോലെയാണ് തോന്നുന്നത്. സവിത അംബേദ്കര്‍ സംസാരിക്കുന്നു. സര്‍വാദേ അതെല്ലാം ഒപ്പിയെടുക്കുന്നു. സാഹിത്യപരമായി സൂഷ്മത പാലിച്ചുകൊണ്ടല്ല ഇത് രചിച്ചിരിക്കുന്നത്. ഈ പുസ്തകത്തിലെവിടെയും നിങ്ങള്‍ക്ക് രൂപകങ്ങളോ മറ്റ് അലങ്കാര രൂപങ്ങളോ കണ്ടെത്താന്‍ കഴിയില്ല. ഇത് ഒരു സ്ത്രീയുടെ ജീവിത കഥയുടെ വിവരണമാണ്. ഒരു വിവര്‍ത്തകനെന്ന നിലയില്‍ എന്റെ ജോലി സംഭാഷണപരമായ സ്വരം നിലനിര്‍ത്തി രചന പൂര്‍ത്തിയാക്കുക എന്നതാണ്. അത് എളുപ്പമായിരുന്നു. ഉദ്ധരണികള്‍, അവകാശവാദങ്ങളുടെ സാധൂകരണങ്ങള്‍ എന്നിവയ്ക്കായി ഗവേഷണം വേണ്ടി വന്നു. ആളുകളെയും പ്രസംഗങ്ങളെയും സംഭവങ്ങളെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സ്ഥിരീകരിക്കേണ്ടി വന്നു. ചിത്രങ്ങളും, കത്തുകളും സംരക്ഷിച്ച പണ്ഡിതന്മാരും അംബേദ്കറിസ്റ്റുകളും ഉണ്ട്. സര്‍വാദേയുടെ കൈവശം തന്നെ ചില രേഖകളുണ്ട്. അത് ചോദിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലഭിച്ചിരുന്നു. അത് എന്നെ വല്ലാതെ അതിശയിപ്പിക്കുകയും ചെയ്തു. ഈ പുസ്തകത്തില്‍, സവിത അംബേദ്കര്‍ വളരെ നിര്‍ഭയയായി കടന്നു വരികയും ചില പേരുകള്‍ ഭയമില്ലാതെ പറയുകയും ചെയ്യുന്നു. അവര്‍ തന്റെ നിലപാടിനെ പ്രതിരോധിക്കുന്ന പല വസ്തുതകളും പറയുന്നു. അത്തരം ഭാഗങ്ങളും ശ്രദ്ധാപൂര്‍വ്വം വ്യാഖ്യാനിക്കുന്നുണ്ടെന്ന് എഡിറ്റര്‍മാർ അല്ലെങ്കിൽപ്രസാധകര്‍ ഉറപ്പാക്കിയിട്ടുണ്ട്'.

അക്കാലത്ത് സ്ത്രീകള്‍ മെഡിക്കല്‍ കോളേജില്‍ ചേരുന്നതും പ്രാക്ടീസ് ചെയ്യുന്നതും വളരെ അപൂര്‍വമായിരുന്നെന്ന് പുസ്തകത്തിൽ പറയുന്നു. ഡോ. ശാരദ കബീര്‍ തന്റെ പിതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഷ്ടപ്പെട്ട് പഠിച്ചു. അവര്‍ പഠനമല്ലാതെ മറ്റൊന്നും ചെയ്തില്ല. ഡോ. അംബേദ്കറുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് അവര്‍ വിവരിക്കുന്നുണ്ട്. ആ മനുഷ്യന്റെ ബുദ്ധിശക്തി കണ്ട് അവര്‍ സ്തബ്ധയായി നിന്നിട്ടുണ്ട്. ഒരു രോഗിയായി അവര്‍ അദ്ദേഹത്തെ കണ്ടുമുട്ടിയിരുന്നു. നമുക്ക് പരിചയമുള്ള ഇത്രയും മഹാനായൊരു മനുഷ്യന്‍ രോഗങ്ങള്‍ മാത്രമുള്ള ഒരു ശരീരമായി മാത്രം മാറിയതായി വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തോടുള്ള ആരാധന ഒരു അനുകമ്പയായും സ്‌നേഹമായും പിന്നീട് പരിണമിക്കുകയും ചെയ്തു.

പുസ്തകത്തില്‍ വായിച്ച ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ അല്‍പ്പം പ്രകോപിതയായിരുന്നു. അതേപ്പറ്റി ഞാന്‍ ഖാനോട് ചോദിച്ചു. അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു. അത് ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള കാര്യമാണ്. ഒരു പ്രത്യേക തരം സാരി ധരിക്കാന്‍ അദ്ദേഹം ഭാര്യയോട് ആവശ്യപ്പെട്ടാല്‍ (ചെറിയ ബോര്‍ഡറുള്ളവ), അതിനര്‍ഥം അദ്ദേഹം ഒരു ഷോവനിസ്റ്റ് എന്നല്ല. മറിച്ച് അവള്‍ക്ക് അനിയോജ്യമായത്, ആ സാരിയാണെന്ന ബോധത്തിലാണ്. പാര്‍ലമെന്റിനുള്ളില്‍ ആയിരുന്നപ്പോള്‍ അവര്‍ തമ്മിലുള്ള പ്രണയം ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. അവര്‍ അവിടെ ഉണ്ടോ എന്നറിയാന്‍ അദ്ദേഹം തലയുയര്‍ത്തി നോക്കുമായിരുന്നു. അദ്ദേഹത്തെ കുളിപ്പിക്കാനും വസ്ത്രം ധരിക്കാനും ഒരു തൂവാല അദ്ദേഹത്തിന്റെ സ്യൂട്ട് പോക്കറ്റില്‍ വെയ്ക്കാനും ഭാര്യയെ അദ്ദേഹം അനുവദിച്ചിരുന്നു.

അദ്ദേഹത്തെ ഗാഢമായി പ്രണയിച്ചിരുന്ന ഒരു സ്ത്രീ അദ്ദേഹത്തെ കുളിപ്പിക്കുമ്പോള്‍ ഒരു അമ്മയായി മാറുന്ന നിമിഷത്തിന്റെ തീവ്രത ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. രോഗബാധിതനായപ്പോള്‍ ഒരു ഡോക്ടറായും മാറേണ്ടി വന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ച് നോക്കൂ.

അദ്ദേഹത്തിന്റെ കാര്‍ കണ്ണില്‍ നിന്ന് മറയുന്നതുവരെ നോക്കിനിന്ന് കൈവീശിയിരുന്ന ഭാര്യയുടെ മനോവികാരത്തെയും, ജീവിതകാലം മുഴുവന്‍ ജാതിഭേദത്തിന്റെ പേരില്‍ ദുരിതം അനുഭവിച്ച ഒരു മനുഷ്യന് തന്റെ അമ്മയുടെ സ്‌നേഹം അവളില്‍ നിന്ന് ലഭിച്ച ആ നിമിഷത്തെപ്പറ്റിയും ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. എത്ര മനോഹരമാണത്.

ഖാന്‍ പറയുന്നു, 'ഭാര്യയുടെ വെളിപ്പെടുത്തലില്‍ ഉള്ള ഒരു പുരുഷന്റെ വിവരങ്ങള്‍ എന്നെ ഏറെ അമ്പരപ്പിച്ചു. ഏതൊരു ജീവചരിത്രകാരനും ഈ വിവരങ്ങള്‍ ഒരുപക്ഷെ എങ്ങനെയാണ് അറിയാന്‍ കഴിയുന്നത്? ഒരുപക്ഷേ, ഡോ. അംബേദ്കറുടെ ഏക സുഹൃത്ത് നവല്‍ ബത്തേനയ്ക്ക് അദ്ദേഹത്തിന്റെ വീക്ഷണ കോണില്‍ നിന്ന് ഒരു വിവരണം എഴുതാമായിരുന്നു. പക്ഷേ തന്റെ കുട്ടിക്കാലത്തെ ഏകാന്തതയുടെ ആ പടുകുഴി എങ്ങനെ നികത്താമെന്ന് ഒരു ഭാര്യക്ക് മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.

ഡോ. അംബേദ്കര്‍ ജോണ്‍ ഡ്യൂവിയുടെ കൂടെ പഠിച്ചയാളാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ വളരെ ആവേശഭരിതയായി! ഞങ്ങള്‍ ഇന്ന് ഡേവി വേഴ്‌സസ് ഫിസ്‌കെയെപ്പറ്റി പഠിപ്പിക്കുന്നുണ്ട്. ഡോ. അംബേദ്കറുടെ സ്ഥിരമായ പഠനത്തെക്കുറിച്ചും പുസ്തകവായനയെക്കുറിച്ചും വായിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിച്ചു. ഒരു പുരുഷന്‍ ഒരു പ്രണയ ലേഖനത്തില്‍ ഒരു ധർമ്മപദം (ശ്ലോകമോ സങ്കീര്‍ത്തനമോ പോലെ) ഉദ്ധരിക്കുന്നത് നമ്മുടെ മനസ്സിനെ ഏറെ സ്പര്‍ശിക്കും. പുസ്തകം വായിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ എന്റെ മനസ്സില്‍ പതിഞ്ഞു.

ഞാന്‍ ഖാനോട് ചോദിച്ചു, 'അടുത്തത് എന്താണ് നിങ്ങള്‍ എഴുതാന്‍ പോകുന്നത്. പുസ്തകമാണോ? ഉത്തരം അദ്ദേഹത്തെപ്പോലെതന്നെ അപ്രസക്തവും ആകാംഷഭരിതവുമായിരുന്നു.

ഖാന്‍ പറഞ്ഞു, 'ഞാന്‍ ഒരു പുസ്തകം എഴുതിയാല്‍, ആ മേഖലയില്‍ മാത്രം ശോഭിക്കുന്ന ആളായിരിക്കും ഞാന്‍. പക്ഷേ, വിവര്‍ത്തനം, അത് ഞാന്‍ ആസ്വദിക്കുന്നു. ഡോ. സവിത അംബേദ്കറുടെ ഈ പുസ്തകം തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി എന്നിവയുള്‍പ്പടെ നിരവധി ഇന്ത്യന്‍ ഭാഷകളില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. അവധൂത് ഡോംഗരെയുടെ പാന്‍, പാനി, പ്രവാഹ എന്നിവയുടെ എന്റെ വിവര്‍ത്തനവും ഉടന്‍ പുറത്തിറങ്ങും.

ഒരു വിവര്‍ത്തകന്‍ നേരിടുന്ന വെല്ലുവിളി വിശദീകരിച്ചുകൊണ്ട് അദ്ദേഹം തന്റെ വിവര്‍ത്തനത്തില്‍ നിന്ന് അല്‍പ്പം വായിച്ചു: ' ഗോണ്ടിലെ ലതക്കയെപ്പറ്റിയുള്ള വിവരണം ഒരു മറാഠി എഴുത്തുകാരനോട് നിങ്ങള്‍ എങ്ങനെ പറയും? അവരുടെ സംഭാഷണം ഹിന്ദിയില്‍ നടത്തുന്നതിന്റെ രസം നിലനിര്‍ത്തുകയും ഇംഗ്ലീഷിലാക്കുമ്പോഴുള്ള ഇമ്പം നിലനിര്‍ത്തുകയും ചെയ്യുന്നത് എങ്ങനെ?'

പിന്നീട് അദ്ദേഹം കുട്ടിക്കാലത്തെ തന്റെ പുസ്തകമായ ലൂയിസ് കരോളിന്റെ ദി വാല്‍റസ് ആന്‍ഡ് ദ കാര്‍പെന്റര്‍ (1871) എന്ന കവിതയുടെ ഹിന്ദി പതിപ്പിന്റെ രണ്ട് വരികള്‍ കൂടി പാടി.

ബാബാസാഹെബ്: സവിത അംബേദ്കറുടെ ഡോ. അംബേദ്കറുമൊത്തുള്ള ജീവിതം, എന്ന പുസ്തകം ഒരു മഹാന്റെ നിഴലില്‍ ജീവിച്ചിട്ടും സ്വന്തം വ്യക്തിത്വമുള്ള സ്ത്രീയെ മനസ്സിലാക്കാന്‍ ഈ പുസ്തകം സഹായിക്കുന്നു. ഒരു ഡോക്ടറും അതിലുപരി ആത്മമിത്രവുമായിരുന്ന തന്റെ ആയുസ്സ് നീട്ടി നല്‍കിയതിന് ഡോ. അംബേദ്കര്‍ അവരോട് കടപ്പെട്ടിരിക്കും എന്നതില്‍ അതിശയിക്കാനില്ല.

(ലേഖക: മനീഷ ലഖെ ഒരു കവിയും ചലച്ചിത്ര നിരൂപകയും സഞ്ചാരിയുമാണ്. മണികൺട്രോളിൽ വന്ന ലേഖനത്തിന്റെ പരിഭാഷ)
Published by:user_57
First published: