കാർബൺ മോണോക്സൈഡ്; നേപ്പാളിൽ മലയാളികളുടെ മരണത്തിന് കാരണമായ നിശ്ശബ്ദ കൊലയാളി

മലയാളികളായ എട്ടുപേർക്ക് അന്യനാട്ടിൽ ജീവൻ നഷ്ടപ്പെടുത്തിയ ആ വാതകത്തിന്‍റെ പേരാണ് കാർബൺ മോണോക്സൈഡ്.

News18 Malayalam | news18
Updated: January 21, 2020, 6:00 PM IST
കാർബൺ മോണോക്സൈഡ്; നേപ്പാളിൽ മലയാളികളുടെ മരണത്തിന് കാരണമായ  നിശ്ശബ്ദ കൊലയാളി
News 18
  • News18
  • Last Updated: January 21, 2020, 6:00 PM IST
  • Share this:
കാഠ്മണ്ഡു: കേരളത്തിൽ നിന്നുള്ള എട്ട് വിനോദ സഞ്ചാരികൾക്കാണ് നേപ്പാളിലെ റിസോർട്ടിൽ ഉറക്കത്തിനിടയിൽ ജീവൻ നഷ്ടമായത്. കടുത്ത തണുപ്പിനെ അതിജീവിക്കാൻ മുറിയിൽ പ്രവർത്തിപ്പിച്ചിരുന്ന ഹീറ്ററിൽ നിന്നുണ്ടായ വാതക ചോർച്ചയാണ് മരണത്തിനു കാരണമായത്. മലയാളികളായ എട്ടുപേർക്ക് അന്യനാട്ടിൽ ജീവൻ നഷ്ടപ്പെടുത്തിയ ആ വാതകത്തിന്‍റെ പേരാണ് കാർബൺ മോണോക്സൈഡ്.

എന്താണ് കാർബൺ മോണോക്സൈഡ് ?

മണമോ രുചിയോ നിറമോ ഇല്ലാത്ത ഒരു വാതകമാണ് കാർബൺ മോണോക്സൈഡ്. കാർബൺ മോണോക്സൈഡ് ശ്വസിച്ചാൽ ശരീരത്തിന് ഓക്സിജൻ ആഗിരണം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടും. എന്നാൽ, ഇതിന് മണമോ നിറമോ ഒന്നുമില്ലാത്തതിനാൽ ഇത് അന്തരീക്ഷത്തിൽ കലർന്നാൽ പോലും നമുക്ക് തിരിച്ചറിയാൻ കഴിയില്ല. മുറികൾ അടച്ചുപൂട്ടി കിടക്കുമ്പോൾ അത് കൂടുതൽ ഗുരുതരമാകുകയും ചെയ്യും.

NEPAL TRAGEDY| മരിച്ചത് തിരുവനന്തപുരം സ്വദേശികൾ; അപകടം ഗ്യാസ് ഹീറ്ററിലെ വാതകം ചോർന്ന്

നേപ്പാളിലെ റിസോർട്ട് മുറിയിൽ സംഭവിച്ചത്

അതിശൈത്യമായ തണുപ്പായിരുന്നതിനാൽ റിസോർട്ട് മുറിയിൽ ഇവർ ഗ്യാസ് ഹീറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ഈ ഹീറ്ററിന് ഉണ്ടായ ചില തകരാറാണ് കാർബൺ മോണോക്സൈഡ് ചോരാൻ കാരണമായത്. തണുപ്പായതിനാൽ തന്നെ മുറിയിലെ ജനലുകളും വാതിലുകളും അടച്ചു പൂട്ടിയിരുന്നു. പുറത്തുനിന്നുള്ള വായു മുറിയിലേക്ക് കയറാത്തതും ശ്വാസം മുട്ടലിന് ഒരു കാരണമായി.

കാർബൺ മോണോക്സൈഡ് ശരീരത്തിലെത്തുന്നത് ഇങ്ങനെ

ഓക്സിജൻ നമ്മുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത് രക്തത്തിലെ ഹീമോഗ്ലോബിനെ കൂട്ടു പിടിച്ചാണ്. എന്നാൽ, ഓക്സിജന്‍റെ ഒപ്പം കാർബൺ മോണോക്സൈഡ് ശരീരത്തിൽ എത്തിയാൽ കാർബൺ മോണോക്സൈഡിനാണ് ഹീമോഗ്ലോബിൻ കൂടുതൽ പരിഗണന കൊടുക്കുക. ഇങ്ങനെ കാർബൺ മോണോക്സൈഡ് ശരീരത്തിൽ എത്തുന്നതോടെ ഓക്സിജൻ ലഭിക്കാതെ ശരീരത്തിലെ കോശങ്ങൾ നശിക്കും.

ലക്ഷണങ്ങൾ ഇങ്ങനെ

ഭക്ഷ്യവിഷബാധയേറ്റാൽ എന്ന പോലുള്ള ലക്ഷണങ്ങൾ ആയിരിക്കും കാർബൺ മോണോക്സൈഡ് ശ്വസിച്ചവരിൽ ഉണ്ടാകുക. എന്നാൽ, കുറഞ്ഞ അളവിലാണ് ശരീരത്തിലേക്ക് കാർബൺ മോണോക്സൈഡ് എത്തുന്നതെങ്കിൽ ലക്ഷണങ്ങൾ പ്രകടമാകാൻ സമയമെടുക്കും, കൂടിയ തോതിൽ ശരീരത്തിലേക്ക് കാർബൺ മോണോക്സൈഡ് എത്തിയാൽ ബോധക്ഷയം ഉണ്ടാകും. മനുഷ്യനെ മരണത്തിലേക്ക് തള്ളിയിടാൻ കാർബൺ മോണോക്സൈഡിന് മിനിറ്റുകൾ മാത്രം മതി.

കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് തോന്നിയാൽ ആദ്യം ചെയ്യേണ്ടത്

എത്രയും പെട്ടെന്ന് രോഗിയെ ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയെന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. എത്രയും പെട്ടെന്നു തന്നെ വൈദ്യസഹായവും എത്തിക്കണം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ശ്വാസകോശ സംബന്ധമായ പ്രശ്നമുള്ളവർ, ഹൃദ് രോഗികൾ എന്നിവർ വാതകം ചെറിയ അളവിൽ ശ്വസിച്ചാൽ പോലും ഗുരുതരമാകും.
First published: January 21, 2020, 6:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading