• HOME
  • »
  • NEWS
  • »
  • life
  • »
  • Mosquitoes | ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായിട്ടും മനുഷ്യർ എന്തുകൊണ്ട് കൊതുകുകളെ തുടച്ചുനീക്കുന്നില്ല?

Mosquitoes | ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായിട്ടും മനുഷ്യർ എന്തുകൊണ്ട് കൊതുകുകളെ തുടച്ചുനീക്കുന്നില്ല?

മനുഷ്യരുടെ മരണത്തിന് കൊതുകുകൾ കാരണമായിട്ടും എന്തുകൊണ്ടാണ് നാം അവയെ ഭൂമിയിൽ നിന്ന് ഒഴിവാക്കാത്തത് എന്നത് ഒരു വലിയ ചോദ്യം തന്നെയാണ്.

Mosquito

Mosquito

  • Share this:
    കൊതുകുകൾ (Mosquitoes) വളരെ ചെറിയ ജീവികളാണ്. കാഴ്ച്ചയിൽ മനുഷ്യന് (Human) ഭീഷണി ഉയർത്തുന്ന ജീവിയായി തോന്നില്ലെങ്കിലും മാരകമായ മലേറിയ (malaria) എന്ന രോഗത്തിന്റെ ഉറവിടമാണ് കൊതുകുകൾ. ഇതുവരെ ജീവിച്ചിരുന്ന മനുഷ്യരിൽ പകുതിയോളം പേർ കൊതുകുകൾ (mosquitoes) പരത്തുന്ന രോഗങ്ങൾ കാരണം മരിച്ചിട്ടുണ്ട്. മലേറിയ മാത്രമല്ല കൊതുകുകൾ പരത്തുന്ന രോഗങ്ങൾ. ഡെങ്കിപ്പനി, സിക്ക, വെസ്റ്റ് നൈൽ തുടങ്ങിയ മറ്റ് രോഗങ്ങളും കൊതുകുകൾ വഹിക്കുകയും പരത്തുകയും ചെയ്യുന്നുണ്ട്. 2020ൽ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമായ അനോഫിലിസ് ഗാംബിയയിൽ (anopheles gambia) കൊതുകിനെ 'ഭൂമിയിലെ ഏറ്റവും അപകടകരമായ ജീവിവർഗ്ഗം' എന്നാണ് വിളിച്ചിരിക്കുന്നത്. എന്നാൽ ദശലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിന് കൊതുകുകൾ കാരണമായിട്ടും എന്തുകൊണ്ടാണ് നാം അവയെ ഭൂമിയിൽ നിന്ന് ഒഴിവാക്കാത്തത് എന്നത് ഒരു വലിയ ചോദ്യം തന്നെയാണ്.

    എല്ലാ മൃഗങ്ങളെയും പ്രാണികളെയും പോലെ, ആവാസവ്യവസ്ഥയിലെ സന്തുലിതാവസ്ഥയുടെ കാര്യത്തിൽ കൊതുകുകളും നിർണായക പങ്ക് വഹിക്കുന്നുണ്ട്. കൊതുകുകളുടെ ജീവിത കാലയളവിലെ ഒരു പ്രധാന ഭാഗം ആരംഭിക്കുന്നത് അവ ലാർവകളായിരിക്കുമ്പോൾ ആണ്. കൊതുകുകൾ ലാർവകളായി (larvae) വെള്ളത്തിൽ ജീവിക്കുകയും മത്സ്യങ്ങൾക്കും മറ്റ് ജലജീവികൾക്കും ഭക്ഷണം (food) നൽകുകയും ചെയ്യുന്നു. തുമ്പികൾ പോലെയുള്ള മറ്റ് പ്രാണികളുടെ വലിയ ലാർവകൾ ഉൾപ്പെടെ ഇത്തരത്തിൽ ജലജീവികൾക്ക് ഭക്ഷണമാകുന്നുണ്ട്.

    കൊതുകുകളുടെ ലാർവകൾ വെള്ളത്തിലെ സൂക്ഷ്മ ജൈവ പദാർത്ഥങ്ങളെ ഭക്ഷിക്കുകയും അത് പുനരുപയോഗം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. പക്ഷികൾ, വവ്വാലുകൾ, വലിയ തുമ്പികൾ, ചിലന്തികൾ തുടങ്ങി പ്രാണികളെ ഭക്ഷിക്കുന്ന ചില ജീവികളുടെ ഭക്ഷണത്തിന്റെ ഭാഗമാണ് കൊതുകുകൾ. അവ തേൻ കുടിക്കുന്നതിലൂടെ ചില പൂക്കളിൽ പരാഗണം നടത്താനും സഹായിക്കുന്നു.

    എല്ലാ കൊതുകുകളും മനുഷ്യജീവന് അപകടമുണ്ടാക്കുന്നില്ല. 3,500 ഇനം കൊതുകുകളിൽ 100 എണ്ണത്തോളം മാത്രമേ മനുഷ്യരിൽ രോഗം പരത്താൻ സാധ്യതയുള്ളൂ. എല്ലാ കൊതുകുകളെയും തുടച്ചുനീക്കുന്നതിനു പകരം, മാരകമായ രോഗങ്ങൾ വഹിക്കുന്ന ഈ ഇനങ്ങളെ മാത്രം ലക്ഷ്യമിടുന്നതാണ് കൂടുതൽ ഗുണം ചെയ്യുകയെന്ന് സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ വൈറസ് റിസർച്ചിലെ മൈക്രോബയോളജി ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ പ്രൊഫസറായ സ്റ്റീവൻ സിൻകിൻസ് ലൈവ് സയൻസിനോട് പറഞ്ഞു.

    ഈഡിസ് ഈജിപ്തി കൊതുകുകളാണ് മഞ്ഞപ്പനി, സിക്ക തുടങ്ങിയ രോഗങ്ങൾ വഹിക്കുന്നത്. മലേറിയ, ഡെങ്കിപ്പനി, വെസ്റ്റ് നൈൽ ജ്വരം, മഞ്ഞപ്പനി, സിക്ക, ചിക്കുൻഗുനിയ, ലിംഫ് സിസ്റ്റത്തിൽ വേദനാജനകമായ വീക്കത്തിന് കാരണമാകുന്ന എലിഫന്റിയാസിസ് എന്നറിയപ്പെടുന്ന ലിംഫറ്റിക് ഫൈലേറിയസിസ് എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾ വഹിക്കുന്ന അനോഫിലിസ്, ക്യൂലക്‌സ് കൊതുകു സ്പീഷീസുകളെയും അനിമൽ റിസർച്ച് കണ്ടെത്തിയിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: