• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

എന്തുകൊണ്ട് കേരളത്തിന് സ്വന്തമായി ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്?

news18
Updated: February 11, 2019, 1:54 PM IST
എന്തുകൊണ്ട് കേരളത്തിന് സ്വന്തമായി ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്?
News18
news18
Updated: February 11, 2019, 1:54 PM IST
കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തെയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ചത്. തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ 25 ഏക്കറിലായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി പ്രവർത്തനം ആരംഭിക്കുന്നത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിലിന്‍റെ മേൽനോട്ടത്തിലാണ് സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്. എന്തിനാണ് കേരളത്തിന് സ്വന്തമായൊരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്?

ഓർമ്മയില്ലേ നിപാ കാലം. കേരളം ഭയന്നുപോയ ദിനങ്ങൾ. എന്നാൽ നിപായെ നമ്മൾ അതിജീവിച്ചു. നിപായെ പ്രതിരോധിച്ച കേരള മോഡൽ ആഗോളതലത്തിൽ തന്നെ പ്രശംസ പിടിച്ചുപറ്റിയ നടപടിയായിരുന്നു. കേരളത്തിന് സ്വന്തമായി ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വേണമെന്ന ആവശ്യം ശക്തമായത് ആ സമയത്താണ്. പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കോ മണിപ്പാലിലേക്കോ അയച്ച സാംപിൾ ഫലം വരാൻ ദിവസങ്ങൾ കാത്തിരുന്നപ്പോഴാണ് കേരളം ആ ബുദ്ധിമുട്ട് മനസിലാക്കിയത്. കേരളത്തിൽ സ്വന്തമായി ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടായിരുന്നെങ്കിൽ കൂടുതൽ ഫലപ്രദമായി നിപായെ പ്രതിരോധിക്കാൻ സാധിക്കുമായിരുന്നെന്ന വാദം അന്ന് ശക്തമായിരുന്നു. പുതിയ വൈറസുകൾ ആവിർഭവിക്കുന്നതും നിലവിലുള്ളവ പുതിയ രൂപത്തിൽ വരുന്നതുമാണ് ഇക്കാലത്ത് വൈദ്യശാസ്ത്രം നേരിടുന്ന കനത്ത വെല്ലുവിളിയെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. H1N1, വിവിധതരം പനികൾ തുടങ്ങി പകർച്ചവ്യാധികൾ അതിവേഗം കണ്ടെത്തി ചികിത്സ തുടങ്ങാമെന്നതാണ് സംസ്ഥാനത്ത് സ്വന്തമായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്നതുകൊണ്ടുള്ള പ്രധാന നേട്ടം.

ALSO READ- ആദ്യം കലോത്സവങ്ങളിലെ താരം, പിന്നെ ഡോക്ടർ! രേണുരാജ് എങ്ങനെ സബ് കളക്ടറായി?വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആശയം...

നിപാകാലത്താണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആശയം സജീവമാകുന്നത്. ഇതേക്കുറിച്ച് ശാസ്ത്രജ്ഞൻമാരായ ഡോ. M.V പിള്ളയും ഡോ. ശാർങ്ധരനുമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഇതേക്കുറിച്ച് ഇരുവരും രണ്ടുതവണ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് വെല്ലൂർ സി.എം മെഡിക്കൽ കോളേജിലെ ഡോ. ടി.ജെ ജോൺ ചെയർമാനായുള്ള ഉപദേശകസമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് M.C ദത്തൻ ഉൾപ്പടെയുള്ളവർ ഇതേക്കുറിച്ച് വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയത് അനുസരിച്ചാണ് തുടർപ്രവർത്തനങ്ങൾ നടത്തിയത്. നിപാ കാലത്ത് ഒരു പൊതുചടങ്ങിൽവെച്ച് മുഖ്യമന്ത്രി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. അധികം വൈകാതെ നിർമാണ പ്രവർത്തനം ആരംഭിക്കുകയും ആറു മാസംകൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കുകയും ചെയ്തു. 28000 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടമാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയായത്. ഇതിന്‍റെ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം നടന്നത്. രണ്ടാം ഘട്ടത്തിൽ 80000 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടമാണ് ഇനി പൂർത്തിയാകാനുള്ളത്. ഇത് ഈ വർഷം അവസാനത്തോടെ പൂർത്തിയാകും.

കേരളത്തിന്‍റെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്- പ്രത്യേകതകൾ

- രോഗനിർണയവും ഉന്നതതല ഗവേഷണവുമാണ് അഡ്വാൻഡ്സ് ഓഫ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രധാന ഉദ്ദേശം.

- വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് അന്യ സംസ്ഥാനങ്ങളെയോ മറ്റ് രാജ്യങ്ങളെയോ ആശ്രയിക്കുന്നത് ഒഴിവാക്കാം. ഇതിലൂടെ ചികിത്സ അതിവേഗം തുടങ്ങാനും പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാനും സാധിക്കും.

- രണ്ടുമാസത്തിനുള്ളിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ സാംക്രമിക രോഗങ്ങളുടെയും വൈറസ് ബാധമൂലം ഉണ്ടാകുന്ന മറ്റ് രോഗങ്ങളുടെയും പശ്ചാത്തലത്തിൽ രോഗകാരണം കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ എളുപ്പത്തിൽ ആസൂത്രണം ചെയ്യാനും സാധിക്കും.

- അത്യാധുനിക സാങ്കേതിക വിദ്യകളാണ് രോഗനിർണയത്തിനായി ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. അതിനാൽ പൂനെ, മണിപ്പാൽ എന്നിവിടങ്ങളിലേതിനേക്കാൾ വേഗത്തിൽ രോഗനിർണയം ഇവിടെ സാധ്യമാകും.

- പൊതുജനങ്ങൾ നേരിട്ട് എത്തി സാംപിൾ കൈമാറി രോഗനിർണയം നടത്താൻ സാധിക്കും. നിലവിൽ പൂനെയിൽ ഈ സൌകര്യമില്ല.

- വിവിധ പകർച്ചവ്യാധികൾക്കെതിരായ മരുന്ന് വികസിപ്പിക്കാനുള്ള ആധുനിക ഗവേഷണത്തിന് പ്രത്യേക വിഭാഗമുണ്ടാകും.

- വൈറോളജിയിൽ പി.ജി ഡിപ്ലോമ, പി.എച്ച്.ഡി കോഴ്സുകളും ഇവിടെ നടത്തും. ഇതിനായി വിപുലമായ അക്കാദമിക് വിഭാഗവും വൈകാതെ പ്രവർത്തനം ആരംഭിക്കും.

- അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന ബയോ സേഫ്റ്റി ലെവൽ- 3 സംവിധാനങ്ങൾ അടങ്ങിയ എട്ട് ലാബുകളാണ് അഡ്വാൻസ്ഡ് ഓഫ് വൈറോളജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഭാവിയിൽ ബയോ സേഫ്റ്റി ലെവൽ- 4 ആയി ഉയർത്തും.
First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...