ലോകത്തിലെ വ്യത്യസ്ത സംസ്കാരങ്ങളും (Culture) സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട് നിരവധി കെട്ടുകഥകളും വിശ്വാസങ്ങളും (Myths) നിലവിൽ ഉണ്ട്. പല ആചാരങ്ങളും അനുഷ്ഠിക്കുന്നത് ഇത്തരം ഐതീഹ്യങ്ങൾ കൂടി അടിസ്ഥാനമാക്കിയാണ്. ഇത്തരം വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങളാണെന്ന് പറഞ്ഞ് നിങ്ങൾക്ക് തള്ളിക്കളയാവുന്നതാണ്. എന്നാൽ ലോകത്തിൻെറ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി വിശ്വസിക്കപ്പെടുന്ന നിരവധി ഐതീഹ്യങ്ങളുണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്.
കണ്ണാടി നിങ്ങളുടെ കയ്യിൽ നിന്ന് വീണ് ഉടഞ്ഞ് പോയാൽ ഏഴ് വർഷം മോശമായിരിക്കുമെന്നത് പാശ്ചാത്യ രാജ്യങ്ങളിൽ പരക്കെയുള്ള വിശ്വാസമാണ്. ഇന്ത്യയിലും ഇത് പോലെ ചില വിശ്വാസങ്ങളുണ്ട്. കറുത്ത പൂച്ച (Black Cat) റോഡിന് കുറുകെ പോയാൽ വാഹനം നിർത്തിക്കൊടുക്കണമെന്നത് ഇന്ത്യയിൽ ചിലരുടെ വിശ്വാസമാണ്. ഈ വിശ്വാസത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. ഇപ്പോഴും ഇത് പിന്തുടരുന്ന നിരവധി മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. ചിലപ്പോൾ നിങ്ങൾ ചെയ്യുന്നില്ലായിരിക്കാം. എന്നാൽ നിങ്ങളറിയുന്ന ആരെങ്കിലും ഒരാൾ ഇങ്ങനെ ചെയ്യുന്നവരായി ഉണ്ടാവും. എന്ത് കൊണ്ടാണ് കറുത്ത് പൂച്ചകൾ റോഡിന് കുറുകെ പോകുമ്പോൾ ഇങ്ങനെ വാഹനം നിർത്തി കൊടുക്കുന്നത്? ഇത് വെറും കെട്ടുകഥയാണോ, അതോ പിന്നിൽ വല്ല ചരിത്രവസ്തുതയുമുണ്ടോ? നമുക്ക് പരിശോധിക്കാം.
ഹിന്ദു ജ്യോതിഷ പ്രകാരം കറുപ്പ് ശനിയുടെ നിറമാണ്. അതേസമയം പൂച്ചകൾ രാഹുവിൻെറ വാഹനമായാണ് കണക്കാക്കുന്നത്. കറുത്ത പൂച്ച നിങ്ങളുടെ വഴിമുടുക്കുന്നുവെങ്കിൽ അതിനർഥം ശനിയും രാഹുവും ഒരുപോലെ നിങ്ങൾക്ക് ദോഷകരമായി ബാധിക്കും എന്നാണ്. പൂച്ച പോവുന്നത് വരെ അൽപനേരം കാത്തിരുന്നാൽ ഈ ബുദ്ധിമുട്ട് നിങ്ങളെ ബാധിക്കില്ല. അതിനാലാണ് കറുത്ത പൂച്ച റോഡ് ക്രോസ് ചെയ്യുമ്പോൾ വാഹനം നിർത്തിക്കൊടുക്കണമെന്ന് പറയുന്നത്.
എന്നാൽ ഇതേ വിശ്വാസം പിന്തുടരുന്നതിന് പിന്നിൽ ചരിത്രപരമായ വളരെ രസകരമായ ഒരു വസ്തുത കൂടിയുണ്ട്. മധ്യകാലഘട്ടത്തിൽ സാധാരണ മനുഷ്യർ കാളവണ്ടികളിലാണ് പൊതുവിൽ സഞ്ചരിക്കാറുള്ളത്. ഇത്തരം കാളവണ്ടികളുടെ മുന്നിൽ പൂച്ച വന്നാൽ വലിയ പ്രശ്നത്തിന് കാരണമാവാറുണ്ട്. പൂച്ചയെ കണ്ടാൽ കാളകൾ വല്ലാതെ മുക്രയിടുകയും ചാടുകയുമൊക്കെ ചെയ്യും. പൂച്ചകൾ കാളകളെ പ്രകോപിപ്പിക്കുകയും ചെയ്യാറുണ്ട്. ഇതിൻെറ ഫലമായി കാളകൾ ഓടി അപകടം ഉണ്ടാക്കുന്നത് പതിവായിരുന്നു. യാത്രക്കാർ താഴെ വീഴുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം അപകടങ്ങളിൽ നിന്ന് രക്ഷ തേടാനായിട്ടാണ് കാളവണ്ടിയോടിക്കുന്നവർ പൂച്ചകളെ കണ്ടാൽ വണ്ടി നിർത്താൻ തുടങ്ങിയത്.
വണ്ടി നിർത്തുമ്പോൾ കാള ശാന്തനായി തുടങ്ങും. അൽപനേരം കഴിഞ്ഞാൽ പൂച്ചകൾ അതിൻെറ വഴിക്ക് പോവുകയും ചെയ്യും. ഇങ്ങനെ വണ്ടികൾ ഓടിക്കുമ്പോൾ പൂച്ച കുറുകെ വന്നാൽ നിർത്തിക്കൊടുക്കുന്നത് ശീലമായിത്തുടങ്ങി. ഒടുവിൽ വാഹനങ്ങൾ വന്നപ്പോഴും ഈ ശീലം തുടർന്നുവെന്നതാണ് ചരിത്രം. ഇപ്പോഴിത് ആളുകൾക്കിടയിൽ അന്ധവിശ്വാസമായി മാറിയിരിക്കുകയാണ്. വർഷങ്ങൾ കഴിഞ്ഞെങ്കിലും കാളവണ്ടി യുഗത്തിൽ നിന്ന് ഇലക്ട്രിക് കാർ യുഗത്തിലേക്ക് എത്തിയിട്ടും ഇത്തരം വിശ്വാസങ്ങൾ പിന്തുടരുന്നവരുണ്ട്. കറുത്ത പൂച്ചകൾ വന്നാലാണ് കൂടുതൽ ശ്രദ്ധയോടെ യാത്രക്കാർ വാഹനങ്ങൾ നിർത്തിക്കൊടുക്കാറുള്ളത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.