• HOME
  • »
  • NEWS
  • »
  • life
  • »
  • Cinnamon Bath | അവിവാഹിതരെ കറുവപ്പട്ട തേച്ചു കുളിപ്പിച്ചിട്ട് ഗുണമുണ്ടോ? ഡെൻമാർക്കിലെ വിചിത്ര ആചാരം

Cinnamon Bath | അവിവാഹിതരെ കറുവപ്പട്ട തേച്ചു കുളിപ്പിച്ചിട്ട് ഗുണമുണ്ടോ? ഡെൻമാർക്കിലെ വിചിത്ര ആചാരം

കറുവപ്പട്ട നന്നായി ഒട്ടിപ്പിടിക്കും വിധം തല മുതൽ കാൽ വരെ തേച്ച് ചിലപ്പോൾ അതിൽ വെള്ളവും തളിക്കാറുണ്ട്.

  • Share this:
    വ്യത്യസ്തതകൾ നിറ‍ഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത്. ഓരോ രാജ്യത്തിനും ഭൂഖണ്ഡത്തിനും പ്രദേശത്തിനും വ്യത്യസ്തങ്ങളായ ആചാരങ്ങളും സംസ്കാരങ്ങളും പാരമ്പര്യങ്ങളും ഉണ്ട്. ഈ വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം പുറത്തുനിന്നുള്ളവർക്ക് വിചിത്രമായി തോന്നുമെങ്കിലും, അവയിൽ വിശ്വസിക്കുന്ന ആളുകളും സ്ഥിരമായി അവ അനുഷ്ഠിക്കുന്നവരും ഉണ്ട്. ഡെന്മാർക്കിലും ഉണ്ട് കേൾക്കുന്നവർക്ക് വിചിത്രമെന്നു തോന്നുന്ന അത്തരമൊരു ആചാരം. അവിവാഹിതരെ കറുവപ്പട്ട പൊടിച്ച് ശരീരത്തിൽ തേച്ച് കുളിപ്പിക്കുന്ന (Cinnamon Bath) രീതിയാണ്.

    വിവിധ ഭക്ഷണ വിഭവങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. എന്നാൽ എന്തിനാണ് ആളുകൾ ഈ സുഗന്ധവ്യഞ്ജനത്തിൽ കുളിക്കുന്നത്? ഡാനിഷ് എന്ന 25 കാരന്റെ അനുഭവം ഉദാ​ഹരണമായിപ്പറഞ്ഞ് ദ ടെലിഗ്രാഫ് അക്കാര്യം വിശദീകരിക്കുന്നുണ്ട്. ഡാനിഷിന്റെ 25-ാം ജന്മദിനത്തിലാണ്, കുടുംബാംഗങ്ങൾ അവനെ കറുവപ്പട്ട പൊടിച്ച് കുളിപ്പിച്ചത്. 25 വയസ്സിനുള്ളിൽ വിവാഹം കഴിക്കാൻ സാധിക്കാത്തതിനുള്ള ശിക്ഷയാണ് ഇതെന്ന് ചിലർ ചിന്തിച്ചേക്കാം. പക്ഷേ, ഇത് ആളുകളെ രസിപ്പിക്കുന്നതിനും വിനോദത്തിനുമായുള്ള രസകരമായ ഒരു ആചാരം മാത്രമാണ്.

    കറുവപ്പട്ട ചെറുതായി വിതറുകയേ ഉള്ളൂ എന്നും ചിലർ ചിന്തിച്ചേക്കാം. എന്നാൽ കറുവപ്പട്ട നന്നായി ഒട്ടിപ്പിടിക്കും വിധം തല മുതൽ കാൽ വരെ തേച്ച് ചിലപ്പോൾ അതിൽ വെള്ളവും തളിക്കാറുണ്ട്. ചിലപ്പോൾ കറുവപ്പട്ട ശരീരത്തിൽ പറ്റിപ്പിടിക്കുന്നതിന് അതിനോടൊപ്പം മുട്ടയും കലർത്താറുണ്ട്.

    ഈ പാരമ്പര്യത്തിന് നൂറുകണക്കിന് വർഷത്തെ പഴക്കമുണ്ടെന്ന് ഒരു ഡെൻമാർക്ക് സ്വദേശി ടെലഗ്രാഫിനോട് പറഞ്ഞു. രാജ്യത്ത് സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന കച്ചവടക്കാർ ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് നിരന്തരം യാത്ര ചെയ്തിരുന്നു. തിരക്കു മൂലം വിവാഹം കഴിക്കാൻ പങ്കാളികളെ കണ്ടെത്താനാകാതെ വളരെക്കാലം അവർ അവിവാഹിതരായി തുടർന്നു. അത്തരം പുരുഷൻമാരെ പെപ്പർ ഡ്യൂഡ്സ് (pepper dude) എന്നും സ്ത്രീകളെ പെപ്പർ മെയ്ഡൻസ് (pepper maidens) എന്നും വിളിച്ചിരുന്നു.

    ഡെൻമാർക്കിൽ ഈ പാരമ്പര്യം ഇപ്പോഴും പിന്തുടരുന്നുണ്ടെങ്കിലും, 25 വയസിനുള്ളിൽ പങ്കാളികളെ കണ്ടെത്താനാകാത്തവരെ ആരും മുൻവിധിയോടെ കാണാറില്ല. ഡാനിഷ് സമൂഹത്തിൽ നേരത്തേ വിവാഹം കഴിക്കാൻ സാധാരണ ആരും തിരക്ക് കൂട്ടാറുമില്ല. ഇവിടെ വിവാഹിതരാകുന്ന പുരുഷന്മാരുടെ ശരാശരി പ്രായം 34.5 ഉം സ്ത്രീകളുടെ ശരാശരി പ്രായം 32 ഉം ആണ്.

    സ്പെയിനിൽ തക്കാളികൾ പരസ്പരം എറിഞ്ഞു കളിക്കുന്ന ആഘോഷമായ ‘ലാ ടൊമാറ്റിനയും ലോക പ്രശസ്തമാണ്. വിളവെടുപ്പ് കാലത്തെ സ്‌പെയിനിലെ ഒരു ഭക്ഷ്യ ഉത്സവമാണ് 'ലാ ടൊമാറ്റിന'. തക്കാളികള്‍ ആളുകള്‍ പരസ്പരം എറിയുകയും ചവിട്ടിമെതിക്കുകയും ഒക്കെ ചെയ്യുന്നതാണ് ഉത്സവത്തിലെ പ്രധാന സംഭവം. വലിയ ടാങ്കില്‍ തക്കാളികള്‍ ആദ്യം നിറക്കുകയും പിന്നീടത് ചവിട്ടിമെതിക്കുകയും എറിയുമൊക്കെയാണ് ചെയ്യുന്നത്. എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ അവസാന ബുധനാഴ്ച സ്പെയിനിലെ വലൻസിയിൽനിന്നു 40 കിലോമീറ്ററർ അപ്പുറമുള്ള ബുനോൾ എന്ന ചെറുപട്ടണത്തിലാണ് ഈ ആഘോഷം നടക്കുന്നത്.
    Published by:Naveen
    First published: