വിവാഹിതരായ ഏതൊരു പുരുഷൻ്റെയും സ്ത്രീയുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കും ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത്. എന്നാൽ ഈ ആഗ്രഹം നിറവേറ്റാൻ കഴിയാത്ത ഒരു പാട് പേർ നമുക്ക് ചുറ്റുമുണ്ട്. കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്തതിന്റെ സമ്മർദ്ദം വൈകാരികവും മാനസികവുമായ പ്രയാസങ്ങളായും മാറുന്നു. നിലവിൽ വന്ധ്യത(Infertility) എന്ന ഈ അവസ്ഥ ലോകത്താകമാനം ദശലക്ഷക്കണക്കിന് ദമ്പതികൾ നേരിടുന്ന പ്രധാന പ്രശ്നമാണ്. വന്ധ്യത ആളുകളുടെ മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.
പഠനങ്ങൾ അനുസരിച്ച്, വന്ധ്യതയുള്ള ദമ്പതികൾ അപകടകരമാം വിധത്തിൽ ഉത്കണ്ഠയും മാനസിക അസ്വസ്ഥതയും നേരിടുന്നുണ്ട്.
ഉദാഹരണത്തിന്, ആദ്യ തവണ ഒരു പ്രത്യുൽപാദന ചികിത്സ പരാജയപ്പെടുമ്പോൾ തന്നെ ദമ്പതികളിൽ പലരും കടുത്ത നിരാശ അനുഭവിക്കുന്നവരാണ്. കൂടാതെ ചികിത്സയുടെ ഭാഗമായുള്ള ഫെർട്ടിലിറ്റി മരുന്നുകളും അവരുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം.
എന്നാൽ വന്ധ്യത മാത്രമല്ല സമ്മർദ്ദമുണ്ടാകാൻ കാരണം. ചില സ്ത്രീകളിൽ വന്ധ്യത പരിഹരിക്കാൻ കഴിക്കുന്ന ഹോർമോൺ മരുന്നുകളും അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഈ പാർശ്വഫലങ്ങളിൽ ഉറക്കക്കുറവ്, ലൈംഗികത സംബന്ധമായ തടസ്സങ്ങൾ, വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ എന്നിവ ഉൾപ്പെടുന്നു.
നിങ്ങളുടെ മാനസികാരോഗ്യം എങ്ങനെ നിലനിർത്താം?
നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്വാധീനം ചെലുത്തുന്ന ഒരു പ്രശ്നമാണ് വന്ധ്യത. മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധങ്ങളിലും ജീവിതത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാടിലും നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്തുതോന്നുന്നു എന്നതിലും ഇത് സ്വാധീനം ചെലുത്തിയേക്കാം. നിങ്ങളുടെ വ്യക്തിത്വവും ജീവിതാനുഭവങ്ങളും ഈ വികാരങ്ങളെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ സ്വാധീനിക്കും.
കൂടാകെ കുടുംബം, സുഹൃത്തുക്കൾ, ചികിത്സിക്കുന്ന ഡോക്ടർമാർ, മാനസികാരോഗ്യ വിദഗ്ധർ എന്നിവരുടെ പിന്തുണ ഭൂരിഭാഗം വ്യക്തികൾക്കും പ്രയോജനകരമാകും.
Also Read-
വെറും 10 മിനിട്ട് മാറ്റിവയ്ക്കാം; ഓഫീസിൽ ഇരുന്ന് ചെയ്യാവുന്ന ചില യോഗാഭ്യാസങ്ങൾ
വന്ധ്യതാ ചികിത്സയുടെ ഭാഗമായി ഫെർട്ടിലിറ്റി കൗൺസിലിംഗ് തിരഞ്ഞെടുക്കുന്നത് വളരെ പ്രയോജനകരമാണ്.
വന്ധ്യതയുടെ വൈകാരിക ഘടകങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചയും അറിവും നൽകാൻ പുസ്തകങ്ങൾക്ക് കഴിയും. ഇത് സംബന്ധിച്ച ക്ലാസുകളും മറ്റും നിങ്ങളുടെ വൈകാരിക പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. അതോടൊപ്പം വന്ധ്യതയിലൂടെ കടന്നുപോകുന്ന മറ്റുള്ളവരെ അറിയാനും പഠിക്കാനും പങ്കിടാനും അവസരങ്ങളും ലഭിക്കും.
പരിചയസമ്പന്നനായ ഒരു വിദഗ്ദ്ധനുമായി സംസാരിക്കുന്നത് ദമ്പതികളുടെ വിഷമങ്ങൾ പരിഹരിക്കാനും അവയെ നേരിടാനുമുള്ള വഴികൾ കണ്ടെത്താനും നിങ്ങളെ സഹായിക്കും. പുതിയ ഹോബികൾ ഉണ്ടാക്കിയെടുക്കുന്നത് ഇത്തരം കാര്യങ്ങളിൽ തങ്ങളെ സഹായിക്കാറുണ്ടെന്ന് ചില ആളുകൾ അഭിപ്രായപ്പെടുന്നു.
പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. താൽപ്പര്യങ്ങൾ വികസിപ്പിക്കുക എന്നിവയെല്ലാം വന്ധ്യതയിൽ ദമ്പതികളുടെ ജീവിതം സന്തോഷകരമാക്കാൻ സഹായിക്കും. ജീവിതശൈലിയിലെ മാറ്റങ്ങളും വർദ്ധിച്ച മാനസിക സമ്മർദ്ദവും അണ്ഡത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കൂടാതെ പഴങ്ങൾ, പച്ചക്കറികൾ, മാംസങ്ങൾ, ധാന്യങ്ങൾ തുടങ്ങി പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്ന ആഹാരം കഴിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.