നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 'സ്തനങ്ങൾ അറുത്ത് മാറ്റാൻ മണിക്കൂറുകൾ മാത്രം'; ഭയപ്പാടുകളകറ്റി ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയർത്തിയ പ്രിയപ്പെട്ട ഡോക്ടറെക്കുറിച്ച്

  'സ്തനങ്ങൾ അറുത്ത് മാറ്റാൻ മണിക്കൂറുകൾ മാത്രം'; ഭയപ്പാടുകളകറ്റി ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയർത്തിയ പ്രിയപ്പെട്ട ഡോക്ടറെക്കുറിച്ച്

  ജീവിതത്തിലേക്ക് തിരിച്ചുനടത്തിയ ഡോക്ടർ ബോബൻ തോമസിന് ഡോക്ടേഴ്സ് ദിനത്തിൽ നന്ദി രേഖപ്പെടുത്തുകയാണ് ലിജി. കാൻസർ അതിജീവിന വനിതാ കൂട്ടായ്മയായ തണലിലാണ് ലിജി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

  ലിജി, ഡോക്ടർ ബോബൻ തോമസ്

  ലിജി, ഡോക്ടർ ബോബൻ തോമസ്

  • Share this:
   അർബുദം ശരീരത്തെ കാർന്നുതിന്നുന്നതിനെക്കാൾ വേഗത്തിലാണ് രോഗിയുടെ മനോധൈര്യവും താഴേക്ക് പോകുന്നത്. എത്ര കരുത്താരായാലും ഈ ഘട്ടത്തിൽ തളരാതെ പിടിച്ചുനിൽക്കാൻ പാടാണ്. എന്നാല്‍ മനക്കരുത്ത് കൊണ്ടുമാത്രം കാൻസറിനെ തോൽപ്പിച്ച ഒട്ടേറെ പേർ നമുക്ക് മുന്നിലുണ്ട്. രോഗികളിൽ ആത്മവിശ്വാസം നിറച്ച് അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നവരാണ് ഡോക്ടർമാർ. തന്നെ ജീവിതത്തിലേക്ക് തിരിച്ചുനടത്തിയ ഡോക്ടർ ബോബൻ തോമസിന് ഡോക്ടേഴ്സ് ദിനത്തിൽ നന്ദി രേഖപ്പെടുത്തുകയാണ് ലിജി. കാൻസർ അതിജീവിന വനിതാ കൂട്ടായ്മയായ തണലിലാണ് ലിജി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

   കുറിപ്പിന്റെ പൂർണരൂപം

   നന്ദിയോടെ.... ഡോക്ടർ ദിനത്തിൽ...

   മുന്നിലിരിക്കുന്ന രോഗി അന്യനല്ല എന്ന തിരിച്ചറിവിൽ ചികിത്സയിലുടനീളം കരുതലിന്റെ , സാന്ത്വനത്തിന്റെ ചേർത്തുപിടിക്കലുമായി

   മാരകരോഗത്തിന്റെ ഭയപ്പാടുകളെ ദൂരെയകറ്റി ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയർത്തിയ പ്രിയ ഡോക്ടർ ... ഡോ. ബോബൻ തോമസ്, കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ മെഡിക്കൽ& പീഡിയാട്രിക് ഓങ്കോളജിസ്റ്റ്

   സിസ്റ്റായും ഹോർമോൺ വ്യതിയാനമായും പിന്നീട് സ്തനാർബുദമായും വർഷങ്ങളായി പല ആശുപത്രികളിലും പല ഡോക്ടർമാരുടെ മുന്നിലും തന്റെ മെഡിക്കൽ ഫയലുമായി ഓടി നടന്ന് അവസാനം എത്തിച്ചേർന്നത് ഡോക്ടറുടെ മുന്നിൽ...ഓപ്പറേഷൻ തിയേറ്ററിൽ സ്തനങ്ങൾ അറുത്ത് മാറ്റാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ , താൻ പഠിച്ച അറിവുകളുടെയും അനുഭവങ്ങളിലൂടെ ആർജിച്ചെടുത്ത പുത്തൻ അറിവുകളുടെയും കരുത്തിൽ സർജറിയല്ല കീമോയാണ് ആദ്യം വേണ്ടത് എന്ന ഡോക്ടറുടെ തീരുമാനം എന്റെ മനസിൽ ഡോക്ടറിലുള്ള വിശ്വാസം പതിന്മടങ്ങായി ഉയർത്തി.

   കീമോയും റേഡിയേഷനും എല്ലാം കഴിഞ്ഞ് രണ്ടര വർഷം പിന്നിടുമ്പോൾ കീറിമുറിക്കപ്പെടാത്ത ശരീരവുമായി ആരോഗ്യത്തോടെ ഞാൻ ഓടി നടക്കുന്നുവെങ്കിൽ അത് ഡോ. ബോബന്റെ കഴിവും പ്രതിഭയും ഒന്നു കൊണ്ട് മാത്രം. സൗമ്യമായ പെരുമാറ്റം, സാന്ത്വനമായി ഒഴുകിയെത്തുന്ന നിറഞ്ഞ പുഞ്ചിരി . ആത്മവിശ്വാസത്തെ തൊട്ടുണർത്തുന്ന കരുതലിന്റെ ,ചേർത്തു വയ്ക്കലിന്റെ ആശ്വാസ വാക്കുകൾ ... ഇതൊക്കെ ഡോക്ടറിൽനിന്ന് രോഗിയിലേക്ക് ഒഴുകിയെത്തുന്ന പോസിറ്റീവ് എനർജിയാണ്.   അതിന്റെ കരുത്തിലാണ് ഞങ്ങൾ രോഗവിമുക്തിയിലേക്ക് അതിവേഗം നടന്നടുക്കുന്നത്. നിരവധി അർബുദ രോഗികൾക്ക് ജീവനും ജീവിതവും തിരിച്ചു നൽകിയ നൽകുന്ന പ്രിയ ഡോക്ടർക്ക് ഈ ഡോക്ടർ ദിനത്തിൽ എന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നന്ദിയും കടപ്പാടും അറിയിക്കുന്നു.

   സോഷ്യൽ മീഡിയയിലൂടെ അർബുദത്തിനെതിരെ ബോധവത്ക്കരണ യജ്ഞം നടത്തുന്ന ഡോക്ടറുടെ സാമൂഹ്യ പ്രതിബദ്ധതയെ നമിക്കുന്നു. കാൻസർ രോഗികളായ സ്ത്രീകളുടെ കൂട്ടായ്മയായ തണലിന് ഡോക്ടർ നൽകുന്ന പിന്തുണക്ക് നന്ദി.
   Published by:Rajesh V
   First published:
   )}