സ്ത്രീകളുടെ ഇടുപ്പിന് പുരുഷന്മാരുടേതിനെക്കാൾ വീതി കൂടുതലാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇതിന് കാരണം പൂർവ്വികർ മുട്ടയിട്ടിരുന്നതിനാലാണെന്നാണ് പുതിയ പഠന റിപ്പോർട്ട്. ബാർബറ ഫിഷർ എന്ന ഗവേഷകയും വിയന്ന സർവകലാശാലയിലെ സഹപ്രവർത്തകരും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇടുപ്പിലെ വലുപ്പ വ്യത്യാസം ലിംഗഭേദം തിരിച്ചറിയാനുള്ള ഏറ്റവും വിശ്വസനീയമായ മാർഗമാണെന്നും ഇവർ വ്യക്തമാക്കി.
കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനാലാണ് സ്ത്രീകൾക്ക് വീതി കൂടിയ ഇടുപ്പുള്ളതെന്നാണ് വർഷങ്ങളായി വിശ്വസിച്ച് പോന്നിരുന്നത്. തലയ്ക്ക് വലിപ്പം കൂടിയ കുഞ്ഞുങ്ങളെപ്പോലും സ്ത്രീകൾക്ക് പ്രസവിക്കാൻ സാധിക്കുന്നത് ഇടുപ്പിന് വീതി കൂടുതലുള്ളതു കൊണ്ടാണെന്നാണ് വിശ്വസിച്ച് പോന്നിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ നേച്ചർ ഇക്കോളജിയിലെയും പരിണാമത്തിലെയും പുതിയ പഠനം തെളിയിക്കുന്നത് സ്ത്രീകളിലെ വിശാലമായ പെൽവിസിന് കാരണം പ്രസവമല്ലെന്നാണ്. മറ്റൊരു വിശദീകരണമാണ് ഇത് സംബന്ധിച്ച് ഗവേഷകർ നൽകുന്നത്. ഉദാഹരണത്തിന് പെൺ വിർജീനിയ ഒപ്പോസം വളരെ ചെറിയ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടും അവയുടെ ഇടുപ്പുകൾക്ക് വലിപ്പമുണ്ട്. വിർജീനിയ ഓപ്പോസത്തിന്റെ കുഞ്ഞുങ്ങൾ അമ്മയുടെ ആയിരത്തിലൊന്ന് മാത്രമേയുള്ളൂ. വലിയ ഇടുപ്പിന് പുരാതന പരിണാമ ചരിത്രം ഉണ്ടെന്നതിന് തെളിവുകളാണ് ഈ പഠനം നൽകുന്നത്.
Also Read-
രണ്ടു പെൺകുട്ടികൾ ചേർന്ന് കാർ റാഞ്ചി; അപകടത്തിൽ പാക് ഡ്രൈവർ കൊല്ലപ്പെട്ടു
ചിമ്പാൻസികൾ മനുഷ്യരുടെ ഏറ്റവും അടുത്തുള്ള പൂർവ്വികരായാണ് കണക്കാക്കുന്നത്. പെൺ ചിമ്പാൻസികൾക്കും പുരുഷന്മാരേക്കാൾ വിശാലമായ ഇടുപ്പുകളുണ്ട്. ചിമ്പാൻസികൾ മനുഷ്യരെക്കാൾ വളരെ എളുപ്പത്തിൽ പ്രസവിക്കുന്നുണ്ടെങ്കിലും ഇവയുടെ പെൽവിസുകളും വീതിയുള്ളതാണ്.
ഈ രണ്ട് സ്പീഷിസുകളിലെയും പെൽവിസിന്റെ 3 ഡി ഡാറ്റ വിശകലനം ചെയ്തതായി ഫിഷർ ഡെയ്ലി മെയിലിനോട് പറഞ്ഞു. ഒരേ തരത്തിലുള്ള ലിംഗ വ്യത്യാസങ്ങളാണ് രണ്ട് സ്പീഷ്യസിലും കണ്ടെത്തിയത്. ഫിഷറിന്റെ അഭിപ്രായത്തിൽ, സ്ത്രീകളിലെ വീതി കൂടിയ പെൽവിസ് ഇതിനകം മനുഷ്യന്റെ പൂർവ്വികരിൽ ഉണ്ടായിരുന്നുവെന്നും പ്രസവത്തിന്റെ രീതി പൂർവ്വികരിൽ വ്യത്യസ്തമായിരുന്നിരിക്കാം എന്നും പറയുന്നു. ആദ്യകാല സസ്തനികളിൽ വീതി കൂടിയ ഇടുപ്പ് ഇതിനകം നിലവിലുണ്ടായിരുന്നുവെന്നും വലിയ മുട്ടകൾ ഇടുന്നതിന് വേണ്ടിയായിരുന്നിരിക്കാം ഇടുപ്പുകളുടെ വീതി കൂടിയതെന്നുമാണ് ഗവേഷകരുടെ അഭിപ്രായം.
ആധുനിക മനുഷ്യർ ഒന്നും തന്നെ വികസിപ്പിച്ചെടുത്തിട്ടില്ലെന്നും മറിച്ച് നമ്മുടെ പൂർവ്വികരിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ് ഇടുപ്പിന്റെ വലിപ്പ വ്യത്യാസമെന്നും ഗവേഷകർ പറയുന്നു. ആദ്യകാല സസ്തനികളിൽ നിന്നോ അമ്നിയോട്ടുകളിൽ നിന്നോ (പക്ഷികൾ, മറ്റ് മൃഗങ്ങൾ, ഉരഗങ്ങൾ) ആയിരിക്കാം ഇത് പരിണമിച്ചതെന്നും ഫിഷർ പറയുന്നു. ഇവയാണ് വലിയ മുട്ടകൾ ഇട്ടിരുന്നതെന്നും ഗവേഷകർ പറയുന്നു.
വിശാലമായ ഇടുപ്പിനായുള്ള പരിണാമ സംവിധാനങ്ങൾ മനുഷ്യ കോഡിൽ അവശേഷിച്ചിരിക്കാമെന്നും കൂടുതൽ വീതിയുള്ള പെൺ പെൽവിസ് വികസിപ്പിക്കുന്നതിനുള്ള ജനിതക-വികസന സംവിധാനങ്ങൾ ഇതിനകം തന്നെ നിലവിലുണ്ടെന്നും ഗവേഷണം അവകാശപ്പെടുന്നു. ഹോമോ എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ. മനുഷ്യന്റെ ശാസ്ത്രീയ നാമം ഹോമോ സാപിയെൻസ് എന്നാണ്. ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽ മസ്തിഷ്ക വികാസം പ്രാപിച്ച ജീവിയാണ് മനുഷ്യൻ.
Keywords: Woman, Ancestors, Hip, Egg, സ്ത്രീ, ഇടുപ്പ്, മുട്ട, പൂർവ്വികർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.