ലണ്ടൻ: വീട്ടിൽ ഇരുന്നുള്ള ജോലി (working from home) തലവേദനയായി മാറി ജീവനക്കാർ. കൊറോണ വൈറസ് മഹാമാരി വ്യാപിക്കാൻ തുടങ്ങിയതോടെ മിക്ക കമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചിരുന്നു. ഓഫീസ് ജോലിയ്ക്കിടെ അൽപ്പം വീട്ടുകാര്യങ്ങൾ കൂടി ചെയ്യാമെന്ന് കരുതിയിരുന്നവർക്ക് എന്നാൽ ഇപ്പോൾ വർക്ക് ഫ്രം ഹോം പണിയായി മാറിയിരിക്കുകയാണ്. ഓഫീസിൽ ഇരുന്ന് ജോലി ചെയ്തിരുന്നതിനേക്കാൾ കൂടുതൽ സമയമാണ് ഇപ്പോൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വരുന്നത്. പുതിയ ഗവേഷണ റിപ്പോർട്ട് അനുസരിച്ച് യുകെ, ഓസ്ട്രിയ, കാനഡ, യുഎസ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഇപ്പോൾ കൂടുതൽ മണിക്കൂറുകൾ ജോലിക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് വിവരം. ഈ രാജ്യങ്ങളിലെ ശരാശരി പ്രവൃത്തി ദിവസത്തിൽ 2.5 മണിക്കൂർ വർദ്ധനവുണ്ടായതായി ന്യൂയോർക്ക് ആസ്ഥാനമായുള്ള കമ്പനിയായ നോർഡ് വിപിഎൻ പറയുന്നു. പതിനായിരത്തിലധികം കമ്പനികളുമായി പ്രവർത്തിക്കുന്ന നോർഡ് വിപിഎൻ സെർവറുകൾ വഴി അയയ്‌ക്കുന്ന ഡാറ്റയുടെ അളവ് പരിശോധിച്ചാണ് ജീവനക്കാരുടെ ജോലി സമയം കണക്കാക്കിയത്. Also Read-വർക്ക് ഫ്രം ഹോം 'വഴക്ക് അറ്റ് ഹോം' ആയി; നിലവിലെ പ്രതിസന്ധികളെ എങ്ങനെ മറികടക്കാമെന്ന് മന:ശാസ്ത്ര വിദഗ്ധൻ
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ കുറഞ്ഞ ഉച്ചഭക്ഷണ ഇടവേളകൾ മാത്രമാണ് ജീവനക്കാരെടുക്കുന്നതെന്നും ഉച്ചഭക്ഷണ സമയത്ത് വിപിഎൻ ഉപയോഗത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. ശരാശരി വാരാന്ത്യ ജോലികളുമായി താരതമ്യപ്പെടുത്തുമ്പോൾ ബിസിനസ്സ് വിപിഎൻ സെർവർ ട്രാഫിക്കിൽ 41% വർധനവുണ്ടായതായും കമ്പനി പറയുന്നു. ആളുകൾ അവരുടെ കുടുംബവുമായി ചെലവഴിക്കേണ്ട സമയം കൂടി ജോലി ചെയ്യുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സെർവർ ഡാറ്റയ്ക്ക് ജോലിയും വ്യക്തിഗത ഉപയോഗവും തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ലെങ്കിലും, പ്രവൃത്തി സമയം കൂടിയതായി ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. Also Read-Work From Home | വർക്ക് ഫ്രം ഹോം സുഖമുള്ള ഏർപ്പാടാണെന്ന് കരുതിയോ? ഇതൊന്ന് കണ്ടു നോക്കൂ മറ്റൊരു സ്ഥാപനമായ വൈൽഡ്‌ഗൂസിന്റെ ഗവേഷണ റിപ്പോർട്ട് പ്രകാരം യുകെയില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന 55% പേർ തങ്ങളുടെ പതിവ് സമയത്തേക്കാൾ കൂടുതൽ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമായി. വർക്ക് ഫ്രം ഹോം ആയതോടെ 74% ജീവനക്കാർ തളർച്ച, സമ്മർദ്ദം എന്നിവ അനുഭവിക്കാൻ തുടങ്ങിയതായും വ്യക്തമായി. വൈൽഡ്‌ഗൂസ് യുകെയിലെ 133 കമ്പനികളിലെ ജീവനക്കാർക്കിടയിലാണ് സർവ്വേ നടത്തിയത്. വീട്ടിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ ജോലിഭാരം വർദ്ധിച്ചതായി ഇവരിൽ 44% പേർ വ്യക്തമാക്കി. വർക്ക് ഫ്രം ഹോം ആരംഭിച്ചത് മാനസികാരോഗ്യത്തെ ബാധിച്ചതായി 31% പേരും പറഞ്ഞു. ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വർക്ക് ഫ്രം ഹോം വലിയ വെല്ലുവിളികൾ ഉയർത്തുന്നതായാണ് വൈൽഡ്‌ഗൂസ് മാനേജിംഗ് ഡയറക്ടർ ജോണി എഡ്‌സർ പ്രസ്താവനയിൽ അറിയിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.