HOME » NEWS » Life » WORLD AIDS VACCINE DAY 2021 KNOW THE HISTORY GH

World Aids Vaccine Day 2021| ലോക എയ്ഡ്‌സ് വാക്സിൻ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

എച്ച്ഐവി അണുബാധയെയും എയ്ഡ്സിനെയും പ്രതിരോധിക്കാൻ വാക്സിന്റെ അടിയന്തിരമായ ആവശ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും മെയ് 18 ലോക എയ്ഡ്‌സ് വാക്സിൻ ദിനം അല്ലെങ്കിൽ എച്ച് ഐ വി വാക്സിൻ ബോധവൽകരണ ദിനമായി ആചരിക്കാറുണ്ട്.

News18 Malayalam | news18-malayalam
Updated: May 18, 2021, 12:28 PM IST
World Aids Vaccine Day 2021| ലോക എയ്ഡ്‌സ് വാക്സിൻ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം
(Representative pic: Shutterstock)
  • Share this:
എച്ച്ഐവി അണുബാധയെയും എയ്ഡ്സിനെയും പ്രതിരോധിക്കാൻ വാക്സിന്റെ അടിയന്തിരമായ ആവശ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും മെയ് 18 ലോക എയ്ഡ്‌സ് വാക്സിൻ ദിനം അല്ലെങ്കിൽ എച്ച് ഐ വി വാക്സിൻ ബോധവൽകരണ ദിനമായി ആചരിക്കാറുണ്ട്. സുരക്ഷിതവും ഫലപ്രദവുമായ ഒരു എയ്ഡ്‌സ് വാക്സിൻ കണ്ടെത്താനായി അഹോരാത്രം പ്രയത്നിക്കുന്ന ശാസ്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരെയൊക്കെ ഓർക്കാനും അവരോടുള്ള കടപ്പാടും നന്ദിയും അറിയിക്കാനും ഈ ദിനാചരണം ലക്ഷ്യമിടുന്നു.

എച്ച്ഐവി അല്ലെങ്കിൽ എയ്ഡ്‌സ് രോഗബാധയുമായി ബന്ധപ്പെട്ട് ലോകം നേരിടുന്ന പ്രതിസന്ധിയോട് സമഗ്രമായ രീതിയിൽ പ്രതികരിക്കാൻ ഉതകുന്ന വിധം പുതിയ സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് തിരിച്ചറിയാൻ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കാനും ലോക എയ്ഡ്‌സ് വാക്സിൻ ദിനം ലക്ഷ്യമിടുന്നു.


മനുഷ്യരിൽ അണുബാധ ഉണ്ടാക്കുന്ന ലെന്റിവൈറസിന്റെ (റെട്രോ വൈറസിന്റെ ഒരു ഉപ ഗ്രൂപ്പ്) രണ്ട് സ്പീഷീസുകളാണ് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസുകൾ (എച്ച് ഐ വി). ഈ വൈറസ് അണുബാധയുടെ അടുത്ത ഘട്ടമാണ് അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം എന്ന എയ്ഡ്‌സ്. ക്രമാനുഗതമായി ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനത്തെ തകർക്കുകയും ജീവൻ അപകടത്തിലാവുന്ന വിധത്തിലുള്ള അണുബാധകൾ വ്യാപിക്കാൻ കാരണമാവുകയും ചെയ്യുന്ന ഒരു രോഗാവസ്ഥയാണ് ഇത്.

You may also like:Explained: കോവിഡ് പോസിറ്റീവായാൽ വാക്സിൻ എടുക്കാമോ? കോവിഡ് മുക്തരായവർ വാക്സിൻ എടുക്കേണ്ടത് എപ്പോൾ?

ചരിത്രം

1997 മെയ് 18-ന് മോർഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ നടത്തിയ പ്രസംഗത്തിൽ നിന്നാണ് ആദ്യമായി ലോക എയ്ഡ്‌സ് വാക്സിൻ ദിനം എന്ന ആശയം ഉടലെടുക്കുന്നത്. "വളരെ ഫലപ്രദമായ ഒരു വാക്സിന് മാത്രമേ എയ്ഡ്‌സ് രോഗത്തിന്റെ ഭീഷണി കുറയ്ക്കാനും കാലക്രമേണ അതിനെ തുടച്ചുനീക്കാനും കഴിയൂ", ബിൽ ക്ലിന്റൺ പറഞ്ഞു. പുതിയ ലക്ഷ്യങ്ങൾ ആവിഷ്കരിക്കാനും അടുത്ത പതിറ്റാണ്ടിനുള്ളിൽ എയ്ഡ്‌സ് വാക്സിൻ വികസിപ്പിക്കാനും ക്ലിന്റൺ ലോകത്തെ വെല്ലുവിളിച്ചു. അങ്ങനെയാണ് ബിൽ ക്ലിന്റന്റെ ഈ പ്രസംഗത്തിന്റെ വാർഷികദിനത്തിൽ 1998 മെയ് 18-ന് ആദ്യമായി ലോക എയ്ഡ്‌സ് വാക്സിൻ ദിനം ആചരിക്കുന്നത്.

അതിനുശേഷം എയ്ഡ്‌സ് വാക്സിനു വേണ്ടിയുള്ള ബോധവൽക്കരണം, വിവിധ സാമൂഹ്യ വിഭാഗങ്ങൾക്കിടയിൽ ഈ രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം, എയ്ഡ്‌സ് വാക്സിനു വേണ്ടിയുള്ള ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കാനായി ലോകമെമ്പാടും എല്ലാ വർഷവും മെയ് 18-ന് ലോക എയ്ഡ്‌സ് വാക്സിൻ ദിനമായി ആചരിക്കാൻ തുടങ്ങി. വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ടാണ് ലോകമെമ്പാടും ലോക എയ്ഡ്‌സ് വാക്സിൻ ദിനം ആചരിക്കാറുള്ളത്. വിദ്യാഭ്യാസ സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, കോൺഫറൻസുകൾ, ക്യാമ്പയിനുകൾ എന്നിവ ഈ ദിനത്തിൽ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കപ്പെടുന്നു. എന്നാൽ 2019-നു ശേഷം കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് ലോക എയ്ഡ്‌സ് വാക്സിൻ ദിനാചരണത്തിന്റെ ഭാഗമായുള്ള കൂടിച്ചേരലുകൾ വിലക്കിയിരിക്കുകയാണ്. എന്നാൽ വീഡിയോ കോൺഫറസിങ് വഴി ഇപ്പോഴും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

പ്രമേയം

എല്ലാ വർഷവും ലോക എയ്ഡ്‌സ് വാക്സിൻ ദിനത്തിന് ഒരു ഔദ്യോഗിക പ്രമേയം സ്വീകരിക്കാറുണ്ട്. ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം 'ആഗോള ഐക്യദാർഢ്യം' എന്നതാണ്.
Published by: Naseeba TC
First published: May 18, 2021, 12:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories