ഇന്ന് ലോക ആസ്മ ദിനം (world asthma day 2022). നമ്മുടെ ഭക്ഷണശീലങ്ങള്‍ (food habits) ആസ്മയ്ക്ക് കാരണമാകുമോ? ഒരു പരിധി വരെ നമ്മള് കഴിക്കുന്ന ഭക്ഷണങ്ങള്‍ ആസ്മ രോഗത്തിന് കാരണമാകാറുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ബീറ്റാ കരോട്ടിന്‍, ഫ്ലേവനോയ്ഡുകള്‍, മഗ്നീഷ്യം, സെലിനിയം, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്ന ആളുകള്‍ക്ക് ആസ്മ വരാനുള്ള സാധ്യത കുറവാണെന്നും പറയപ്പെടുന്നു.
ഈ ഭക്ഷണങ്ങള്‍ ആന്റിഓക്സിഡന്റുകളാല്‍ (antioxidants) സമ്പന്നമാണ്. ഇത് ശരീരത്തിലെ കോശങ്ങള്‍ക്ക് കേടുപാടുകൾ ഉണ്ടാകാതെ സംരക്ഷിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഈ പോഷകങ്ങള്‍ (nutrients) അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ആസ്മയെ പ്രതിരോധിക്കാൻ ഒരു പരിധി വരെ കഴിയുമെന്നും വിദഗ്ധർ പറയുന്നു.
ആസ്മ തടയാന്‍ പിന്തുടരേണ്ട ഭക്ഷണക്രമങ്ങള്‍ ഇവയാണ്:
1. ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക
പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ്. കിവി, സ്ട്രോബെറി, തക്കാളി, ബ്രൊക്കോളി, ക്യാപ്സിക്കം, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇവ ഒരു വ്യക്തിയെ ശരിയായി ശ്വസിക്കാന്‍ സഹായിക്കുന്നു.
2. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവുള്ള ആളുകള്‍ക്ക് ആസ്മ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ പാല്, മുട്ട, മത്സ്യം എന്നിവ ഉള്‍പ്പെടുത്തുക.
3. സള്‍ഫൈറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
പല ഭക്ഷ്യവസ്തുക്കളിലും സള്‍ഫൈറ്റുകള്‍ പ്രിസര്‍വേറ്റീവുകളായി ഉപയോഗിക്കാറുണ്ട്. സള്‍ഫൈറ്റുകള്‍ പലരിലും ആസ്ത്മയുടെ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍, വൈന്‍, ഡ്രൈ ഫ്രൂട്ട്സ്, അച്ചാറുകള്‍, ചെമ്മീന്‍ തുടങ്ങിയ സള്‍ഫൈറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
Also Read- ആസ്മ എങ്ങനെ നിയന്ത്രിക്കാം? രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
4. ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന അലര്‍ജികള്‍ ശ്രദ്ധിക്കുക
ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന അലര്‍ജികള്‍ പലപ്പോഴും ആസ്മയ്ക്ക് കാരണമാകുകയും ചുമയ്ക്കും തുമ്മലിനും ഇടവരുത്തുകയും ചെയ്യാറുണ്ട്. ഈ അലര്‍ജി കാരണം നിങ്ങള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ശ്വസിക്കാന്‍ കഴിയാതെ വരികയും ചെയ്യാം.
5. നട്ട്സും സീഡ്സും കഴിക്കുക
നട്ട്സും സീഡ്സും ആരോഗ്യത്തിന് നല്ലതാണ്. ഇവ ആസ്ത്മ തടയാന്‍ സഹായിക്കും. ഇവയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഇയില്‍ ടോക്കോഫെറോള്‍ എന്നറിയപ്പെടുന്ന ഒരു രാസ സംയുക്തം ഉണ്ട്. ഇത് ആസ്ത്മ രോഗികളിലെ ചുമയും ശ്വാസതടസ്സവും കുറയ്ക്കാന്‍ സഹായിക്കുന്നു.
6. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
ആസ്മയുള്ള കുട്ടികളുടെ രക്തത്തില്‍ വിറ്റാമിന്‍ എയുടെ അളവ് താരതമ്യേന കുറവായിരിക്കും. ഇലക്കറികള്‍, ചീര, കാരറ്റ്, ബ്രോക്കോളി, മധുരക്കിഴങ്ങ് എന്നിവ വിറ്റാമിന്‍ എയുടെ മികച്ച ഉറവിടങ്ങളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.