കാൻസർ (Cancer) എന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ട മുൻവിധികളെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായാണ് ലോകമെമ്പാടും ഫെബ്രുവരി 4ന് ലോക കാൻസർ ദിനം (World Cancer Day) ആചരിക്കുന്നത്. യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോൾ (UICC) ലോക കാൻസർ ദിനം "ആഗോള ഏകീകരണ സംരംഭമായി പ്രഖ്യാപിച്ചു." രോഗനിർണയം, പരിചരണം, വൈകാരിക പിന്തുണ തുടങ്ങി രോഗത്തെ ഒരുമിച്ച് നേരിടാനും പോരാടാനും ലോകമെമ്പാടുമുള്ള വ്യക്തികളെ പ്രേരിപ്പിക്കുന്നതിനാണ് ഇങ്ങനെ ഒരു ദിനാചനരണം നടത്തുന്നത്.
ലോക കാൻസർ ദിനത്തിന്റെ ചരിത്രം
2000 ഫെബ്രുവരി 4ന് ഫ്രാൻസിലെ പാരീസിലുള്ള ന്യൂ മില്ലേനിയത്തിൽ നടന്ന ലോക കാൻസർ കോൺഫറൻസിലാണ് ഇങ്ങനെ ഒരു ദിനാചരണം നടത്താൻ തീരുമാനിച്ചത്. അതേ ദിവസം തന്നെയാണ് യുനെസ്കോയുടെ അന്നത്തെ ജനറൽ ഡയറക്ടർ കൊയ്ചിറോ മത്സുറയും മുൻ ഫ്രഞ്ച് പ്രസിഡന്റ് ജാക്വസ് ചിറാക്കും ക്യാൻസറിനെതിരായ ചാർട്ടർ ഓഫ് പാരീസിൽ ഒപ്പുവച്ചത്. അന്നുമുതൽ എല്ലാ വർഷവും വ്യത്യസ്തമായ തീമിലാണ് ഈ ദിനാചരണം നടത്തുന്നത്.
ലോക കാൻസർ ദിനത്തിന്റെ പ്രാധാന്യം
ലോക കാൻസർ ദിന കാമ്പെയ്‌ൻ കാൻസറിനെക്കുറിച്ച് ആളുകളിൽ അവബോധം വളർത്തുന്നതിനും രോഗത്തെപ്പറ്റിയുള്ള ആളുകളുടെ തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ളതാണ്. കാൻസർ അഥവാ അർബുദം ഇപ്പോൾ ലോകത്തിലെ മരണനിരക്കിന്റെ രണ്ടാമത്തെ പ്രധാന കാരണമാണ്. രോഗവുമായി ബന്ധപ്പെട്ട മരണനിരക്ക് കുറയ്ക്കുക, അതോടൊപ്പം രോഗികളുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഈ ദിവസം, ലോകമെമ്പാടും കാൻസർ അവബോധവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ ആസൂത്രണം ചെയ്യാറുണ്ട്. ലക്ഷക്കണിക്കിന് ആളുകകളെ കാ൯സറിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന യുഐസിസി രോഗാവബോധത്തിന്റെ ഭാഗമായി നിരവധി സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കാ൯സർ ദിനം പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും, വെബ്സൈറ്റുകളിലും രോഗ നിവാരണം, പ്രതിരോധം എന്നിവ സംബന്ധിച്ച ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്.
2022ലെ ലോക കാൻസർ ദിന തീം
ക്ലോസ് ദി കെയർ ഗ്യാപ്പ് (Close the Care Gap) എന്നതാണ് 2022-2024 ലോക കാൻസർ ദിനത്തിന്റെ തീം. ഇത് കേവലം ഒരു ദിനാചരണം മാത്രമല്ല. ഒന്നിലധികം വർഷം നീണ്ടു നിൽക്കുന്ന ഒരു കാമ്പെയ്‌നാണ്. കാൻസറിനെക്കുറിച്ച് അവബോധം വളർത്താനും ആളുകളിൽ സ്വാധീനം ചെലുത്താനുമുള്ള അവസരമാണ് ഇത് വഴി ലക്ഷ്യം വയ്ക്കുന്നത്. 'ക്ലോസ് ദി കെയർ ഗ്യാപ്പ്' കാമ്പെയ്‌നിന്റെ ഉദ്ഘാടന വർഷം ക്യാൻസർ പരിചരണത്തിലെ ആഗോള അസമത്വങ്ങൾ തിരിച്ചറിയുന്നതിനും അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വേണ്ടിയുള്ളതാണ്. . "I am and I will" എന്ന ആപ്തവാക്യവുമായാണ് 2020ൽ ലോക കാൻസർ ദിനം ആചരിച്ചത്. 2017ൽ ‘എനിക്കും കഴിയും, നമുക്ക് കഴിയും’ എന്നതായിരുന്നു ലോക അർബുദ ദിന തീം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cancer, World Cancer Day