• HOME
  • »
  • NEWS
  • »
  • life
  • »
  • World Food Safety Day | ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം; സുരക്ഷിതമായ ഭക്ഷണത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്താം

World Food Safety Day | ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം; സുരക്ഷിതമായ ഭക്ഷണത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്താം

മനുഷ്യന്റെ ആരോഗ്യം, സാമ്പത്തിക അഭിവൃദ്ധി, സുസ്ഥിര വികസനം, കൃഷി, ടൂറിസം മേഖലകളിലെ വളര്‍ച്ച എന്നിവ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കൂടിയാണ് ഈ ദിനം ആചരിക്കുന്നത്.

  • Share this:
    ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം (World Food Safety Day). ഭക്ഷ്യവസ്തുക്കളില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഒഴിവാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായാണ് എല്ലാ വര്‍ഷവും ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായിആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണവുമായി ബന്ധപ്പെട്ട ആരോഗ്യ അപകട സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുംദൈനംദിന ജീവിതത്തില്‍ ശുചിത്വത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനും കൂടിയാണ്ഈ ദിനം ആചരിക്കുന്നത്.

    മനുഷ്യന്റെ ആരോഗ്യം, സാമ്പത്തിക അഭിവൃദ്ധി, സുസ്ഥിര വികസനം, കൃഷി, ടൂറിസം മേഖലകളിലെ വളര്‍ച്ച എന്നിവ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. വൃത്തിഹീനമായ ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ഇത്തരം പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനും ഭക്ഷ്യസുരക്ഷ (food safety) ഉറപ്പാക്കാന്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നതിന് ജനങ്ങളെയും അധികൃതരെയും ബോധവാന്മാരാക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്.

    ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രമേയം

    ''സുരക്ഷിതമായ ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം'' എന്നതാണ് 2022ലെ ലോക ഭക്ഷ്യാ സുരക്ഷാ ദിനത്തിന്റെ പ്രമേയം (theme). സുരക്ഷിതമായ ഭക്ഷണമാണ് മനുഷ്യന്റെ മെച്ചപ്പെട്ട ആരോഗ്യത്തിന്റെ താക്കോല്‍ എന്നാണ് ലോകാരോഗ്യ സംഘടന (world health organisation) ഈ പ്രമേയം കൊണ്ട് വ്യക്തമാക്കുന്നത്.

    ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന് പിന്നിലെ ചരിത്രം

    2018 ലാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെയും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക ഓര്‍ഗനൈസേഷന്റെയും സംയുക്ത ശ്രമത്തിന്റെ ഭാഗമാണിത്.

    ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രാധാന്യം

    ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും ഏകദേശം 600 മില്യണ്‍ ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വൃത്തിഹീനമായ ഭക്ഷണത്തില്‍ നിന്ന് ഉണ്ടാകുന്ന രോഗങ്ങള്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകളെയും കുട്ടികളെയും സ്ത്രീകളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ബാധിക്കുന്നുണ്ട്.

    മലിനമായ ഭക്ഷണത്തിലും വെള്ളത്തിലുമുള്ള പരാന്നഭോജികള്‍, വൈറസുകള്‍, ബാക്ടീരിയകള്‍ എന്നിവ മൂലമാണ് ഭക്ഷ്യവിഷബാധകൾ ഉണ്ടാകുന്നത്. വിളവെടുപ്പ്, സംസ്‌കരണം, സംഭരണം മുതല്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നതിനു മുമ്പ് വരെ ഭക്ഷണത്തിന്റെ ശുചിത്വം കൃത്യമായി പാലിക്കണം. വൃത്തിയുള്ള ഭക്ഷണം ആളുകള്‍ കഴിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണ് ലോക ഭക്ഷ്യസുരക്ഷാ ദിനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

    ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ ലക്ഷ്യങ്ങള്‍:

    1. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുക, ഭക്ഷണത്തിലൂടെ ബാധിക്കുന്ന രോഗങ്ങള്‍ തടയുക

    2. എല്ലാ മേഖലകളിലും മെച്ചപ്പെട്ട ഭക്ഷ്യ സുരക്ഷയ്ക്കായി സഹകരണപരമായ സമീപനങ്ങള്‍ സ്വീകരിക്കുക

    3. പകര്‍ച്ചവ്യാധികള്‍ നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുകയും സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്യുക. ഭക്ഷ്യവിഷബാധ മൂലമുള്ള മരണം തടയുക

    എല്ലാത്തിനുമുപരി, ഭക്ഷ്യ സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്വമാണ്.
    Published by:Sarath Mohanan
    First published: