എല്ലാ വര്‍ഷവും ഓഗസ്റ്റ് 10നാണ് ലോക സിംഹ ദിനം ആഘോഷിക്കുന്നത്. സിംഹങ്ങളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ അവയുടെ സംരക്ഷണം സംബന്ധിച്ച അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഇങ്ങനെ ഒരു ദിവസം ആഘോഷിക്കുന്നത്. നിലവില്‍, ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (IUCN) റെഡ് ലിസ്റ്റ് പ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവിയായി സിംഹത്തിനെയും പട്ടികപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാട്ടിക് സിംഹം ഇന്ത്യയില്‍ കാണപ്പെടുന്ന അഞ്ച് വലിയ പൂച്ച ഇനങ്ങളില്‍ ഒന്നാണ്. റോയല്‍ ബംഗാള്‍ കടുവ, ഇന്ത്യന്‍ പുള്ളിപ്പുലി, മേഘപ്പുലി, മഞ്ഞു പുലി എന്നിവയാണ് മറ്റ് നാല് ഇനങ്ങള്‍.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗുജറാത്ത് സര്‍ക്കാര്‍ നടത്തിയ സിംഹങ്ങളുടെ സെന്‍സസ് അനുസരിച്ച്, ഇവയുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2015ലെ 523 എണ്ണത്തില്‍ നിന്ന് 2020ല്‍ 674 ആയി സിംഹങ്ങളുടെ സംഖ്യ വര്‍ദ്ധിച്ചു. ഇന്ത്യയില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ദ്ധനവാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയത്.
ലോക സിംഹ ദിനത്തിന്റെ ചരിത്രം
ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നീ മേഖലകളില്‍ സിംഹങ്ങള്‍ സ്വതന്ത്രമായി വിഹരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 100 വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അവയുടെ എണ്ണത്തില്‍ 80 ശതമാനം കുറവുണ്ടായിട്ടുണ്ട്. സിംഹങ്ങള്‍ നിലവില്‍ 25ലധികം ആഫ്രിക്കന്‍ രാജ്യങ്ങളിലും ഒരു ഏഷ്യന്‍ രാജ്യത്തിലുമാണുള്ളത്. സമീപകാല സര്‍വേ അനുസരിച്ച് അവയുടെ എണ്ണം ഏകദേശം 30,000 ല്‍ നിന്ന് 20,000 ആയി കുറഞ്ഞുവെന്നാണ് കണക്കുകള്‍.
ഇന്ത്യയിലുള്ള ഏഷ്യാട്ടിക് സിംഹങ്ങള്‍ കൂടുതലും കാണപ്പെടുന്നത് നിയന്ത്രിത ഗിര്‍ വനത്തിലും ദേശീയോദ്യാന പരിസര പ്രദേശങ്ങളിലുമാണ്. എന്നാല്‍ പണ്ട് ഇവ ഇന്തോ-ഗംഗാ സമതലങ്ങളില്‍ ചുറ്റിനടന്നിരുന്നു. പടിഞ്ഞാറ് സിന്ധ് മുതല്‍ കിഴക്ക് ബീഹാര്‍ വരെയും വ്യാപിച്ചിരുന്നു. സിംഹങ്ങള്‍ ഇന്ത്യന്‍ പുരാണങ്ങളുടെയും രാജകീയ ചിഹ്നങ്ങളുടെയും സാംസ്കാരിക സ്വത്വത്തിന്റെയും ഭാഗമായിരുന്നുവെന്ന് നിരവധി ചിത്രങ്ങളും സാഹിത്യവും സിംഹ വേട്ടയുടെ രേഖകളും വെളിപ്പെടുത്തുന്നു. എന്നാല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് സിംഹങ്ങളെ വലിയ തോതില്‍ വേട്ടയാടുകയും അവയുടെ എണ്ണം വളരെയധികം കുറയുകയും ചെയ്തു.
ലോക സിംഹ ദിനത്തിന്റെ പ്രാധാന്യം
സിംഹങ്ങള്‍ ആവാസവ്യവസ്ഥയിലെ പരമോന്നത വേട്ടക്കാരാണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നതില്‍ സിംഹങ്ങള്‍ക്ക് വളരെ വലിയ പങ്കുണ്ട്. സിംഹങ്ങള്‍ തങ്ങളുടെ ഇരകളുടെ ജനസംഖ്യ ആരോഗ്യകരവും കരുത്തുറ്റതുമായി നിലനിര്‍ത്തുന്നു. കാരണം അവര്‍ കൂട്ടത്തിലെ ദുര്‍ബലരായ ഇരകളെയാണ് ലക്ഷ്യമിടാറുള്ളത്. പരോക്ഷമായി ഇത് ഇരകളുടെ ജനസംഖ്യയില്‍ രോഗനിയന്ത്രണത്തിന് സഹായിക്കുന്നു. സിംഹങ്ങളുടെ സംരക്ഷണം പ്രകൃതിദത്ത വനമേഖലകളുടെയും ആവാസവ്യവസ്ഥകളുടെയും സംരക്ഷണത്തിനും ജൈവവൈവിധ്യം പരിപാലനത്തിനും സഹായിക്കുന്നു.
ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനകം തന്നെ വിവിധ പദ്ധതികളിലൂടെ കാട്ടിലെ രാജാവിനെ സംരക്ഷിക്കാനുള്ള നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ജനസംഖ്യയിലെ വര്‍ദ്ധനവും വനവിസ്തൃതി കുറയുന്നതും കാരണം പ്രകൃതിദത്ത ആവാസവ്യവസ്ഥയെയും ഇരകളെയും തേടി സംരക്ഷിത പ്രദേശങ്ങളില്‍ നിന്ന് വളരെ ദൂരത്തേക്ക് സിംഹങ്ങള്‍ നീങ്ങാന്‍ തുടങ്ങി. ഇത് അവ മനുഷ്യരിലേയ്ക്ക് കൂടുതല്‍ അടുക്കാന്‍ കാരണമായിട്ടുണ്ട്. ആവാസ വ്യവസ്ഥയെ പരിപാലിക്കുന്ന ഈ വേട്ടക്കാരെ സംരക്ഷിച്ചില്ലെങ്കില്‍, പരസ്പരബന്ധിതമായ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടുമെന്ന കാര്യം തീര്‍ച്ചയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lion