• HOME
  • »
  • NEWS
  • »
  • life
  • »
  • World Oceans Day | ഇന്ന് ലോക സമുദ്ര ദിനം; സമുദ്രങ്ങളിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യം മനുഷ്യർക്ക് ഭീഷണിയാകുന്നത് എങ്ങനെ?

World Oceans Day | ഇന്ന് ലോക സമുദ്ര ദിനം; സമുദ്രങ്ങളിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യം മനുഷ്യർക്ക് ഭീഷണിയാകുന്നത് എങ്ങനെ?

ഇന്ന് സമുദ്രങ്ങൾ ജലമലിനീകരണത്താലും പ്ലാസ്റ്റിക് മാലിന്യങ്ങളാലും വലിയ ഭീഷണിയാണ് നേരിടുന്നത്.

  • Share this:
    ഭൂമിയെ (Earth) വാസയോഗ്യമാക്കുകയും മറ്റ് ഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുകയും ചെയ്യുന്ന പ്രധാന പ്രകൃതി വിഭവങ്ങളിലൊന്ന് ജലമാണ് (Water). സമുദ്രങ്ങൾ (Oceans), ഹിമാനികൾ, മറ്റ് ജലാശയങ്ങൾ എന്നിങ്ങനെ വിവിധ രൂപത്തിലാണ് ജലം ഭൂമിയിലുള്ളത്. ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനത്തോളം സമുദ്രങ്ങളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. അവ വിവിധ ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവാസ കേന്ദ്രമാണ്.

    ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് വെള്ളത്തിനടിയിലെ വാസസ്ഥലങ്ങൾ നിർണായകമാണ്. എന്നാൽ ഇന്ന് സമുദ്രങ്ങൾ ജലമലിനീകരണത്താലും പ്ലാസ്റ്റിക് മാലിന്യങ്ങളാലും വലിയ ഭീഷണിയാണ് നേരിടുന്നത്.

    സമുദ്രങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുന്നതിനും അവബോധം വളർത്തുന്നതിനുമാണ് ജൂൺ 8 ലോക സമുദ്ര ദിനമായി (World Oceans Day) ആചരിക്കുന്നത്. 'പുനരുജ്ജീവനം: സമുദ്രത്തിനായുള്ള കൂട്ടായ പ്രവർത്തനം' എന്ന പ്രമേയത്തിലാണ് ഈ വർഷം ലോക സമുദ്ര ദിനം ആചരിക്കുന്നത്. 'സമുദ്രം: ജീവനും ഉപജീവനവും' എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ സമുദ്ര ദിന പ്രമേയം.

    സമുദ്രജലം കുടിക്കാൻ യോഗ്യമല്ലെങ്കിലും, ഇത് ഇപ്പോഴും അമൂല്യമായ പ്രകൃതിവിഭവമാണ്. മനുഷ്യരുടെ അതിജീവനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമായ ഓക്സിജൻ ഉത്പാദിപ്പിക്കുന്നത് സമുദ്രങ്ങളാണ്. ഗ്രഹത്തിലെ ഓക്‌സിജന്റെ ഏതാണ്ട് 50% ഉത്പാദിപ്പിക്കുന്നത് സമുദ്രങ്ങളാണ്. അതിനാൽ, ഈ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് എന്തെങ്കിലും തടസ്സങ്ങളുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്

    പ്ലാസ്റ്റിക്കുകൾ സ്വാഭാവികമായി വിഘടിക്കാൻ വർഷങ്ങളോളം എടുക്കും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് പരിസ്ഥിതിയ്ക്ക് ഏറ്റവും അപകടകരമായ ആഘാതമാണ് സൃഷ്ടിക്കുന്നത്. ഇത് ഒറ്റത്തവണ ഉപയോഗത്തിന് വേണ്ടിയുള്ളതാണെങ്കിലും, അത് വിഘടിപ്പിക്കാൻ നിരവധി വർഷങ്ങൾ എടുത്തേക്കാം. ഇതുവഴി ഭൂമിയും ജലവും നശിക്കുന്നു. സമുദ്രങ്ങൾ പലപ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമായി മാറുന്നു, ഇത് ജലത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്തുന്നു.

    ഇതുകൂടാതെ സമുദ്രങ്ങളിൽ വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്കുകൾ ചെറിയ മൈക്രോപ്ലാസ്റ്റിക് ആയി വിഘടിക്കുന്ന പ്രക്രിയയിലൂടെയും കടന്നുപോകുന്നു.

    ഈ സൂക്ഷ്മകണികകൾ സമുദ്രജീവികളുമായി നേരിട്ട് സമ്പർക്കം പുലർത്തുകയും അവ ഭക്ഷണമായി തെറ്റിദ്ധരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം മൈക്രോ പ്ലാസ്റ്റുകൾ ജലജീവികൾ കഴിക്കുന്നതു വഴി ഈ ചക്രം അവിടെ അവസാനിക്കുന്നില്ല. മനുഷ്യർ ഈ സമുദ്രജീവികളെ ഭക്ഷണമായി ഉപയോഗിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ തിരികെ വീണ്ടും മനുഷ്യരിൽ തന്നെ എത്തുകയും ചെയ്യുന്നു

    മനുഷ്യരുടെ പ്രവൃത്തി മൂലം സമുദ്രങ്ങൾ ഇന്ന് നാശത്തിന്റെ വക്കിലാണ്. അതുകൊണ്ട് തന്നെ നമ്മുടെ തീരുമാനങ്ങൾ പുന:പരിശോധിക്കുകയും ഭൂമിയ്ക്ക് വേണ്ടി ചിന്തിക്കുകയും ചെയ്യേണ്ടത് നിർണായകമാണ്. ഭൂമിയുടെ ഭാവി കൂടുതൽ ദോഷകരമാക്കുന്നതിന് മുമ്പ് പ്ലാസ്റ്റിക് ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതിന് നാം പരിസ്ഥിതി സൗഹൃദ ഉപഭോഗ രീതികളിലേക്ക് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    1.34 ക്യൂബിക്ക് ബില്യൺ കിലോമീറ്റർ ജലമാണ് സമുദ്രത്തിലുള്ളത്. ഭൂമിയിലുള്ള മൊത്തം ജലത്തിന്റെ 97 ശതമാനത്തോളം വരുമിത്. ഉപ്പ്, ക്ലോറിൻ, മഗ്ലീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു.
    Published by:Arun krishna
    First published: