നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Spine Day 2021 | ലോക നട്ടെല്ല് ദിനം: നടുവേദന തടയാനും നട്ടെല്ലിൻ്റെ ആരോഗ്യം നിലനിർത്താനുമുള്ള വഴികൾ

  World Spine Day 2021 | ലോക നട്ടെല്ല് ദിനം: നടുവേദന തടയാനും നട്ടെല്ലിൻ്റെ ആരോഗ്യം നിലനിർത്താനുമുള്ള വഴികൾ

  നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്താനും നടുവേദന തടയാനും സഹായിക്കുന്ന ചില ടിപ്സ് അറിഞ്ഞിരിക്കാം

  back-pain

  back-pain

  • Share this:
   ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങളിൽ ഒന്നാണ് നടുവേദന(Back Pain). ഈ രോഗം പ്രായമായവരിൽ മാത്രമല്ല, മറിച്ച് യുവാക്കൾക്കിടയിലും വർദ്ധിച്ചുവരികയാണ്. ഇരുന്ന് ദീർഘനേരം പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്കാണ് നടുവേദന കൂടുതലായി ഉണ്ടാകാറുള്ളത്. ഉദാസീനമായ ജീവിതശൈലി(Lifestyle) മൂലം നട്ടെല്ലിന്റെ ഡിസ്കുകൾക്കും പുറകിലെ പേശികൾക്കും വളരെയധികം മർദ്ദം അനുഭവപ്പെടുന്നു. ഇത് ദീർഘകാലം നീണ്ടു നിൽക്കുന്ന നടുവേദനയ്ക്ക് കാരണമാകുന്നു.

   ഈ ലോക നട്ടെല്ല് ദിനത്തിൽ, നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്താനും നടുവേദന തടയാനും സഹായിക്കുന്ന ചില ടിപ്സ് അറിഞ്ഞിരിക്കാം.

   നല്ല ഇരിപ്പു രീതി

   കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ജോലി ചെയ്യുന്ന ആളുകൾ, സാധാരണയായി വളരെയധികം സമയം ഇരുന്നു കൊണ്ടാണ് ചിലവഴിക്കാറുണ്ട്. ഇത് കഴുത്ത്, പുറകിലെ പേശികൾ, നട്ടെല്ല് എന്നിവയിൽ മർദ്ദം ചെലുത്തുകയും അത് വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർ പലപ്പോഴും കഴുത്ത് മുകളിലേക്ക് വളച്ചുവെച്ചുകൊണ്ട് കമിഴ്ന്ന് കിടക്കാറുണ്ട്. ഈ ശീലവും നട്ടെല്ലിന് ദോഷകരമാണ്. ശരിയായതും ആരോഗ്യകരവുമായ ഇരിപ്പു രീതി ശീലമാക്കുക. കഴുത്തും നടുവിന്റെ താഴ്ഭാഗവും നേരെ നിൽക്കുന്ന രീതിയിൽ ഇരിക്കാൻ ശ്രമിക്കുക. ഇത് വേദന തടയാൻ നിങ്ങളെ സഹായിക്കും. ഡെസ്ക്ടോപ്പ് മോണിറ്ററിന്റെയോ ലാപ്ടോപ്പിന്റെയോ പൊസിഷനും ഇതിന് അനുസരിച്ച് ക്രമീകരിക്കുക.

   ഇടവേളകൾ

   ജോലിസമയത്ത് ഇടയ്ക്കിടെ ചെറിയ ഇടവേളകൾ എടുക്കുന്നത് ജോലി സംബന്ധമായ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനോടൊപ്പം നമ്മുടെ നട്ടെല്ലിനു മേലുള്ള മർദ്ദം കുറയാനും സഹായിക്കും. പേശികളും ഞരമ്പുകളും ശക്തിപ്പെടുത്താൻ ചലനം സഹായിക്കും. ഒപ്പം അത് നട്ടെല്ലിനും പുറകിലെ പേശികൾക്കും ഗുണം ചെയ്യുകയും ചെയ്യും. ദീർഘനേരം ഒരേ സ്ഥാനത്ത് ഇരിക്കുന്നത് അനാരോഗ്യകരമാണ്. ഇത് ഗുരുതരമായ നടുവേദനയ്ക്ക് കാരണമാകും.

   വ്യായാമങ്ങളും യോഗാസനങ്ങളും

   നമ്മുടെ പേശികൾ, സന്ധികൾ, നട്ടെല്ല് ഡിസ്കുകൾ എന്നിവയുടെ വഴക്കം നിലനിർത്താനും വേദന ലഘൂകരിക്കാനും വ്യായാമം സഹായിക്കും. ഭാഗികമായ ക്രഞ്ചുകൾ, ബ്രിഡ്ജ്, ഹാംസ്ട്രിംഗ് സ്ട്രെച്ചുകൾ, ക്നീ ടു ചെസ്റ്റ്, ക്യാറ്റ് സ്ട്രച്ച് തുടങ്ങിയ, എളുപ്പത്തിൽ ചെയ്യാവുന്നതും ഫലപ്രദവുമായ വ്യായാമങ്ങൾ ശീലമാക്കുക. അധോ മുഖ സ്വനാസനം, ശലഭാസനം, മാർജാരാസനം, ത്രികോണാസനം തുടങ്ങിയ യോഗാസനങ്ങളും നടുവേദന കുറയ്ക്കാൻ സഹായിക്കുന്നു.

   Also Read- Global Handwashing Day 2021 | ഫലപ്രദമായി കൈ കഴുകാന്‍ എട്ടു മാര്‍ഗങ്ങളുമായി ലോക കൈ കഴുകല്‍ ദിനത്തില്‍ മന്ത്രി വീണാ ജോര്‍ജ്

   നടത്തം

   നടുവേദനയും നട്ടെല്ലിന്റെ വേദനയും ഇല്ലാതാക്കാൻ നിത്യവും നടക്കുന്നത് സഹായിക്കും. നമ്മുടെ ഉദാസീനമായ ജോലികൾ ഇടുപ്പിലെ പേശികൾ, നട്ടെല്ല് എന്നിവയെ ദുർബലപ്പെടുത്തുകയും നടുവേദന ഉണ്ടാക്കുകയും ചെയ്യുന്നു. നടത്തം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം നട്ടെല്ലിന്റെ പേശികളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും രക്തത്തിലെ ഓക്സിജന്റെയും പോഷകങ്ങളുടെയും അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പേശികളെ പുനരുജ്ജീവിപ്പിക്കുകയും വേദന ഒഴിവാക്കുകയും ചെയ്യുന്നു.

   ശരിയായ ഭക്ഷണക്രമം

   വർദ്ധിച്ച ശരീരഭാരം നട്ടെല്ലിൽ സമ്മർദ്ദം ചെലുത്തുകയും നട്ടെല്ലിന് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതിനാൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളം വെള്ളം കുടിക്കുക, കുറഞ്ഞ കൊഴുപ്പ്, കാൽസ്യം, ആവശ്യമായ ധാതുക്കൾ നിറഞ്ഞ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശീലിക്കുന്നത് വഴി ശരീര ഭാരം നിയന്ത്രിക്കാൻ സാധിക്കും.
   Published by:Anuraj GR
   First published:
   )}