എല്ലാ വർഷവും നവംബർ 1 നാണ് സസ്യാഹാരികളായ വ്യക്തികൾ ലോക വീഗൻ ദിനം (World Vegan Day) ആഘോഷിക്കുന്നത്. പാലുത്പന്നങ്ങളും മാംസഭക്ഷണങ്ങളും ഒഴിവാക്കി, സമ്പൂർണ വെജിറ്റേറിയൻ ഭക്ഷണക്രമം (Vegetarian Diet) പിന്തുടരുന്നതിനെ ആഘോഷമാക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. സസ്യാഹാരം ജീവിതശൈലിയുടെ ഭാഗമായി സ്വീകരിക്കാൻ ലോക വീഗൻ ദിനം ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. സസ്യാഹാര ജീവിതശൈലി മനുഷ്യന്റെ ആരോഗ്യം നിലനിർത്താനും മൃഗങ്ങളുടെ ക്ഷേമത്തിനും പരിസ്ഥിതിയുടെ സംരക്ഷണത്തിനും സഹായിക്കുമെന്ന് സസ്യാഹാരികളായ മനുഷ്യർ പറയുന്നു. 2021 ൽ ലോക വീഗൻ ദിനത്തിന്റെ 77 -ാം വാർഷികമാണ് ആഘോഷിക്കുന്നത്.
വെജിറ്റേറിയനും വീഗനും തമ്മിലുള്ള വ്യത്യാസം
വെജിറ്റേറിയൻസ് മുട്ടയും ഇറച്ചിയും മറ്റു മാംസ ഉത്പന്നങ്ങളും കഴിക്കില്ല. എന്നാൽ വീഗനുകൾ പാൽ, പാലുൽപന്നങ്ങൾ, മൃഗങ്ങളിൽ നിന്നു ലഭിക്കുന്ന മുട്ട, ജെലാറ്റിൻ, തേൻ എന്നിവയൊന്നും കഴിക്കില്ല. മൃഗോൽപന്നങ്ങളടങ്ങിയ സോപ്പുകളും വസ്ത്രങ്ങളും സൗന്ദര്യോൽപന്നങ്ങളും പോലും ഇവർ ഉപയോഗിക്കില്ല. വെജിറ്റേറിയൻസിനെ അപേക്ഷിച്ച് കൂടുതൽ പരിസ്ഥിതിവാദികളാണ് വീഗനുകൾ.
വെജിറ്റേറിയനാകുക എന്നത് എളുപ്പമാണ്. കാരണം അവർക്ക് പ്രോട്ടീൻ, ധാതുക്കൾ, വൈറ്റമിനുകൾ, നോൺസാച്ചുറേറ്റഡ് ഫാറ്റ് ഇവയെല്ലാം അടങ്ങിയ, മൃഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കാം.എന്നാൽ വീഗനുകൾക്ക് ഇവ ലഭിക്കാൻ മറ്റു മാർഗങ്ങൾ അന്വേഷിക്കേണ്ടിവരും.
വീഗനുകളായി ജീവിക്കുന്നവർക്ക് സൗന്ദര്യവും, സന്തോഷവും, ആത്മ വിശ്വാസവും, പോസിറ്റീവ് എനർജിയും കൂടുതൽ ഉണ്ടാകുമെന്നാണ്പറയപ്പെടുന്നത്.
ലോക വീഗൻ ദിനം: ചരിത്രവും പ്രാധാന്യവും
1994 നവംബർ 1 ന്, യുകെ വീഗൻ സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷിക്കാനും "വീഗൻ" എന്ന പദം ആഘോഷിക്കാനുമാണ് ലോക വീഗൻ ദിനം സ്ഥാപിതമായത്. 1944 നവംബറിലാണ് വീഗൻ സൊസൈറ്റി രൂപീകരിച്ചത്.
വീഗനിസം 2000 വർഷത്തിലേറെയായി നിലനിന്നിരുന്നതായാണ് പറയപ്പെടുന്നത്. അതേസമയം വെജിറ്റേറിയനിസം വീഗനിസത്തിന് 500 വർഷം മുമ്പേ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്നു.
Also Read-
World Vegan Day 2021 | ഇന്ന് ലോക വീഗന് ദിനം: വീഗനിസം ജീവിതശൈലിയാക്കി മാറ്റിയ പ്രമുഖ താരങ്ങളെ പരിചയപ്പെടാം
പ്രശസ്ത ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ പൈതഗോറസ് എല്ലാ ജീവികളോടും സൗഹൃദം പുലർത്തണമെന്ന് വാദിച്ചു. മറ്റു പലരെയും പോലെ ബുദ്ധമതക്കാരും സസ്യാഹാരത്തിലാണ് വിശ്വസിക്കുന്നത്. അവരും ഒരു മൃഗത്തെയും ഒരിക്കലും ഉപദ്രവിക്കരുതെന്ന് വാദിക്കുന്നവരാണ്.
ആർക്കും സ്വീകരിക്കാവുന്ന ആരോഗ്യകരമായ ജീവിതരീതിയാണ് വീഗനിസം. ഒരു വീഗൻ ഡയറ്റിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. സസ്യാഹാരത്തിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലോക വീഗൻ ദിനം ആചരിക്കുന്നത്.
വീഗൻ ഡയറ്റ് സ്വീകരിക്കുന്നതിന് മുമ്പ് ഒരു വീഗൻ ജീവിതശൈലിയുടെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കുന്നത് നല്ലതാണ്.
വീഗൻ ഡയറ്റ് പിന്തുടരുന്നവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 50 മുതൽ 78 ശതമാനം കുറവാണെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സസ്യഭക്ഷണം ശീലമാക്കിയവർ മുഴുധാന്യങ്ങളും നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണവും കഴിക്കുന്നതു കൊണ്ടാകാം രോഗസാധ്യത കുറയുന്നത്. ഇവ സാവധാനമേ വിഘടിക്കൂ. രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കും. ചോക്ലേറ്റ് മിഠായികൾ, മറ്റു റിഫൈൻഡ് ഫുഡ്സ് ഇവ ഒഴിവാക്കണം.
ലോക വീഗൻ ഡേ: ലോകമെമ്പാടുമുള്ള ആഘോഷങ്ങൾ
ലോക വീഗൻ ദിനം ലോകമെമ്പാടും വിവിധ രീതികളിലാണ് ആചരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിലുള്ള കാർണിവലുകൾ, പാചക ഉത്സവങ്ങൾ, പൊതുയോഗങ്ങൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.