• HOME
  • »
  • NEWS
  • »
  • life
  • »
  • World Wetlands Day | ഇന്ന് ലോക തണ്ണീർത്തട ദിനം; ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ നീർത്തടങ്ങളുടെ പ്രാധാന്യം

World Wetlands Day | ഇന്ന് ലോക തണ്ണീർത്തട ദിനം; ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ നീർത്തടങ്ങളുടെ പ്രാധാന്യം

ആളുകൾക്കും പ്രകൃതിക്കും വേണ്ടിയുള്ള തണ്ണീർത്തട പ്രവർത്തനം എന്നതാണ് ഈ വർഷത്തെ ലോക തണ്ണീർത്തട ദിനാചരണത്തിന്റെ പ്രമേയം.

  • Share this:
    ഇന്ന് ലോക തണ്ണീർത്തട ദിനം (World Wetlands Day). വെള്ളംകെട്ടി നിൽക്കുന്നതും ചതുപ്പുനിലങ്ങളുമടങ്ങുന്നതാണ് തണ്ണീർത്തടങ്ങൾ (Wetlands). ഇവിടം വിവിധയിനം ജീവജാലങ്ങളെ പിന്തുണയ്ക്കുന്നു. പ്രകൃതിദത്തവും കൃത്രിമവുമായ തണ്ണീർത്തടങ്ങൾ ജൈവവൈവിധ്യവും പാരിസ്ഥിതിക ആരോഗ്യവും നിലനിർത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്നു. 1997 മുതൽ എല്ലാ വർഷവും ഫെബ്രുവരി 2ന് ലോക തണ്ണീർത്തട ദിനമായാണ് ആചരിക്കുന്നത്. ജൈവവൈവിധ്യത്തിന് (Biodiversity) വലിയ സംഭാവനകൾ നൽകുന്ന തണ്ണീർത്തടങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുക, കാലാവസ്ഥാ ആഘാതം ലഘൂകരിക്കുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനും തണ്ണീർതടങ്ങളുടെ പ്രാധാന്യം ആളുകളെ മനസ്സിലാക്കിക്കുക എന്നിവയാണ് ഈ വാർഷിക ദിനാചരണത്തിന്റെ ലക്ഷ്യം.

    ലോക തണ്ണീർത്തട ദിനത്തിന്റെ ചരിത്രം

    1971 ഫെബ്രുവരി 2ന് ഇറാനിലെ റാംസാറിൽ വച്ച് തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള ഒരു കൺവെൻഷനിൽ ഒരു അന്താരാഷ്ട്ര ഉടമ്പടിയായി ലോക തണ്ണീർത്തട ദിനം അംഗീകരിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30നാണ് ലോക തണ്ണീർത്തട ദിനം ആചരിച്ചത്. എന്നാൽ ഈ വർഷം 75/317 പ്രമേയം അംഗീകരിച്ച യുഎൻ ജനറൽ അസംബ്ലി ഫെബ്രുവരി 2 തന്നെ ലോക തണ്ണീർത്തട ദിനമായി ആചരിക്കാൻ ഔദ്യോഗിക അംഗീകാരം നൽകി.

    1997 മുതൽ തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ പ്രവർത്തനങ്ങളും മറ്റ് പരിപാടികളും നടത്താറുണ്ട്. തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി പോസ്റ്ററുകൾ, ലോഗോകൾ പോലുള്ളവയും ഈ ദിവസം പ്രചരിപ്പിക്കാറുണ്ട്.

    തണ്ണീർത്തട സംരക്ഷണത്തെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നതിനായി, 2015 മുതൽ എല്ലാ വർഷവും ഫെബ്രുവരി 2 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന യുവജന ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിക്കാറുണ്ട്. മത്സരം 15 മുതൽ 24 വയസ്സുവരെയുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്നവർ തണ്ണീർത്തടങ്ങളുടെ ഒരു ഫോട്ടോ വീതം സമർപ്പിക്കണം. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ലോക തണ്ണീർത്തട ദിന വെബ്‌സൈറ്റിലാണ് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടത്. വിജയിക്ക് അവർക്ക് ഇഷ്ടമുള്ള ഒരു തണ്ണീർത്തടം സന്ദർശിക്കാം.

    ലോക തണ്ണീർത്തട ദിനത്തിന്റെ പ്രാധാന്യം

    തണ്ണീർത്തടങ്ങൾ വളരെ പ്രാധാന്യമുള്ള ഒരു ആവാസവ്യവസ്ഥയാണ്. അവ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളെ അവയുടെ ആവാസവ്യവസ്ഥയിൽ തഴച്ചുവളരാൻ സഹായിക്കുന്നു. തണ്ണീർത്തടങ്ങൾ നശിപ്പിച്ച് അവയ്‌ക്ക് മീതെ കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നത് പാരിസ്ഥിതികമായി വലിയ തിരിച്ചടികൾക്ക് കാരണമാകും. അതുകൊണ്ട് തന്നെ ലോക തണ്ണീർത്തട ദിനം, നമ്മുടെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആളുകളെ ഓർമ്മിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.

    ലോക തണ്ണീർത്തട ദിനത്തിന്റെ തീം

    ആളുകൾക്കും പ്രകൃതിക്കും വേണ്ടിയുള്ള തണ്ണീർത്തട പ്രവർത്തനം എന്നതാണ് ഈ വർഷത്തെ ലോക തണ്ണീർത്തട ദിനാചരണത്തിന്റെ പ്രമേയം. തണ്ണീർത്തടങ്ങൾ അപ്രത്യക്ഷമാകാതെ സംരക്ഷിക്കാനും നശിക്കാറായവ പുനഃസ്ഥാപിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും അഭ്യർത്ഥിക്കുന്നു. തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ മൂലധനവും രാഷ്ട്രീയവും പൗര പിന്തുണയും ഈ കാമ്പയിൻ ഉയർത്തിക്കാട്ടുന്നു.
    Published by:Naveen
    First published: