• HOME
  • »
  • NEWS
  • »
  • life
  • »
  • റമളാനില്‍ നോമ്പില്ല; വൈകിട്ട് ആഘോഷവും: വിയറ്റ്നാമിലെ വിചിത്രമായ അനുഭവം വിവരിച്ച് എഴുത്തുകാരൻ എമ്മാർ

റമളാനില്‍ നോമ്പില്ല; വൈകിട്ട് ആഘോഷവും: വിയറ്റ്നാമിലെ വിചിത്രമായ അനുഭവം വിവരിച്ച് എഴുത്തുകാരൻ എമ്മാർ

"റാമവാന്‍ തുടങ്ങുന്നതിന്റെ തലേനാള്‍ സമുദായത്തിലെ എല്ലാവരും അവരുടെ ശ്മശാനത്തില്‍ (കുട്ട് എന്നാണവര്‍ വിളിക്കുന്നത്) എത്തിച്ചേരുന്നു. തങ്ങളുടെ പൂര്‍വ്വികരെ ഓര്‍മ്മിക്കാനും അവര്‍ക്ക് ആദരമര്‍പ്പിക്കാനും വേണ്ടിയാണ് അവിടെ എത്തുന്നത്"

Cham Baniv Vietnam

Cham Baniv Vietnam

  • Share this:
    (വിയറ്റ്‌നാം യാത്രക്കിടെ അവിടത്തെ മുസ്ലിം വിഭാഗങ്ങളില്‍ക്കണ്ട വിചിത്രമായ റമളാന്‍ അനുഭവങ്ങള്‍ വിവരിക്കുകയാണ് എഴുത്തുകാരന്‍ മുജീബുറഹ്മാന്‍ കിനാലൂര്‍ എന്ന എമ്മാര്‍)

    റമളാന്‍ ആരംഭിച്ചു കഴിഞ്ഞു. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും മുസ്ലിംകളുടെ വ്രത മാസാചരണത്തിന് ഒരേ രൂപവും രീതികളുമാണ്. പകല്‍ മുഴുവന്‍ അന്നപാനം വെടിയുന്നു, പള്ളികള്‍ സജീവമാകുന്നു, വീടുകള്‍ ഖുര്‍ആന്‍ പാരായണം കൊണ്ട് മുഖരിതമാകുന്നു, അസ്തമയത്തോടെ നോമ്പ് അവസാനിപ്പിക്കുന്നു, പിന്നീട് നിശാ നമസ്‌കാരം, അത്താഴം.

    ഓരോ രാജ്യത്തും അവരവരുടെ ഭക്ഷ്യ വിഭവങ്ങളാകും ഉണ്ടാകുക. എങ്കിലും നോമ്പ് തുറക്കാന്‍ എവിടെയും ഈത്തപ്പഴം തന്നെയാണ്. നോമ്പ് തുറക്കാനുള്ള സമയമറിയിച്ച് കൊണ്ടുള്ള പെരുമ്പറ ഇന്നും പല രാജ്യങ്ങളില്‍ നില നില്‍ക്കുന്നു; കേരളത്തില്‍ ഇപ്പോള്‍ ഇത് കാണാനില്ല.



    ഇതില്‍ നിന്നൊക്കെ തീര്‍ത്തും ഭിന്നമായി റമളാന്‍ ആചരിക്കുന്ന ഒരു സവിശേഷ ജനതയുണ്ട് വിയറ്റ്നാമില്‍. അവര്‍ക്കൊപ്പം റമളാന്‍ ചെലവിട്ട അനുഭവം അതിശയകരമായ ഓര്‍മ്മയാണ്. 2019ല്‍ വിയറ്റ്നാമിലേക്ക് നടത്തിയ യാത്രയുടെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്ന് ആ അപൂര്‍വ സമുദായത്തെ കുറിച്ച് പഠിക്കുകയായിരുന്നു.

    ഒരു നിന്‍ത്വാന്‍ സാഹസികത 

    വിയറ്റ്നാമില്‍ നിന്‍ത്വാന്‍ എന്ന ഒരു ഗ്രാമത്തിലാണവര്‍ ജീവിക്കുന്നത്.വിയറ്റ്നാമിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള പ്രവിശ്യയിലാണ് ഈ ഗ്രാമം. ഹോച്ച്മിനില്‍ നിന്ന് 350 കിലോ മീറ്റര്‍ ദൂരെയാണ് നിന്‍ത്വാന്‍. ഈ ഗ്രാമത്തിലുള്ള ഒരാളെ എങ്ങനെയെങ്കിലും കണ്ടുപിടിക്കുക എന്നതായിരുന്നു എന്റെ മുന്നിലുള്ള ഒന്നാമത്തെ കടമ്പ.

    സൈഗോണിലെ ചില പള്ളികളില്‍ നോമ്പ് തുറക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ട ചിലരുമായി ഞാന്‍ ബാനി ചാം മേഖലയില്‍ പോകുന്ന വിവരം പറഞ്ഞിരുന്നു.അവരില്‍ ചിലര്‍ ആ ഭാഗത്ത് പരിചയമുള്ളവരുടെ ചില നമ്പറുകൾ തരികയും ചെയ്തു. പക്ഷെ ഒന്നും ഉപകരിച്ചില്ല; അവര്‍ക്ക് വിയറ്റ്നാം ഭാഷ മാത്രമേ അറിയൂ. ഞാന്‍ നിന്‍ത്വാനെ പറ്റി വായിക്കാന്‍ ഗൂഗിള്‍ ചെയ്തപ്പോള്‍ ഒരു വിയറ്റ്നാമീസ് മാഗസിന്‍ കണാനിടയായി. നിര്‍ഭാഗ്യത്തിനു അതും വിയറ്റ്നാം ഭാഷയില്‍ തന്നെ.



    മാഗസിനില്‍ കണ്ട ഒരു ലേഖകന്റെ പേര്‍ കോപ്പി ചെയ്ത് ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ടോ എന്ന് നോക്കി. ഇല്ല!, ആ പേരില്‍ അക്കൗണ്ടില്ല. ലേഖനത്തില്‍ നിരവധി ഫോട്ടോകള്‍ ഉണ്ടായിരുന്നു. ഫോട്ടോ ക്രെഡിറ്റ് കൊടുത്തിട്ടുണ്ട്. അതിലൊന്നിന് എഫ് ബി യില്‍ ഒരു അക്കൗണ്ട് ഉള്ളതായി കണ്ടുപിടിച്ചു; ജമന്‍ ഇവാന്‍ എന്നായിരുന്നു ഫോട്ടോഗ്രാഫറുടെ പേര്‍.

    ഫോട്ടോഗ്രാഫറുടെ വാളില്‍ പോയപ്പോള്‍ അവിടെ മാഗസിനില്‍ കണ്ട പടങ്ങള്‍ ഇരിപ്പുണ്ട്. ഉടനെ മെസ്സഞ്ചറില്‍ ജമന്‍ ഇവാന്ന് ഒരു മെസ്സേജ് ഇട്ടു. ഫ്രന്റ് അല്ലാത്തതു കൊണ്ടാകാം, മെസ്സേജ് റീഡ് ചെയ്തതയി പോലും കാണിക്കുന്നില്ല. പിന്നീട് ആ അക്കൗണ്ട് ഹോള്‍ഡരുടെ ഫോണ്‍ നമ്പർ കണ്ടു പിടിച്ച് വിളിക്കാന്‍ ശ്രമിച്ചു. ഫോണ്‍ റിംഗ് ചെയ്തു. ജമന്‍ ഫോണ്‍ എടുത്തു. പക്ഷെ അയാള്‍ മറുപടി ഒന്നും പറയുന്നില്ല. അയാള്‍ക്കും ഇംഗ്ലിഷ് വശമില്ല. ഞാന്‍ മെസ്സെഞ്ചര്‍ ഓപ്പണ്‍ ചെയ്യൂ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

    പിന്നീട് ചാറ്റ് തുടങ്ങി. മറുപടിക്ക് അല്‍പം താമസമുണ്ടായിരുന്നു. കാരണം അയാള്‍ക്ക് ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ തുറന്ന് വെച്ച് വേണം കമ്യൂണിക്കേറ്റ് ചെയ്യാന്‍. ഞാന്‍ എന്റെ യാത്രാ ഉദ്ദേശ്യത്തെ പറ്റി പറഞ്ഞു. അയാളുടെ ഫോട്ടോകള്‍ കണ്ടാണ് വിളിച്ചത് എന്നും പറഞ്ഞു. അയാള്‍ക്ക് താല്‍പര്യമായി. ബസ് ഇറങ്ങേണ്ട സ്ഥലവും സമയവുമെല്ലാം പറഞ്ഞു തന്നു. വാസ്തവത്തില്‍ പ്രസ് ഫോട്ടോഗ്രാഫര്‍ അല്ല അയാള്‍; ഫോട്ടോഗ്രഫി പഠിച്ചിട്ടുണ്ടെങ്കിലും.

    ഞാന്‍ ഹോച്ചിമിന്‍ സിറ്റിയില്‍ നിന്ന് ബസ്സ് കയറി. മണിക്കൂറുകള്‍ കഴിഞ്ഞ് ജമന്‍ പറഞ്ഞ ചെറുനഗരത്തില്‍ ഇറങ്ങി. അവിടെ നിന്ന് കുറേ ഉള്ളിലായാണ് എനിക്ക് പോകേണ്ട ഗ്രാമം. ബസ്സിറങ്ങി അല്‍പസമയത്തിനകം ബൈക്കില്‍ അയാള്‍ വന്നു. ഞാന്‍ എഫ് ബി യിലെ പ്രൊഫെയില്‍ പടം ഒത്തു നോക്കി അതേ, ജമന്‍ ഇവാന്‍ തന്നെ. ഹലോ പറഞ്ഞു എന്നല്ലാതെ പിന്നെ ഒന്നും പറയാന്‍ കഴിയുന്നില്ല. അയാളും ഞാനും പരസ്പരം മിണ്ടാനാകാതെ വീര്‍പ്പ് മുട്ടി. ഞങ്ങള്‍ക്കിടയില്‍ ഭാഷ വിലങ്ങനെ നിന്ന് കളഞ്ഞു!.

    എന്നെയും കൊണ്ട് അയാള്‍ വണ്ടി എടുത്തു. എങ്ങോട്ടെന്നറിയാതെ ഞാന്‍ പുറകിലും. കുറേ ഓടി ഞങ്ങള്‍ ഒരിടത്ത് എത്തി. ജമന്റെ സുഹൃത്തായ മറ്റൊരു ഫോട്ടോഗ്രാഫര്‍ ഇന്റ്ര്ജയ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അയാള്‍ നന്നായി ഇംഗ്ലിഷ് സംസാരിക്കുന്നു. ശ്വാസം വീണു.  ജയ എന്നെ ഗ്രാമത്തില്‍ എത്തിക്കാനും എന്നെ ഗൈഡ് ചെയ്യാനും ഒരു വിദ്യാര്‍ത്ഥിയെ ഏര്‍പ്പാട് ചെയ്തു തന്നു. അവനും ഇംഗ്ലീഷ് സംസാരിക്കില്ല. എങ്കിലും മിടുക്കനാണ്.

    അവന്‍ എന്തു ചെയ്‌തെന്നോ?

    എന്റെയും അവന്റെയും ഫോണില്‍ ഒരു വോയ്‌സ് ട്രാന്‍സ്ലേറ്റര്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്തു. ഞാന്‍ ഇംഗ്ലീഷില്‍ പറഞ്ഞാല്‍ മതി. ആപ്പ് അത് വിയറ്റ്‌നാമില്‍ തര്‍ജ്ജമ ചെയ്‌തോളും. അവന്റെ വിയറ്റ്‌നാമീസ് ഭാഷ ആപ്പ് എനിക്ക് ഇഗ്ലീഷിലേക്കും തര്‍ജ്ജമ ചെയ്യും. കമ്യൂണിക്കേഷന്‍ അല്‍പം സ്ലോ ആകുമെങ്കിലും കാര്യം നടക്കും. അവന്‍ എന്നെ ബൈക്കിന്റെ പുറകില്‍ കയറ്റി ഇരുത്തി ഫോണ്‍ കീ ബോഡില്‍ മൈക്ക് അമര്‍ത്തി: chúng ta hãy b?t d?u.. എന്ന് മൊഴിഞ്ഞു. 'എന്നാല്‍ തുടങ്ങാം എന്ന് പരിഭാഷ!



    ചാം ബനി സമുദായത്തിന്റെ റാമവാന്‍

    സൗത്ത് ഈസ്റ്റ് ഏഷ്യയിലെ കംബോഡിയ, വിയറ്റ്‌നാം, ലാവോസ്, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്നു നില്‍ക്കുന്ന ഒരു സമുദായമാണ് ചാം സമുദായം. ചാം സമുദായത്തില്‍ ഹിന്ദു, മുസ്ലിം മത വിശ്വാസികളുണ്ട്. ഈ രണ്ട് മതങ്ങളുടെയും കലര്‍പ്പുള്ള ഒരു സവിശേഷ ന്യൂനപക്ഷം കംബോഡിയയിലും വിയറ്റ്നാമിലും ജീവിക്കുന്നുണ്ട്.



    ചാം ബനി എന്നറിയപ്പെടുന്ന ഈ സമുദായത്തില്‍ റമളാന്‍ മാസം 'റാമവാന്‍' എന്ന പേരിലാണ് വിചിത്രമായി ആചരിക്കുന്നത്. എനിക്ക് കൂട്ടായി വന്ന യുവാവിന്റെ പേര്‍ യങ് ടിന്‍ എന്നായിരുന്നു. അവന്‍ ചാം ബാനി കുടുംബത്തില്‍ പെട്ട ഒരാളാണ്.അവന്‍ എന്നെ തന്റെ വീട്ടിലേക്ക് കൊണ്ട് പോയി. വീട്ടുകാര്‍ സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്.



    റാമവാന്‍ ഈ സമുദായത്തിനു ഒരുത്സവകാലം പോലെയാണ്. എല്ലാ വീടുകളിലും അതിന്റെ അലയൊലികള്‍ കാണാം. പകലില്‍ അന്നപാനം വെടിഞ്ഞുള്ള വ്രതമനുഷ്ഠിക്കുന്നില്ല അവര്‍. സാധാരണക്കാര്‍ പകല്‍ മാംസാഹാരം ഒഴിവാക്കും. അത്രതന്നെ. എന്നാല്‍ സമുദായത്തിനു വേണ്ടി പൂര്‍ണ വ്രതം എടുക്കുവാന്‍ കുറച്ച് പേര്‍ ഉണ്ട്; അവര്‍ പുരോഹിതന്മാരാണ്. അച്ചര്‍ എന്നാണവര്‍ വിളിക്കപ്പെടുന്നത്.

    ഞാന്‍ കയറി ചെല്ലുമ്പോള്‍ വീട്ടിലെ പ്രായം ചെന്ന സ്ത്രി വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില തുടങ്ങിയവ പ്രത്യേകമായ ഒരു കൂടയില്‍ തയ്യാറാക്കുകയാണ്. വെറ്റിലക്കൂട്ടിന് പുറമെ സിഗരറ്റും തീപ്പെട്ടിയുമുണ്ട്. ഇത് വൈകുന്നേരം സാങ്മുഖിയിലേക്ക് (അവരുടെ പള്ളി) കാണിയ്ക്ക കൊണ്ട് പോകാനുള്ളതാണ്. നോമ്പ് തുറക്കുമ്പോള്‍ പുരോഹിതന്മാര്‍ക്ക് കഴിക്കാനുള്ള ഭക്ഷണവും വീടുകളില്‍ നിന്നാണ് കൊണ്ട് പോകുന്നത്. ഒരു മാസക്കാലം പുരോഹിതന്മാര്‍ സാങ്മുഖിയില്‍ തന്നെ കഴിഞ്ഞ് കൂടും.
    അച്ചര്‍മാര്‍ അല്‍പം എടുത്ത് രുചിച്ച ശേഷം ഭക്ഷണ സാധനങ്ങള്‍ പ്രത്യേകം വര്‍ണ്ണക്കുട്ടകളില്‍ വീട്ടിലേക്ക് മടക്കി കൊണ്ട് വന്ന് അവര്‍ കഴിക്കും.

    റാമവാന്‍ തുടങ്ങുന്നതിന്റെ തലേനാള്‍ സമുദായത്തിലെ എല്ലാവരും അവരുടെ ശ്മശാനത്തില്‍ (കുട്ട് എന്നാണവര്‍ വിളിക്കുന്നത്) എത്തിച്ചേരുന്നു. തങ്ങളുടെ പൂര്‍വ്വികരെ ഓര്‍മ്മിക്കാനും അവര്‍ക്ക് ആദരമര്‍പ്പിക്കാനും വേണ്ടിയാണ് അവിടെ എത്തുന്നത്. ഞാന്‍ ആ 'കുട്ട്' ചെന്ന് കണ്ടു. ഒരോ ഖബറുകളുടെയും ഇരു വശങ്ങളിലായി വലിയ ഉരുളന്‍ കല്ലുകള്‍ വെച്ചിരിക്കുന്നു. വീട്ടിലെ മുതിര്‍ന്ന സ്ത്രീകളാണ് പരമ്പരാഗതമായി പൂര്‍വ്വികരുടെ പേരും ഖബറിടവും ഓര്‍ത്ത് വെക്കുന്നത്. റാമവാന്‍ തലേന്ന് ഖബറിടത്തില്‍ വെച്ച് മുട്ടില്‍ കുമ്പിട്ട് പൂര്‍വ്വികര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നതും സ്ത്രീകള്‍ തന്നെ. മാതൃദായ ക്രമം പിന്തുടരുന്നത് കൊണ്ട് സമുദായ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.



    സാങ്മുഖിയിലെ ചടങ്ങുകള്‍

    സാങ്മുഖിയില്‍ നോമ്പ് മുറിക്കുന്ന ചടങ്ങ് ഒരു മണിക്കൂറോളം നീണ്ട് നില്‍ക്കുന്നതാണ്. എനിക്ക് അത് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ സാങ്മുഖിയില്‍ പോകാന്‍ ചില ചിട്ടവട്ടങ്ങള്‍ ഉണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. കുളിച്ച് ശുദ്ധിയാവണം, പൂര്‍ണമായും വെള്ള വസ്ത്രം ധരിക്കണം. ഞാന്‍ സമ്മതിച്ചു. വീട്ടിനുള്ളിലെ ബാത്ത് റൂമില്‍ എനിക്ക് കുളിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിത്തന്നു. ഒരു വെള്ള മുണ്ട് എനിക്ക് ഉടുക്കാന്‍ അവര്‍ തന്നെ തന്നു.

    വൈകുന്നേരം ആയപ്പോഴേക്കും റോഡുകളില്‍ വെള്ള വസ്ത്രധാരികളുടെ ബഹളമാണ്. അവരെ കണ്ടാല്‍ മാര്‍ഗം കളിക്ക് വേഷമണിഞ്ഞത് പോലെയുണ്ട്. സ്ത്രീകള്‍ തലയില്‍ വെറ്റിലക്കൂടയും വെച്ചാണ് സാങ്മുഖിയിലേക്ക് പോകുന്നത്. നടന്നും ബൈക്കിലും സൈക്കിളിലുമായി തലയില്‍ താംബൂലത്താലവുമയി പോകുന്ന സ്ത്രീ പുരുഷന്മാര്‍ വിസ്മയകരമായ കാഴ്ചയാണ്. കുട്ടികളും യുവതികളുമെല്ലാം ഒരേ വേഷത്തില്‍.



    സാങ്മുഖിയില്‍ ഞാന്‍ എത്തിയപ്പോള്‍ അവിടെ വേദപാരായണം നടക്കുകയാണ്. ചാം ഭാഷയില്‍ അതിന്റെ വ്യാഖ്യാനവുമുണ്ട്. സാങ്മുഖിയുടെ കവാടത്തിലും അകത്തും അല്ലാഹു, മുഹമ്മദ് എന്ന് അറബിയില്‍ എഴുതിയിട്ടുണ്ട്. ഭക്തര്‍ നിലത്ത് പായയില്‍ ഇരിക്കുന്നു. സാങ്മുഖിയുടെ മുന്‍വശം വെറ്റിലത്താലങ്ങള്‍ കുന്നു കൂടിയിട്ടുണ്ട്. അകത്ത് പുരോഹിതന്മാരുടെ സ്ഥാനവസ്ത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. പുരോഹിതരില്‍ രണ്ട് വിഭാഗത്തെ കണ്ടു. തൊപ്പി വെച്ചവരും തലയില്‍ കെട്ടിയവരും. അത് അവരുടെ പദവിയുടെ സൂചനയാണ്.

    നോമ്പ് മുറിക്കാന്‍ സമയമായി. പുരോഹിതരില്‍ ഒരാള്‍ നടുത്തളത്തില്‍ ഡ്രം തൂക്കിയിട്ട ഭാഗത്തേക്ക് നടന്നു. പെട്ടന്ന് എല്ലാവരും നിശബ്ദരായി. ഉടനെ ഉയര്‍ന്ന ശബ്ദത്തില്‍ മുട്ട് തുടങ്ങി. അത് അവരോഹണത്തില്‍ തുടര്‍ന്നു. അപ്പോള്‍ പ്രധാന പുരോഹിതന്മാര്‍ ഒരു കയ്യില്‍ കിണ്ടിയുമായി അങ്ങോട്ട് നീങ്ങി. കവാടത്തില്‍ സ്ഥാപിച്ച കല്ലില്‍ വെള്ളം കുടഞ്ഞ് അവര്‍ അകത്ത് വരിയായി ഇരുന്നു. കോളാമ്പി പോലുള്ള ഓരോ പാത്രങ്ങളിലേക്ക് അവര്‍ മുഖം കഴുകി. അല്‍പസമയ ശേഷം എന്തോ മന്ത്രോച്ചാരണം മുഴങ്ങി. അതോടെ പുരോഹിതന്മാര്‍ അണി നിരന്നു. മുസ്ലിംകളുടെ നമസ്‌കാരത്തിന്റെ ഏതാണ്ട് മാതൃകയിലുള്ള പ്രാര്‍ത്ഥന തുടങ്ങി. ഖുര്‍ആനില്‍ നിന്നുള്ള ചില അധ്യായങ്ങളാണ് പാരായണം ചെയ്യുന്നതെന്ന് സൂക്ഷിച്ച് ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി.



    കൈകെട്ടി നിറുത്തം, കാല്‍ മുട്ടില്‍ സ്പര്‍ശിച്ച് നേരേ സാഷ്ടാംഗം, അതിനിടെ കുടിക്കുന്ന പോലെ ആംഗ്യം, ഇടക്ക് ഇരിക്കുമ്പോള്‍ ഒരേ താളത്തില്‍ ചാമരം വീശല്‍, തസ്ബീഹ് മാല പ്രത്യേക രീതിയില്‍ കറക്കല്‍.. ഇതൊക്കെയാണു പ്രാര്‍ത്ഥനാരൂപം. അതിനിടെ പുരോഹിതന്മാര്‍ പ്രത്യകമായ രാഗത്തില്‍ മൂളുന്നു. പുരോഹിതന്മാരല്ലാതെ വേറെ ആരും അവരെ പിന്തുടരുന്നില്ല.

    എന്നാല്‍ സ്ത്രീകള്‍ മേലോട്ട് കൈകള്‍ ഉയര്‍ത്തി തൊഴുന്നു. അവര്‍ നടുത്തളത്തിലേക്ക് കടന്ന് കുമ്പിട്ട് കിടന്ന് കൈകള്‍ മേലോട്ട് ഉയര്‍ത്തി തൊഴുന്നു. എണ്ണത്തില്‍ കുറവാണെങ്കിലും പുരുഷന്മാരും തൊഴുന്നുണ്ട്. യുവസാന്നിധ്യവും കുറവാണ്. പ്രാര്‍ത്ഥന കഴിഞ്ഞ് ഭക്ഷണമാണ്. പുരോഹിതന്മാര്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നതോടെ ഭക്തര്‍ പുറത്തേക്ക് പ്രവഹിച്ചു തുടങ്ങി.

    ഈ ദേവാലയത്തില്‍ പടമോ വിഗ്രഹങ്ങളോ ഒന്നുമില്ല. എന്നാല്‍ അല്ലാഹുവിലും മുഹമ്മദ് നബിയിലും വിശ്വസിക്കുന്നതോടൊപ്പം ശിവന്‍, വിഷ്ണു തുടങ്ങിയ ഹിന്ദുദൈവങ്ങളിലും ഇവര്‍ വിശ്വസിക്കുന്നു. വീടുകളിലും വിഗ്രഹങ്ങളൊന്നും കാണാനില്ല. അവിടെയുള്ള മറ്റ് മുസ്ലിംകളെ പോലെയാണു വേഷവും ജീവിത രീതികളും.

    ഞാന്‍ അവരുടെ വീടുകളില്‍ സൂക്ഷിച്ച വിശുദ്ധ ഗ്രന്ഥങ്ങള്‍ വാങ്ങി നോക്കി. അവ എല്ലാം എഴുതി ഫോട്ടോ കോപ്പി എടുത്തതാണ്. എഴുത്തിനൊരു ചാം ചുവയുണ്ടെങ്കിലും അറബിയാണ്. ഖുര്‍ആനില്‍ നിന്നുള്ള ചില ഭാഗങ്ങളാണു അവരുടെ വിശുദ്ധ ഗ്രന്ഥം. ചാം ബാനി സമൂഹത്തിന്റെ വിശ്വാസ ആചാര സംസ്‌കാര രീതികളെല്ലാം പ്രതീക പ്രധാനവും വിസ്മയാവഹവുമാണ്.
    Published by:Asha Sulfiker
    First published: