കുട്ടികളെ നന്നായി വളര്‍ത്തുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാനപ്പെട്ട ഒരു കാര്യമാണ്. കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്താന്‍ ഒരു രക്ഷിതാവ് ഉത്തരവാദിത്ത ബോധമുള്ളവരായിരിക്കണം. മാത്രമല്ല, തങ്ങളുടെ ഭാഗത്തുനിന്ന് അശ്രദ്ധ വരാതെ ശ്രദ്ധിക്കുകയും വേണം.
കുട്ടിയെ അമിതമായി സംരക്ഷിക്കുക, കുട്ടിക്ക് വേണ്ടത്ര സ്വകാര്യത അനുവദിക്കാതിരിക്കുക എന്നിങ്ങനെ വിവിധ തരത്തിലുള്ള തെറ്റുകള്‍ മാതാപിതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചില തെറ്റുകള്‍ (parenting blunders) കുട്ടിയുടെ മാനസികാരോഗ്യത്തില്‍ (mental health problems) പ്രശ്നങ്ങളുണ്ടാക്കും. അത്തരത്തിലുള്ള ചില തെറ്റുകള്‍ എന്തൊക്കെയെന്ന് നോക്കാം.
താരതമ്യം ചെയ്യല്‍
കുട്ടികള്‍ക്ക് അവരുടെ കരിയര്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. എന്നാല്‍ മാതാപിതാക്കള്‍ അവര്‍ക്ക് ഇഷ്ടമുള്ള കരിയര്‍ തെരഞ്ഞെടുക്കാന്‍ നിര്ബന്ധിക്കുമ്പോള് അവര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടും. എല്ലായ്പ്പോഴും നല്ല ശമ്പളമുള്ള ജോലി എന്നതിലുപരി അവരുടെ താല്‍പ്പര്യത്തിനനുസരിച്ചുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാന്‍ അനുവദിക്കണം. മറ്റുള്ളവയുമായി എല്ലായ്പ്പോഴും താരതമ്യം ചെയ്യുമ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെടാനും വിഷാദവും ഉത്കണ്ഠ ഉണ്ടാകുന്നതിനും ഇടയാക്കും. ഇത് അവര്‍ തെരഞ്ഞെടുത്ത മേഖലയിലേക്കുള്ള താല്‍പ്പര്യം നഷ്ടപ്പെടാനും കാരണമായേക്കാം.
Also Read-
കുട്ടികൾക്ക് ശ്രദ്ധക്കുറവുണ്ടോ? ലിസണിംഗ് സ്കില്‍ മെച്ചപ്പെടുത്താൻ ചില ടിപ്പുകള്‍ ഇതാ
മൈക്രോമാനേജ്മെന്റ്
നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ അമിതമായി നിരീക്ഷിക്കുകയാണെങ്കില്‍ അത് സ്പൂണ്‍-ഫീഡിങായി മാറും. കുട്ടികളില്‍ പ്രശ്നപരിഹാര മനോഭാവം വികസിപ്പിക്കാന്‍ ഇത് അനുവദിക്കുന്നില്ല. തല്‍ഫലമായി, കുട്ടികള്‍ മാതാപിതാക്കളെ അമിതമായി ആശ്രയിക്കുകയും സ്വന്തം കാലിൽ നില്ക്കാന് കഴിയാതെ വരികയും ചെയ്യുന്നു. ബുദ്ധിയുള്ളവരാണെങ്കിലും, അവരുടെ പക്വതയില്ലായ്മ ജീവിതത്തിലെ ചെറിയ പ്രശ്നങ്ങള്‍ പോലും ശരിയായി പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്നു.
Also Read-
രാജ്യത്ത് ഗർഭിണികളാകുന്ന കൗമാരപ്രായക്കാരുടെ എണ്ണത്തിൽ നേരിയ കുറവെന്ന് സർവേ
ഭീഷണിപ്പെടുത്തല്‍
ചിലപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ വളരെയധികം നിയന്ത്രിക്കാറുണ്ട്. അവര്‍ എല്ലാ കാര്യങ്ങളും കുട്ടികളെ നിര്‍ദ്ദേശിക്കുന്നു. എന്തെങ്കിലും തിരഞ്ഞെടുക്കാനോ ആസ്വദിക്കാനോ ഉള്ള ഒരു സ്വാതന്ത്ര്യവും അവര്‍ക്ക് നല്‍കുന്നില്ല. ഇത് കുട്ടികള്‍ നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ അവരെ ശിക്ഷിക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നു. ഇവിടെ കുട്ടികള്‍ക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെടും. മറ്റുള്ളവരുമായി വിശ്വാസവും അടുപ്പവും വളര്‍ത്തിയെടുക്കുന്നത് ഇത്തരം കുട്ടികള്‍ക്ക് വളരെ വലിയ ബുദ്ധിമുട്ടായി മാറും.
കുട്ടിയുടെ വികാരങ്ങളെ മനസ്സിലാക്കാതിരിക്കുക
കുട്ടികളുമായി നല്ല ആശയവിനിമയം നടത്തുന്നത് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കും. അവര്‍ അങ്ങനെ ചെയ്യുമ്പോള്‍, ആ വികാരങ്ങളെ എതിര്‍ക്കുകയോ നിങ്ങളുടെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയോ ചെയ്യാതെ അവ കേട്ടിരിക്കുക. അവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക.
അവഗണന
കുട്ടികളെ അവഗണിക്കുകയും അവരുടെ നേട്ടങ്ങള്‍ക്ക് വില കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്നത് അവരെ ആത്മവിശ്വാസക്കുറവിലേക്ക് നയിച്ചേക്കാം. ഇത് നിങ്ങളുടെ സ്നേഹവും ശ്രദ്ധയും ലഭിക്കാന്‍ അവര്‍ അയോഗ്യരാണെന്ന ചിന്തയിലേയ്ക്ക് നയിക്കും. വൈകാരികമായ അവഗണന കുട്ടികളെ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും അവരെ കേള്‍ക്കാനും ആരുമില്ലെന്ന തോന്നല്‍ ഉണ്ടാക്കാന്‍ ഇടവരുത്തരുത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.