തൃശൂർ: മോഷണം പോയ ബാഗിലെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകാൻ കരഞ്ഞപേക്ഷിച്ച് യുവാവ്. ഗൂഡല്ലൂർ സ്വദേശി വിഷ്ണു പ്രസാദാണ് മോഷ്ടിച്ച ബാഗിലെ സർട്ടിഫിക്കറ്റുകൾ തന്റെ ജീവിതമാണെന്നും അവ മാത്രം നൽകിയാൽ മതിയെന്നും അപേക്ഷിച്ചിരിക്കുന്നത്. പത്താംതീയതിയാണ് വിഷ്ണു പ്രസാദിന്റെ ബാഗ് മോഷണം പോയത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനായി റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് ബാഗ് മോഷണം പോയത്.
also read:ഫാത്തിമ ലത്തീഫിന്‍റെ മരണത്തിന് കാരണക്കാരനായ സുദർശൻ പദ്മനാഭൻ ആരാണ് ?
വിഷ്ണുവിന് ഏഴു വർഷത്തെ സാധാരണ ജോലിക്ക് ശേഷം ജർമൻ കപ്പലില്‍ നല്ല ശമ്പളമുള്ള ജോലി ലഭിച്ചിരുന്നു. ഇതിനായി കമ്പനിയെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കാണിക്കാനായി പോകുന്നതിനിടെയാണ് ബാഗ് മോഷണം പോയത്. സ്റ്റേഷനിലെ കാത്തിരിപ്പ് മുറിയില്‍ ട്രെയിൻ കാത്തിരിക്കുകയായിരുന്നു വിഷ്ണു. ഇടയ്ക്കൊന്ന് മയങ്ങിപ്പോയി. ഉണർന്നു നോക്കിയപ്പോള്‍ മടിയിൽ വെച്ചിരുന്ന ബാഗ് കാണാനില്ല. ഉടൻ തന്നെ റെയിൽവെ പൊലീസിൽ അറിയിച്ചു.
കാത്തിരിപ്പു മുറിയിലെ സിസിടിവികളൊന്നും പ്രവർത്തിക്കാത്തതു കാരണം കള്ളനെ കണ്ടെത്താൻ കഴിഞ്ഞില്ല. റെയിൽവെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് ദിവസമായി നഗരത്തിൽ സർട്ടിഫിക്കറ്റ് അന്വേഷിച്ച് നടക്കുകയാണ് വിഷ്ണു.
ആ ബാഗിലെ ഫോണും വസ്ത്രങ്ങളും കള്ളൻ എടുത്തോട്ടെ. ഇരുപത് വർഷത്തോളം പഠിച്ചുണ്ടാക്കിയ സർട്ടിഫിക്കറ്റുകൾ തിരികെ വേണം. സർട്ടിഫിക്കറ്റുകൾ കാണിച്ചാൽ മാത്രമേ നിയമന ഉത്തരവ് ലഭിക്കൂ- മനോരമ ന്യൂസിനോട് വിഷ്ണു പറഞ്ഞു. പ്രതിമാസം 85,000 രൂപ ശമ്പളത്തില്‍ വിഷ്ണുവിന് ലഭിച്ച ജോലിയാണ് വീടിന്റെ പ്രതീക്ഷ. അതിനാൽ സർട്ടിഫിക്കറ്റുകളുമായി ഉപേക്ഷിക്കപ്പെട്ട ബാഗ് കണ്ടെത്തിയാൽ അറിയിക്കണമെന്നാണ് വിഷ്ണുവിന്റെ അപേക്ഷ.
അതേസമയം വിഷ്ണുവിനെ സഹായിക്കണമെന്ന് അഭ്യർഥിച്ച് സിനിമാതാരങ്ങളും രംഗത്തെത്തിയിരിക്കുന്നു. നടൻമാരായ സണ്ണി വെയിൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും വാർത്ത പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ സഹായം അഭ്യർഥിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരൻ 4 ദിവസങ്ങളായി തൃശ്ശൂർ നഗരത്തിൽ അലയുകയാണ്. ഈ വാർത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാൻ കഴിഞ്ഞേക്കും- എന്നാണ് താരങ്ങളുടെ അപേക്ഷ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.