നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ജെപി മോര്ഗന് ചേയ്സ് ആന്റ് കമ്പനി. പുതിയ ബാങ്ക് ജീവനക്കാരെ നിയമിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിരിച്ചുവിടൽ നടപടിയെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
‘കമ്പനിയുടെ ബിസിനസ്സും ഉപഭോക്തൃ ആവശ്യങ്ങളും ഞങ്ങള്‍ പതിവായി അവലോകനം ചെയ്യുകയും അതിനനുസരിച്ച് ജീവനക്കാരില്‍ വേണ്ട ക്രമീകരണം നടത്തുകയും ചെയ്യുന്നുണ്ട്. ആവശ്യമുള്ളിടത്ത് പുതിയ ജീവനക്കാരനെ നിയമിക്കുന്നു, ഉചിതമായ സമയത്ത് ജീവനക്കാരെ വെട്ടി കുറയ്ക്കുന്നു,’ ഒരു കമ്പനി വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
2024-ഓടെ ചെറുകിട ബിസിനസുകള്‍ക്കായി 500-ലധികം ബാങ്കര്‍മാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി ജെപിഎം നേരത്തെ പറഞ്ഞിരുന്നു. ‘ഞങ്ങള്‍ ഇപ്പോഴും ലോകമെമ്പാടും ശാഖകള്‍ തുറക്കുകയാണ്, അതിലേക്ക് ബാങ്കര്‍മാര്‍, കണ്‍സ്യൂമര്‍ ബാങ്കര്‍മാര്‍, ചെറുകിട ബിസിനസ്സ് ബാങ്കര്‍മാര്‍, മിഡില്‍ മാര്‍ക്കറ്റ് ബാങ്കര്‍മാര്‍, എന്നിവരെ നിയമിക്കുന്നു.” കമ്പനി സിഇഒ ജാമി ഡിമോണ്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
Also read-Disney | ഡിസ്നിയിലും കൂട്ടപ്പിരിച്ചുവിടല്‍; 7000ത്തോളം പേർക്ക് ജോലി നഷ്ടമാകും
ഗോള്‍ഡ്മാന്‍ സാച്ച്സ് ഗ്രൂപ്പ് ഇങ്ക്, മോര്ഗന് സ്റ്റാന്‍ലി എന്നിവയുള്‍പ്പെടെയുള്ള വാള്‍സ്ട്രീറ്റ് ഭീമന്മാര്, സാമ്പത്തിക നില മോശമാകുന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ജോലികള്‍ വെട്ടിക്കുറച്ചിരുന്നു. ഇതിനൊപ്പമാണ് മോര്‍ട്ട്ഗേജ് ലെന്‍ഡര്‍മാരും ജീവനക്കാരെ വെട്ടിക്കുറച്ചത്.
കമ്പനിയിലെ 6,650ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ ടെക്നോളജീസ് നേരത്തെ പറഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള തങ്ങളുടെ അഞ്ചു ശതമാനത്തോളം ജീവനക്കാരെയാകും പിരിച്ചുവിടല്‍ ബാധിക്കുകയെന്ന് കമ്പനി അറിയിച്ചിരുന്നു. ചില വിപണി സാഹചര്യങ്ങളെ നേരിടാനാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് കമ്പനിയുടെ കോ-ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് പറഞ്ഞു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഡെല്ലിന്റെയും മറ്റ് ഹാര്ഡ്വെയര് നിര്‍മാതാക്കളുടെയും ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും 2022-ന്റെ നാലാം പാദത്തോടെ കമ്പ്യൂട്ടര്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞതായി ഇന്‍ഡസ്ട്രി അനലിസ്റ്റ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്പ്പറേഷന് (ഐഡിസി) പറഞ്ഞു. പ്രമുഖ കമ്പനികളുടെ കാര്യമെടുത്താല്‍, ഡെല്‍ ആണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. 2021നെ അപേക്ഷിച്ച് 37 ശതമാനം കുറവാണ് ഡെല്ലിന്റെ കയറ്റുമതിയില്‍ ഉണ്ടായത്. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി പുതിയ നിയമനങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണെന്നും യാത്രാ ചെലവുകള്‍ വെട്ടിക്കുറക്കുകയാണെന്നുമാണ് ജെഫ് ക്ലാര്‍ക്ക് അറിയിച്ചത്. കമ്പനിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമമെന്നും ഡെല്‍ വക്താവ് അറിയിച്ചു. ഒക്ടോബർ 28-ന് അവസാനിച്ച പാദത്തിൽ ഡെല്ലിന്റെ വിൽപനയിൽ 6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.