സാധാരണക്കാരനെ സംബന്ധിച്ച് ബജറ്റ് എന്നാൽ ഏതൊക്കെ സാധനങ്ങൾക്ക് വില കൂടും കുറയുമെന്നതാണ് പ്രധാന കാര്യം. അതുകഴിഞ്ഞാൽ മധ്യവർഗക്കാരൻ ഉറ്റുനോക്കുന്നത് ആദായനികുതി ഇളവിൽ എന്ത് മാറ്റമാണ് ഉള്ളതെന്നാണ്. ഇത്തവണ ആദായനികുതി ഇളവ് വർദ്ധിപ്പിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നികുതിയിളവ് വർദ്ധിക്കുമ്പോൾ കൂടുതൽ പേർ നികുതി അടയ്ക്കാൻ തയ്യാറാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറയുന്നു.
നികുതിസംവിധാനത്തിൽ സുതാര്യതകൊണ്ടുവന്നതിലൂടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ബിസിനസ്സ്, വാണിജ്യ ഇടപാടുകളിൽനിന്നുള്ള നികുതി വരുമാനം വർദ്ധിപ്പിക്കാനായി. ചെക്കുകളിലൂടെയും ഓൺലൈൻ ഇടപാടുകളിലൂടെയുമാണ് ഇത് നികുതി വരുമാനം സർക്കാരിന് ലഭിക്കുന്നത്. ധനവിനിമയത്തിന്റെ കാര്യത്തിൽ സുതാര്യത വർദ്ധിക്കുന്നുവെന്നതാണ് പ്രത്യേകത. പണം കടത്താനുള്ള സാധ്യത വളരെയധികം കുറയുന്നു. അതുകൊണ്ടാണ് നികുതിവരുമാനം മുൻകാലങ്ങളേക്കാൾ ഉയർന്നത്.
ബിസിനസ്സ് ഇടപാടുകൾ കൂടുതൽ കൃത്യവും ക്രമക്കേടുകളുമില്ലാത്തതുമാക്കാൻ ഈ ബജറ്റിൽ സീതാരാമൻ കർശനമായ നിർദേശങ്ങൾ നൽകുമെന്നാണ് റിപ്പോർട്ട്. അവ പ്രാബല്യത്തിലാകുമെങ്കിൽ, ബിസിനസ്സ് ഇടപാടുകളിലെ നികുതി വരുമാനം കൃത്യമാകും. രൂപ വന്നാലും രൂപ പോയാലും എല്ലാം കേന്ദ്രത്തിന് അറിയാം. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ ആർക്കും നികുതിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. അത്തരമൊരു സംവിധാനം കൊണ്ടുവരുന്നതിൽ കേന്ദ്രം ആഴത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
ആദായനികുതി മിനിമം പരിധി നിലവിൽ 2.5 ലക്ഷം രൂപയാണ്. ഈ പരിധി 5 ലക്ഷം രൂപയായി ഉയർത്താനാണ് ആളുകൾ ആഗ്രഹിക്കുന്നത്. ഇത് സംഭവിക്കുകയാണെങ്കിൽ ജിഡിപിയുടെ നികുതി വിഹിതം നഷ്ടപ്പെടുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. സ്വീഡനിലെ ജിഡിപിയുടെ നികുതി വിഹിതം നിലവിൽ 27.9% ആണ്. ന്യൂസിലാന്റിൽ 27.8 ശതമാനവും ലക്സംബർഗിൽ 26 ശതമാനവും നോർവേയിൽ 22.5 ശതമാനവുമാണ്. ഇന്ത്യയിൽ ജിഡിപിയുടെ നികുതി വിഹിതം 11 ശതമാനമാണ്. ജിഡിപിയുടെ നികുതി വിഹിതം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തന്ത്രപരമായ ബജറ്റ് നിർമ്മല സീതാരാമൻ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.