• HOME
  • »
  • NEWS
  • »
  • money
  • »
  • Economics Nobel Prize | ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയുംക്കുറിച്ചുള്ള പഠനത്തിന് സാമ്പത്തിക നൊബേല്‍; പുരസ്കാരം പങ്കിട്ട് മൂന്ന് പേർ

Economics Nobel Prize | ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയുംക്കുറിച്ചുള്ള പഠനത്തിന് സാമ്പത്തിക നൊബേല്‍; പുരസ്കാരം പങ്കിട്ട് മൂന്ന് പേർ

1969 നും 2021 നും ഇടയില്‍ 89 പേര്‍ക്കായി 53 തവണ സാമ്പത്തിക നൊബേൽ പുരസ്‌കാരം നല്‍കിയിട്ടുണ്ട്

Nobel-2022_Economics

Nobel-2022_Economics

  • Share this:
    2022ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൗബ്വിഗ് എന്നിങ്ങനെ മൂന്ന് പേര്‍ക്കാണ് ഇത്തവണത്തെ പുരസ്‌ക്കാരം ലഭിച്ചത്. ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണ് പുരസ്‌കാരം ലഭിച്ചത്. സ്വെറിജസ് റിക്‌സ്ബാങ്ക് സമ്മാനം എന്നും അറിയപ്പെടുന്ന പുരസ്‌ക്കാരം ആല്‍ഫ്രെഡ് നൊബേലിന്റെ സ്മരണക്കായാണ് നല്‍കി വരുന്നത്.

    ബാങ്കുകള്‍, ബാങ്ക് നിയന്ത്രണം, ബാങ്കിംഗ് പ്രതിസന്ധികള്‍, സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവ എങ്ങനെ കൈകാര്യം ചെയ്യണം എന്നിവയെക്കുറിച്ചുള്ള നമ്മുടെ ധാരണ വര്‍ധിപ്പിക്കുന്നതിനായുള്ള ഗവേഷണങ്ങളില്‍ ബെര്‍നാങ്കെ, ഡയമണ്ട്, ഡൈബ്വിഗ് എന്നിവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണെന്ന് നൊബേല്‍ കമ്മിറ്റി പറഞ്ഞു.

    നൊബേല്‍ സമ്മാന ജേതാക്കള്‍ തയ്യാറാക്കിയ സൈദ്ധാന്തിക മാതൃകകള്‍ ബാങ്കുകള്‍ എന്തിനാണ് നിലനില്‍ക്കുന്നതെന്നും, ബാങ്ക് തകര്‍ച്ചയും, സമൂഹത്തിന് ഈ അപകടസാധ്യത എങ്ങനെ കുറയ്ക്കാം' എന്നിവയെക്കുറിച്ച്‌ വിശദീകരിക്കുന്നതായും നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി.

    ഈ വര്‍ഷത്തെ മൂന്ന് പുരസ്‌കാര ജേതാക്കളിൽ രണ്ട് പേരായ ഡയമണ്ടും ഡൈബ്വിഗും ബാങ്കുകളുടെ ദുരവസ്ഥ മറികടക്കുന്നതിനായി ഒരു പരിഹാരം മുന്നോട്ട് വെക്കുകയും ചെയ്തു. സര്‍ക്കാരില്‍ നിന്നുള്ള ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് അതിനൊരു പരിഹാരമായിരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തങ്ങളുടെ പണത്തിന് ഗ്യാരന്റി നല്‍കിയിട്ടുണ്ടെന്നത് നിക്ഷേപകര്‍ക്ക് ബാങ്കുകളോടുള്ള വിശ്വാസം വര്‍ധിപ്പിക്കും.

    ഡയമണ്ടിന്റെ പഠനങ്ങളില്‍ ബാങ്കുകള്‍ സുപ്രധാനമായ സാമൂഹിക റോളുകള്‍ നിര്‍വഹിക്കുന്നതായും പറയുന്നു. ബാങ്കുകള്‍ പണം സമ്പാദിക്കുന്നവര്‍ക്കും കടം വാങ്ങുന്നവര്‍ക്കും ഇടയില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല ഇത് കടം വാങ്ങുന്നവരുടെ ക്രെഡിറ്റ് യോഗ്യത മനസ്സിലാക്കുന്നതിനും വായ്പകള്‍ നല്ലരീതിയില്‍ നിക്ഷേപിക്കുന്നതായി ഉറപ്പാക്കാനും സഹായിക്കും.


    1969 നും 2021 നും ഇടയില്‍ 89 പേര്‍ക്കായി 53 തവണ സാമ്പത്തിക നൊബേൽ പുരസ്‌കാരം നല്‍കിയിട്ടുണ്ട്. 2021-ല്‍ അമേരിക്ക ആസ്ഥാനമായ മൂന്ന് സാമ്പത്തികവിദഗ്ധര്‍ക്കാണ്‌
    സാമ്പത്തിക നൊബേല്‍ ലഭിച്ചത്‌. ഡേവിഡ് കാര്‍ഡ്, ജോഷ്വ ഡി ആന്‍ഗ്രിസ്റ്റ്, ഗൈഡോ ഡബ്ല്യൂ. ഇമ്പെന്‍സ് എന്നീ മൂന്ന് സാമ്പത്തിക ശാസ്ത്രജഞര്‍ക്കാണ് സമ്മാനം ലഭിച്ചത്. തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട പഠനത്തിനാണ് ഡേവിഡ് കാര്‍ഡ് പുരസ്‌കാരത്തിന് അര്‍ഹനായത്. കാഷ്വല്‍ റിലേഷന്‍ഷിപ്പുമായി ബന്ധപ്പെട്ട മേഖലയിലെ സംഭാവനകളാണ് മറ്റ് രണ്ട് പേരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

    Also Read- Nobel Peace Prize | മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലെസ് ബിയാലിയറ്റ്സ്കിയും 2 സംഘടനകളും സമാധാന നൊബേൽ പങ്കിട്ടു

    അതേസമയം, ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അലന്‍ ആസ്‌പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സിലിംഗര്‍ എന്നിവര്‍ക്കാണ് നൊബേല്‍. ക്വാണ്ടം മെക്കാനിക്‌സിലെ സംഭാവനകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

    ക്വാണ്ടം മെക്കാനിക്‌സിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് ഇവര്‍. ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ് തുടങ്ങിയ പുതിയ ശാസ്ത്ര ശാഖകള്‍ക്കും ഇവരുടെ പരീക്ഷണം ഊര്‍ജം നല്‍കിയിട്ടുണ്ട്.

    കഴിഞ്ഞവർഷവും ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടിരുന്നു. സ്യൂകുരോ മനാബെ, ക്ലോസ് ഹാസെൽമാൻ, ജ്യോർജിയോ പാരിസി എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
    Published by:Anuraj GR
    First published: