• HOME
 • »
 • NEWS
 • »
 • money
 • »
 • Tips To Prepare A Will | വിൽപ്പത്രം തയ്യാറാക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

Tips To Prepare A Will | വിൽപ്പത്രം തയ്യാറാക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

ആദിൽ ഷെട്ടി, സിഇഒ, ബാങ്ക് ബസാർ ഡോട്ട് കോം

 • Last Updated :
 • Share this:
  വീട്ടിലെ ഏറ്റവും മുതിർന്നയാളുടെയോ രക്ഷിതാവിന്റയോ മരണശേഷം കുടുംബങ്ങളിൽ സ്വത്തുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, കുടുംബത്തിൽ ഒന്നിലധികം അവകാശികളുണ്ടാവുന്നതും, സ്വത്ത് വീതം വെക്കുമ്പോൾ പരിഗണിക്കപ്പെടുന്ന ആളുകളുടെ എണ്ണം കൂടുന്നതുമെല്ലാം സ്വാഭാവികമാണ്. വീട്ടിലെ മുതിർന്ന ആളുടെ മരണശേഷം സമാധാനപരമായി പിന്തുടർച്ചാ അവകാശം കൈമാറുന്നത് പലപ്പോഴും സംഭവിക്കാറില്ല. എന്നാൽ, നേരത്തെ തന്നെ നിയമപരമായി കാര്യങ്ങൾ ചെയ്ത് വെച്ചിട്ടുണ്ടെങ്കിൽ കൂടുതൽ സങ്കീർണമാവാതെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യാറുണ്ട്.

  നിങ്ങളുടെ പിന്തുടർച്ചാ അവകാശികൾ ആരെല്ലാമാണെന്നും ആസ്തികൾ എന്തെല്ലാമാണെന്നും, അവ എങ്ങനെയാണ് അവകാശികൾക്ക് കൈമാറാൻ ഉദ്ദേശിക്കുന്നതെന്നുമടക്കമുള്ള കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്ന നിയമസാധുതയുള്ള രൂപരേഖയാണ് വിൽപത്രം എന്ന് പറയുന്നത്. ആർക്കൊക്കെ എന്താണ് നൽകേണ്ടതെന്നും ഓഹരികൾ എങ്ങനെയാണ് വീതം വെക്കുന്നതെന്നും വ്യക്തമാക്കിയാൽ കുടുംബാംഗങ്ങൾക്ക് പിന്നീട് തർക്കിക്കേണ്ട അവസ്ഥ വരില്ല.

  Also Read- രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; ഡോളറുമായുള്ള വിനിമയ നിരക്ക് ആദ്യമായി 80 കടന്നു

  നിങ്ങൾ കഠിന്വാധാനം ചെയ്തുണ്ടാക്കിയ സ്വത്ത്, ആഭരണങ്ങൾ, ബാങ്ക് ബാലൻസ് എന്നിവയും മറ്റ് ആസ്തികളും ദുരുപയോഗം ചെയ്യപ്പെടാതെ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ തന്നെ പിന്തുട‍ർച്ചാ അവകാശികൾക്ക് നിങ്ങളുടെ ആഗ്രഹപ്രകാരം കൈമാറാൻ സാധിച്ചുവെന്നുള്ള സമാധാനവും സന്തോഷവും നിങ്ങൾക്കുണ്ടാവും.

  അതിനാൽ, ഒരു വിൽപത്രം എഴുതി വെക്കുകയെന്നത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. അത് നിങ്ങൾക്ക് മാത്രമല്ല, മറ്റുള്ളവ‍ർക്കും ഗുണം ചെയ്യുന്നതാണെന്ന് മനസ്സിലാക്കുക. വിൽപ്പത്രം ധാരാളം സമ്പത്തുള്ളവ‍ർ മാത്രം തയ്യാറാക്കേണ്ടതല്ലെന്ന് എപ്പോഴും പറയാറുണ്ട്. അത് എല്ലാവരും തയ്യാറാക്കണം. വിൽപ്പത്രം വളരെ ലളിതമായി എഴുതി തയ്യാറാക്കിയാൽ മതി. എന്നാൽ അത് ശരിയായി ചെയ്യണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. നന്നായി ചിന്തിച്ച്, വ്യക്തമായ പദ്ധതികളോടെ, കാര്യങ്ങൾ സമഗ്രമായി പഠിച്ചാണ് വിൽപത്രം തയ്യാറാക്കേണ്ടത്. വൈകാരികമായി കാര്യങ്ങളെ നോക്കിക്കാണുന്നതിന് പകരം വിവേകത്തോടെയാണ് ഇക്കാര്യത്തിൽ മുന്നോട്ട് പോവേണ്ടത്.
  Also Read- പത്തുപവന്‍ കളഞ്ഞുകിട്ടിയിട്ടും മനസിളകിയില്ല; ചോർന്നൊലിയ്ക്കുന്ന വീട്ടിലേക്ക് ഒരു കോടി കമ്മീഷന്‍

  ഒരു വിൽപ്പത്രം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ താഴെ പറയുന്നവയാണ്:

  കൃത്യമായ പ്രഖ്യാപനങ്ങൾ

  നിങ്ങളുടെ പേര്, വയസ്സ്, വിലാസം, മാതാപിതാക്കളുടെ പേര് എന്നിങ്ങനെയുള്ള പൂർണ്ണമായ വ്യക്തിഗത വിശദാംശങ്ങൾ വിൽപ്പത്രത്തിൽ ഉണ്ടെന്ന് ഉറപ്പാക്കുക. ചുരുക്കെഴുത്തുകളൊന്നും ഉപയോഗിക്കരുത്. നിങ്ങൾ പൂ‍ർണബോധത്തിൽ, മറ്റൊരാളുടെയും സ്വാധീനമില്ലാതെ എഴുതുന്നതാണെന്ന് വ്യക്തമാക്കുക. എത്ര കൃത്യമായി വിശദാംശങ്ങൾ നൽകുന്നുവോ അത് വളരെ നല്ലതായിരിക്കും.

  ആസ്തി നിർണയം

  നിങ്ങളുടെ സാമ്പത്തികവും ഭൗതികവുമായ ആസ്തികൾ സമഗ്രമായി വിലയിരുത്തുക. എല്ലാ ആസ്തികളും ഉൾപ്പെടുത്തി ഒരു ലിസ്റ്റ് തയ്യാറാക്കുക. കയ്യിൽ എന്തെല്ലാമാണുള്ളതെന്ന് അപ്പോൾ നിങ്ങൾക്ക് ബോധ്യമാവും. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ, ലോക്കറുകൾ, ഇൻഷുറൻസ് പോളിസികൾ, ഷെയറുകളിലെ നിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ ബോണ്ടുകൾ, പിപിഎഫ്, ഇപിഎഫ് പോലള്ള റിട്ടയർമെന്റ് ഫണ്ടുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടണം.

  ആരാണ് നടപ്പിലാക്കേണ്ടത്?

  നിങ്ങളുടെ മരണശേഷം മാത്രമാണ് വിൽപ്പത്രം നടപ്പിലാക്കാൻ പോകുന്നത്. അതിനാൽ തന്നെ നിങ്ങൾ ആഗ്രഹിച്ച തരത്തിൽ തന്നെ അത് നടപ്പായോയെന്ന് നിങ്ങൾക്ക് ഉറപ്പിക്കാൻ സാധിക്കില്ല. നിങ്ങളുടെ മരണശേഷം വിൽപത്രം നടപ്പിലാക്കാനും അതിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനും ഒരു വ്യക്തിയെ നേരത്തെ തന്നെ കണ്ടുപിടിക്കേണ്ടതുണ്ട്. നിങ്ങളുടെ മരണശേഷം വിൽപ്പത്രത്തിൽ പറഞ്ഞത് പോലെത്തന്നെ സ്വത്ത് വിതരണം ചെയ്തോയെന്ന് ഉറപ്പാക്കേണ്ട ചുമതല ഈ വ്യക്തിക്കാണ്. ആരെയാണോ വിൽപ്പത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ഏൽപ്പിക്കുന്നത് അവരുടെ പേര്, പൂർണമായ മേൽവിലാസം, അവരുമായുള്ള നിങ്ങളുടെ ബന്ധം എന്നിങ്ങനെ മുഴുവൻ വിശദാംശങ്ങളും വിൽപത്രത്തിൽ സൂചിപ്പിക്കണം. നിയമപരമായ സങ്കീ‍ർണത ഇല്ലതാക്കാൻ ഇത് സഹായിക്കും. കുടുംബത്തിലെ മറ്റുള്ളവ‍‍ർക്ക് ആശയക്കുഴപ്പം ഇല്ലാതാവുകയും ചെയ്യും.

  അവകാശികൾ അല്ലെങ്കിൽ ഗുണഭോക്താക്കൾ

  നിങ്ങളുടെ ആസ്തികളുടെ ഗുണഭോക്താക്കളാകേണ്ട കുടുംബാംഗങ്ങളുടെയോ വ്യക്തികളുടെയോ പേരുകൾ പട്ടികപ്പെടുത്തുക. ബന്ധങ്ങൾ, സാമ്പത്തികം, വൈകാരികമായ കാര്യങ്ങൾ എന്നിവയെല്ലാം പരിഗണിക്കേണ്ടി വരും. ഇത് വളരെ തന്ത്രപരമായി ചെയ്യേണ്ട കാര്യമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. അവകാശികളുടെ വിളിപ്പേരുകൾ കർശനമായി ഒഴിവാക്കിക്കൊണ്ട് അവരുടെ മുഴുവൻ പേരുകളും ഉപയോഗിക്കുവാൻ എപ്പോഴും ശ്രദ്ധിക്കണം. വിളിപ്പേരുകൾക്ക് നിയമപരമായ സാധുത ലഭിക്കണമെന്നില്ല.

  അവകാശികളുടെ പേരുകൾക്കൊപ്പം, അവരുടെ വിലാസങ്ങൾ, ഔദ്യോഗിക ജനനത്തീയതി, അവരുമായുള്ള നിങ്ങളുടെ ബന്ധം തുടങ്ങിയ വിശദാംശങ്ങൾ കൂടി ചേർക്കുക. നിങ്ങൾ നേരത്തെ തീരുമാനിച്ചിരിക്കുന്ന അനുപാതത്തിൽ ആസ്തികൾ അവർക്ക് വീതിച്ച് നൽകാം. നിങ്ങളുടെ നിർദ്ദേശങ്ങൾ വ്യക്തമാണെന്നും പിന്നീട് തെറ്റായി വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള പരാമ‍ർശങ്ങൾ ഇല്ലെന്നും ഉറപ്പാക്കുക. ആവശ്യമെങ്കിൽ, നിങ്ങൾക്ക് സാമ്പത്തിക, നിയമ വിദഗ്ധരിൽ നിന്ന് പ്രൊഫഷണൽ സഹായം ലഭിക്കും.

  സാക്ഷികൾ

  വിൽപ്പത്രം തയ്യാറാക്കുമ്പോൾ പ്രധാനമായും രണ്ട് സാക്ഷികൾ ഒപ്പിടേണ്ടതുണ്ട്. അതിന് പറ്റിയ ആളുകളെ മുൻകൂട്ടി കണ്ടെത്തേണ്ടതുണ്ട്. സാക്ഷികൾ സ്വത്ത് പങ്ക് വെക്കുന്നവരിൽ പെടുന്ന അവകാശികളാവാൻ പാടുള്ളതല്ല. വിൽപത്രം തയ്യാറായിക്കഴിഞ്ഞാൽ രണ്ട് പേരെങ്കിലും ശരിയായി ഒപ്പിടുകയും തീയതി രേഖപ്പെടുത്തുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

  നിങ്ങളുടെ വിൽപത്രം വായിക്കാനും അതിലെ ഉള്ളടക്കം അറിയാനും സാക്ഷികൾ ആവശ്യമില്ലെന്ന് ഓർമ്മിക്കുക. എന്നാൽ നിങ്ങൾ വിൽപ്പത്രം ഒപ്പിടുമ്പോൾ നിയമപരമായി കുറഞ്ഞത് രണ്ട് സാക്ഷികളെങ്കിലും ആവശ്യമാണ്. സാക്ഷികളുടെ സാന്നിധ്യത്തിൽ ഒപ്പിടുന്നതോടെ അതിൻെറ നിയമസാധുത പിന്നീട് ചോദ്യം ചെയ്യപ്പെടുകയില്ല. വിൽപത്രം സാക്ഷ്യപ്പെടുത്തിയതിന്റെ തെളിവ് നിങ്ങൾ ഇത് നടപ്പാക്കാൻ ഏൽപ്പിക്കുന്നയാളുടെയോ മറ്റേതെങ്കിലും മേലധികാരിയുടെയോ കയ്യിൽ ഉണ്ടാവണം. വിൽപത്രത്തിന്റെ ഓരോ പേജിലും നിങ്ങൾ തീയ്യതിയെഴുതി ഒപ്പിടണം. എന്നാൽ അവസാന പേജ് പ്രത്യേകമായി ശ്രദ്ധിക്കണം. അതിൽ നിങ്ങളുടെ ഒപ്പ് മാത്രമല്ല, സാക്ഷികളുടെ പേരും അവരുടെ പേരും വിലാസവും ഉണ്ടായിരിക്കണം.

  വിൽപത്രം എഴുതി വെക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ബോധ്യപ്പെട്ടല്ലോ. വിൽപ്പത്രം എഴുതുന്നതോടൊപ്പം തന്നെ അതിൻെറ നിയമപരമായ വശങ്ങളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കുക. വിൽപ്പത്രം എഴുതി വെക്കുന്നത് പോലെത്തന്നെ അതിൽ കാലത്തിനനുസരിച്ച് മാറ്റം വരുത്താനും അവലോകനം ചെയ്യുവാനും നിങ്ങൾക്ക് അവകാശമുണ്ട്. കൂടുതൽ സ്വത്ത് നിങ്ങൾക്ക് കൈവരികയാണെങ്കിൽ തീയതി എഴുതി അതിൻെറ വിശദാംശങ്ങളും കൂട്ടിച്ചേർക്കണം. ഏറ്റവും പുതിയ കാര്യങ്ങളെല്ലാം കൂട്ടിച്ചേർത്തുവെന്ന് ഉറപ്പാക്കുക.

  നിങ്ങളുടെ സാമ്പത്തിക പദ്ധതികളുടേയും പിന്തുടർച്ചാ അവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും സുപ്രധാന രേഖയാണ് വിൽപ്പത്രം എന്നത്. നിങ്ങളുടെ മരണശേഷം മാത്രമേ അത് നടപ്പിലാക്കപ്പെടുകയുള്ളൂ. അതിനിടയിൽ മാറ്റം വരുത്തുകയാണെങ്കിൽ പഴയത് നശിപ്പിക്കാനോ ഇല്ലാതാക്കാനോ തയ്യാറാവണം. ഇല്ലെങ്കിൽ തെറ്റിദ്ധാരണ ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ മരണശേഷം ആശ്രിതർക്ക് ബുദ്ധിമുട്ടില്ലാതെ സ്വത്ത് പങ്കുവെക്കാൻ വിൽപ്പത്രം കൊണ്ട് സാധിക്കും. പ്രായപൂർത്തിയാവാത്ത അവകാശികൾക്കടക്കം ഇത് ഗുണം ചെയ്യും.
  Published by:Naseeba TC
  First published: