• HOME
  • »
  • NEWS
  • »
  • money
  • »
  • റിയൽ എസ്റ്റേറ്റ്, വീടു നവീകരണം, വീട്ടുജോലിക്കാരുടെ ശമ്പളം: നോട്ടുനിരോധനത്തിനു ശേഷവും നേരിട്ടുള്ള പണമിടപാടുകൾ വ്യാപകം

റിയൽ എസ്റ്റേറ്റ്, വീടു നവീകരണം, വീട്ടുജോലിക്കാരുടെ ശമ്പളം: നോട്ടുനിരോധനത്തിനു ശേഷവും നേരിട്ടുള്ള പണമിടപാടുകൾ വ്യാപകം

നോട്ടുനിരോധനത്തിനു ശേഷവും പലരും നേരിട്ടുള്ള പണമിടപാടുകളെ പല കാര്യങ്ങൾക്കും ആശ്രയിക്കുന്നുണ്ട്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
കള്ളപ്പണം തടയുക, രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ നോട്ടുനിരോധനത്തിന് (Demonetisation) ആറു വർഷം തികഞ്ഞിരിക്കുകയാണ്. ഈ നീക്കം പൂർണമായി ലക്ഷ്യത്തിലെത്തിയോ എന്ന ചോദ്യമാണ് ഈ സാഹചര്യത്തിൽ പലരും ഉന്നയിക്കുന്നത്. റിയൽ എസ്റ്റേറ്റ് (Real Estate) ഇടപാടുകൾ നടത്തുന്ന പലരും ഇപ്പോഴും കള്ളപ്പണം നൽകുകയോ സ്വീകരിക്കുകയോ ചെയ്യുന്നുണ്ട് എന്നതിന് റിപ്പോർട്ടുകളും തെളിവുകളും പുറത്തു വരുന്നുണ്ട്.

നോട്ടുനിരോധനത്തിനു ശേഷവും പലരും നേരിട്ടുള്ള പണമിടപാടുകളെ പല കാര്യങ്ങൾക്കും ആശ്രയിക്കുന്നുണ്ട്. ലോക്കൽ സർക്കിൾസ് (LocalCircles) 342 ജില്ലകളിലായി നടത്തിയ സർവേയിൽ പങ്കെടുത്ത 32,000 പേരിൽ 44% പേരും, കഴിഞ്ഞ ഏഴ് വർഷത്തിനിടെ നേരിട്ട് പണം നൽകി വസ്തു വാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്. 2021 നവംബറിലാണ് സർവേ നടത്തിയത്. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് ഇത് കുറവാണ്. പ്രോപ്പർട്ടി വാങ്ങാനായി പണം കൈമാറ്റം ചെയ്തെന്ന് 70 ശതമാനം പേരാണ് 2020 ൽ നടത്തിയ സർവേയിൽ സമ്മതിച്ചത്. വസ്തുവുമായി ബന്ധപ്പെട്ട നികുതി അടക്കാതിരിക്കാനാണ് പലരും ഇങ്ങനെ ചെയ്യുന്നത്. ഇന്ത്യയിൽ ഇന്നും അഴിമതിയും അഴിമതിക്കാരും വാഴുന്നുണ്ടെന്ന് ഇതിൽ നിന്നെല്ലാം മനസിലാകും.
Also Read- നോട്ടുനിരോധനത്തിന് ആറ് വർഷം: കള്ളപ്പണത്തിനും കള്ളനോട്ടിനും കുറവില്ല

വസ്തു വാങ്ങുന്നതിനു പുറമേ, വീടിന്റെ അറ്റകുറ്റപ്പണികൾ, സൗന്ദര്യ സേവനങ്ങൾ, വീട്ടു ജീവനക്കാരുടെ ശമ്പളം എന്നിങ്ങനെയുള്ള കാര്യങ്ങൾക്കാണ് പലരും നേരിട്ടുള്ള പണക്കൈമാറ്റത്തെ ആശ്രയിക്കുന്നത്. വീട്ടുജോലിക്കാർക്ക് നേരിട്ടാണ് പണം നൽകുന്നതെന്നാണ് സർവേയിൽ പങ്കെടുത്ത ഏകദേശം ഇരുപതു ശതമാനം പേരും പ്രതികരിച്ചത്. യാത്രാ ചെലവുകൾക്കായി പണം വിനിയോ​ഗിച്ചതായി മൂന്നു ശതമാനം പേർ പറഞ്ഞപ്പോൾ വീട് അറ്റകുറ്റപ്പണികൾക്കായി നേരിട്ട് പണം നൽകിയതായി പത്തു ശതമാനം പേരാണ് പറ‍ഞ്ഞത്.

ഇതുകൂടാതെ, പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനും പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നതിനും ഭക്ഷണം വിതരണം ചെയ്യുന്നതിനുമൊക്കെ ആളുകൾ പണം ഉപയോഗിക്കുന്നതായി സർവേ ചൂണ്ടിക്കാട്ടി. സർവേയിൽ പ്രതികരിച്ച 10,224 പേരിൽ 62% പേരും ഭക്ഷണം കഴിക്കുന്നതിനും ഭക്ഷണം വിതരണം ചെയ്യുന്നതിനും പണം ഉപയോഗിച്ചതായി പറഞ്ഞു. പഴങ്ങൾ, പച്ചക്കറികൾ, മറ്റ് പലചരക്ക് സാധനങ്ങൾ എന്നിവ വാങ്ങാൻ പണം ഉപയോഗിക്കുന്നത് ഇന്നും പലർക്കും കൂടുതൽ സൗകര്യപ്രദമാണെന്നും സർവേയിൽ പങ്കെടുത്തവരിൽ ചിലർ പറഞ്ഞു.

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, 250 ദശലക്ഷം ഇന്ത്യക്കാരാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥാ യുപിഐ സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നത്. 2022 ഓഗസ്റ്റിൽ യുപിഐ ഇടപാടുകളുടെ മൂല്യം 10.73 ലക്ഷം കോടി രൂപയിലെത്തിയിരുന്നു.

ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിച്ചുകൊണ്ടിരിക്കുമ്പോഴും, രാജ്യത്ത് 31 ലക്ഷം കോടി രൂപയുടെ കറൻസി നോട്ടുകൾ പ്രചാരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെപ്റ്റംബറിലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചിട്ടും രാജ്യത്തെ വലിയൊരു വിഭാഗം ഇപ്പോഴും പണം ഉപയോഗിക്കുന്നുണ്ടെന്നാണ് ആർബിഐ സർവേ സൂചിപ്പിക്കുന്നത്.
Published by:Naseeba TC
First published: