• HOME
  • »
  • NEWS
  • »
  • money
  • »
  • കടം കയറി ആദ്യ ഹോട്ടൽ വിറ്റു; ജപ്തിക്കിടെ അനൂപിനെ തേടിയെത്തിയത് 80 ലക്ഷം രൂപയുടെ ഭാഗ്യം

കടം കയറി ആദ്യ ഹോട്ടൽ വിറ്റു; ജപ്തിക്കിടെ അനൂപിനെ തേടിയെത്തിയത് 80 ലക്ഷം രൂപയുടെ ഭാഗ്യം

കേരള ഭാഗ്യക്കുറിയുടെ കാരുണ്യയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് അനൂപിനെ തേടിയെത്തിയത്...

  • Last Updated :
  • Share this:
    ഇടുക്കി: കടംകയറി ഹോട്ടൽ വിറ്റ് ജപ്തി നടപടി നേരിടുന്നതിനിടെ യുവാവിനെ തേടി 80 ലക്ഷം രൂപയുടെ ഭാഗ്യമെത്തി. തൊടുപുഴ വെട്ടിമറ്റം തടിയിൽ വീട്ടിൽ അനൂപാണ് ഭാഗ്യവാൻ. കേരള ഭാഗ്യക്കുറിയുടെ കാരുണ്യയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് അനൂപിനെ തേടിയെത്തിയത്.

    വെങ്ങല്ലൂർ കോലാനി ബൈപാസിലുള്ള ‘എടി ഫുഡ്കോർട്ട് ആൻഡ് അച്ചായൻസ് തട്ടുകട’യുടെ ഉടമയാണ് അനൂപ്. കടുത്ത സാമ്പത്തിക ബാധ്യത മൂലം ആദ്യം തുടങ്ങി ഹോട്ടൽ അനൂപിന് വിൽക്കേണ്ടിവന്നു. അതിനിടെ വായ്പയെടുത്താണ് രണ്ടാഴ്ച മുമ്പ് മറ്റൊരു ഹോട്ടൽ തുടങ്ങിയത്. വീട് നിർമ്മാണത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാതെ ജപ്തി നടപടിയും നേരിടുന്നുണ്ടായിരുന്നു. ഈ സമയത്താണ് അനൂപിനെ തേടി കേരള ഭാഗ്യക്കുറിയുടെ ഭാഗ്യസമ്മാനമെത്തുന്നത്.

    സ്ഥിരമായി ഭാഗ്യക്കുറി എടുക്കാറുണ്ടെങ്കിലും ഇത്രയും വലിയ സമ്മാനം ലഭിക്കുന്നത് ആദ്യമായാണെന്ന് അനൂപ് പറയുന്നത്. ഈ തുക ഉപയോഗിച്ച് കടബാധ്യത തീർക്കുന്നതിനാണ് പ്രഥമ പരിഗണന. അതിനുശേഷം ഇപ്പോൾ തുടങ്ങിയ ഹോട്ടൽ വിപുലകരിക്കുകയാണ് ലക്ഷ്യം. അനു ആണ് അനൂപിന്റെ ഭാര്യ. അനയയാണ് മകൾ.

    സമാനമായ മറ്റൊരു സംഭവം കഴിഞ്ഞ മാസം കാസർകോട് നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു.  അമ്പത് ലക്ഷത്തോളം വരുന്ന കടം വീട്ടാനായി വീട് വിൽക്കാൻ തീരുമാനിച്ച  മഞ്ചേശ്വരത്തെ പെയിന്‍റിങ് തൊഴിലാളിയായ പാവൂരിലെ മുഹമ്മദ് എന്ന ബാവ(50). വീട് വിൽക്കുന്നതിന്‍റെ അഡ്വാൻസ് തുക  വാങ്ങാനിരിക്കെയാണ് ലോട്ടറിയടിച്ചത്. എന്നാൽ കേരള ഭാഗ്യക്കുറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റിന്‍റെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ബാവയെ തേടിയെത്തിയതോടെ ജീവിതമാകെ മാറിമറിഞ്ഞു.

    വർഷങ്ങളോളം അധ്വാനിച്ച് ഉണ്ടാക്കിയ വീട് വിൽക്കാൻ തീരെ മനസില്ലായിരുന്നു. എന്നാൽ കടബാധ്യതയും ജപ്തിഭീഷണിയും പിടിമുറിക്കിയതോടെ മറ്റൊരു വഴിയും ഇല്ലാതായി. ഇതോടെയാണ് മനസില്ലാ മനസോടെ വീട് വിറ്റ് കടം തീർക്കാൻ ബാവ തീരുമാനിച്ചത്. എന്നാൽ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബാവയുടെ വിധി മാറ്റിമറിച്ചു.

    നാല് പെൺമക്കൾ ഉൾപ്പടെ അഞ്ച് മക്കളാണ് ബാവയ്ക്ക്. ഇതിൽ രണ്ടു പെൺമക്കളെ കല്യാണം കഴിപ്പിച്ചു വിട്ടു. പെൺമക്കളുടെ വിവാഹവും വീട് നിർമ്മാണവുമാണ് പെയിന്‍റിങ് തൊഴിലാളിയായ ബാവയെ 50 ലക്ഷത്തിന്‍റെ കടക്കാരനാക്കിയത്. മകൻ വിദേശത്തുപോകുന്നതിന്‍റെ വിസ ചെലവിനുള്ള പണം പലിശയ്ക്ക് കടംവാങ്ങിയാണ് കണ്ടെത്തിയതും. ഇതും വലിയ ബാധ്യതയായി മാറി. കടംവീട്ടാൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം തേടിയെങ്കിലും നിരാശയായിരുന്നു ഫലം. രണ്ടു സുഹൃത്തുക്കൾ സഹായിക്കാൻ മുന്നോട്ടുവന്നെങ്കിലും കടം വീട്ടാൻ അത് മതിയായിരുന്നില്ല.
     അങ്ങനെയാണ് വീട് വിൽക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് ബാവ എത്തിയത്. അതിനിടെ സ്ഥിരമായി ലോട്ടറി എടുക്കുന്ന ഹൊസങ്കിടിയിലെ അമ്മ ലോട്ടറി ഏജൻസിയിൽനിന്ന് എടുത്ത ടിക്കറ്റ് വഴി ഒരു കോടിയുടെ ഭാഗ്യമെത്തിയത്. വീട് വിൽക്കുന്നതിനുള്ള ടോക്കൺ അഡ്വാൻസ് കൈപ്പറ്റാനിരുന്ന ദിവസം തന്നെയാണ് ലോട്ടറിയടിച്ചുവെന്ന വാർത്തയും ബാവ അറിഞ്ഞത്. ഏതായാലും വീട് വിൽക്കാതെ തന്നെ കടബാധ്യത തീർക്കാമെന്ന ആശ്വാസത്തിലാണ് മുഹമ്മദ്.
    Published by:Anuraj GR
    First published: