• HOME
 • »
 • NEWS
 • »
 • money
 • »
 • കുമാരനാശാൻ മുതൽ കിറ്റക്സ് വരെ; അരനൂറ്റാണ്ടായി മാറാത്ത കേരളവും വ്യവസായവും; എന്താണ് രക്ഷാമാർഗം ?

കുമാരനാശാൻ മുതൽ കിറ്റക്സ് വരെ; അരനൂറ്റാണ്ടായി മാറാത്ത കേരളവും വ്യവസായവും; എന്താണ് രക്ഷാമാർഗം ?

സാബു എം ജേക്കബ് ഇപ്പോൾ നടത്തുന രാഷ്ട്രീയ വിമർശനങ്ങളും ട്വന്റി 20 എന്ന രാഷ്ട്രീയ പാർട്ടിയും പെട്ടെന്ന് ഉണ്ടായി വന്നതല്ല. സ്ഥാപകൻ എം സി ജേക്കബ് 1968 മുതൽ നേരിടുന്ന ശത്രുതയുടെ തുടർച്ചയാണിത്. രാഷ്ട്രീയനേട്ടം ആര് ഉണ്ടാക്കിയാലും ഒരു വ്യവസായത്തെ പറഞ്ഞയക്കാൻ മാത്രം കേരളത്തിന് ത്രാണി ഉണ്ടോ എന്നതാണ് ചോദ്യം....

News18 Malayalam

News18 Malayalam

 • Share this:
  കൃത്യം 100 വർഷം മുൻപാണ്, 1921ൽ. എറണാകുളത്ത് കിഴക്കമ്പലത്തു നിന്ന് ഏറെ അകലെയല്ലാതെ ആലുവ ചെങ്ങമനാട് ഒരു ഓടു നിർമാണ കമ്പനി തുടങ്ങി. യൂണിയൻ ടൈൽസ് വർക്സ്. ഓലമേഞ്ഞ വീടുകൾ മാത്രമുണ്ടായിരുന്ന കേരളത്തിലാണ്. ഓടുമേയുന്നതു നാലുകെട്ടുകൾക്കും ആരാധാനലായങ്ങൾക്കും മാത്രമായിരുന്ന കാലത്താണ്. മംഗലാപുരത്തുനിന്ന് എ അൽബുക്വാർക്ക് ആൻഡ് സൺസ് എന്ന പേരുകേട്ട കമ്പനിയുടെ ഓട് വ്യാപകമായി എത്തിയിരുന്ന കേരളത്തിൽ യൂണിയൻ ടൈൽസ് തുടങ്ങിയപ്പോൾ പലരും മൂക്കത്ത് വിരൽവച്ചു. ഇതാര് വാങ്ങാൻ എന്ന് അന്തംവിട്ടവർക്കുള്ള ഉത്തരമാണ് മുക്കാൽ നൂറ്റാണ്ടു മുൻപ് കേരളത്തിലുണ്ടായ മേൽക്കൂര വിപ്ലവം.

  നമ്പൂതിരി വീടുകൾ മാത്രമല്ല നായർ ഈഴവ ക്രൈസ്തവ ഇസ്ലാമിക വീടുകളും ഓലയിൽ നിന്ന് ഓടിലേക്ക് മാറുമെന്ന് അന്നു മുൻകൂട്ടി കണ്ടയാളുടെ പേരാണ് കുമാരനാശാൻ. അന്നത്തെ തലമുറയ്ക്കു മാത്രമല്ല 2003വരെ ആശാന്റെ കുടുംബത്തിൽ പിന്നീടുണ്ടായ തലമുറകൾക്കും യൂണിയൻ ടൈൽസാണ് അന്നം നൽകിയത്. ഈ വിവരം ഇപ്പോൾ കേട്ടാൽ ചെങ്ങമനാട്ടെ കളിമണ്ണ് ചൂഷണം ചെയ്തതിന് ലീലയും കരുണയും ചിന്താവിഷ്ടയായ സീതയും വരെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യാൻ ആളുള്ള നാടാണ്. ഏതാനും മലയാളികളുടെ ബൗദ്ധിക പൊങ്ങച്ചങ്ങളിലൂടെയുള്ള യാത്ര ഇവിടെ ആരംഭിക്കുന്നു.

  സൂചികകളും വ്യവസായ കേരളവും

  ചില സൂചികകൾ എടുത്ത് കേരളം കുതിക്കുകയാണ് എന്ന് ഒരു വശത്തു പറയുമ്പോൾ മറുവശത്ത് അങ്ങനെ അല്ല എന്നു പറയാനും ചില കണക്കുകളുണ്ട്. 2016-17 സാമ്പത്തിക വർഷം ഉത്പാദന മേഖലയിൽ 18.2 ശതമാനം വളർച്ച. 2017-18ൽ ആറ് ദശാംശം ഒന്ന്. 2018-19 ആയപ്പോഴേക്കും 1.8%. തൊട്ടടുത്ത വർഷമായ 2019-20ൽ ഒന്നര ശതമാനം. 2020-21 എന്ന കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുണ്ടെങ്കിലും അതു പറയുന്നില്ല. മഹാമാരിയുടെ കാലത്തെ തളർച്ചയെന്ന പേരിൽ മുഴുവൻ കണക്കുകളേയും ന്യായീകരിക്കാനുള്ള ആ സാധ്യത മുന്നിൽക്കണ്ടാണ് അങ്ങനെ ഒരു തീരുമാനം.

  ഈ കണക്കുകൾ ഏതെങ്കിലും സ്വകാര്യ ഏജൻസിയുടേതല്ല. കേന്ദ്രസർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റേതും അല്ല. സംസ്ഥാന സർക്കാർ കഴിഞ്ഞമാസം പുറത്തിറക്കിയ കേരളാ ഡവലപ്മെന്റ് റിപ്പോർട്ടിൽ നിന്നാണ്. വളർച്ച താഴേക്കാണ് എന്നത് സർക്കാരിന്റെ കുഴപ്പമല്ല. മൊത്തം സാമ്പത്തിക ക്രമത്തിന്റെ തകരാറാണ്. പക്ഷേ, അതാണ് സത്യം എന്ന് എല്ലാവരും അംഗീകരിക്കാൻ തയ്യാറാകണം. ഇത്തരം യാഥാർത്ഥ്യങ്ങൾക്കു മുന്നിൽ നിന്നു വേണം വ്യവസായത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾ ആരംഭിക്കാൻ. ഇനി വളർച്ചാ നിരക്ക് താഴേക്കു പോകുമ്പോൾ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്കൊന്നു കാണൂ.

  കേരളത്തിൽ തൊഴിലില്ലായ്മാ നിരക്ക് 9 ശതമാനം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കണക്കുകൾ നോക്കുമ്പോൾ വ്യക്തമാകും അതിന്റെ ദയനീയാവസ്ഥ. തമിഴ്നാട് 6.6%, കർണാടകം 3.6%, ആന്ധ്രപ്രദേശ് 5.3%. ദേശീയ ശരാശരി 5.8 ശതമാനം മാത്രവും. ദേശീയ ശരാശരിയേക്കാൾ വലിയ തൊഴിലില്ലായ്മാ നിരക്കുള്ള കേരളത്തിന് എങ്ങിനെ സാധിക്കും കൂടുതൽ വ്യവസായങ്ങൾ വേണ്ടെന്നു വയ്ക്കാൻ? എങ്ങനെ കഴിയും നിക്ഷേപങ്ങൾക്കു വഴിമുടക്കാൻ?

  കൂടുതൽ വിശദീകരണങ്ങളിലേക്കു പോകും മുൻപ് ഒരു കണക്കു കൂടി. വ്യവസായിക അടിസ്ഥാന സൗകര്യ വികസനത്തിന് കേരളത്തിൽ പണം ചെലവഴിക്കുന്നത് ക്രിൻഫ്രയാണ്. ആ കിൻഫ്ര കഴിഞ്ഞ നാലുവർഷം ചെലവഴിച്ച പണത്തിന്റെ കണക്കു നോക്കുക. 2017-18ൽ 52.7 കോടി. 17-18ൽ 66.36 കോടി. 18-19 ആയപ്പോഴേക്കും 47 കോടിയിലേക്കു താഴ്ന്നു. 2019-20ൽ ചെലവഴിച്ചത് 31 കോടി മാത്രവും. വ്യവസായത്തിനുള്ള എന്ത് അടിസ്ഥാന സൗകര്യമാണ് അപ്പോൾ നമ്മൾ ഒരുക്കിക്കൊണ്ടിരിക്കുന്നത്? ഇങ്ങനെയാണോ വളർച്ച. പ്രളയത്തിന്റേയും മഹാമാരിയുടേയും പട്ടികയിൽ എഴുതി എത്രകാലം ഇങ്ങനെ മാറി നിൽക്കും.

  Also Read- 'വ്യവസായികളുടെ പരാതികളില്‍ ഇനി ഉടൻ നടപടി'; വിമർശനങ്ങൾക്കിടെ പ്രതിച്ഛായ തിരിച്ചുപിടിക്കാൻ മന്ത്രി പി രാജീവ്  വ്യവസായ അനുകൂല അന്തരീക്ഷം

  7,649 ഫാക്ടറികളും 3 ദശാംശം ഒരു ലക്ഷം ഫാക്ടറി തൊഴിലാളികളും ഉള്ള കേരളത്തിൽ ഒരു തൊഴിലാളിക്കുവേണ്ടി എന്തു നിക്ഷേപമാണ് നടത്തുന്നത് എന്നു നോക്കാം. 2011-12ൽ ഒരു തൊഴിലാളിക്കുള്ള ആനുപാതിക മൂലധന നിക്ഷേപം 3.9 ലക്ഷം മാത്രം. അന്ന് ദേശീയ ശരാശര 14.5 ലക്ഷം, 2015-16ൽ 11.3 ലക്ഷം. അന്നു ദേശീയ തലത്തിൽ 19.6 ലക്ഷം. 2017-18ൽ 14 ലക്ഷം. അപ്പോഴേക്കും ദേശീയ ശരാശരി 21.1 ലക്ഷമായി ഉയർന്നു. ദേശീയശരാശരിയുടെ പോലും എത്രയോ താഴെ ബീഹാറിനൊപ്പമാണ് നിക്ഷേപത്തിൽ കേരളം. പിന്നെ ഇവിടെ എന്തു വ്യവസായം വരുന്നുണ്ട് എന്നാണ് പറയുന്നത്?

  എന്തുവ്യവസായമാണ് വരുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരമുണ്ട് കുമാരനാശാന്റെ വ്യാവസായിക ജീവിതത്തിൽ. ഒട്ടും പ്രതിസന്ധികളില്ലാതെയല്ല അതു വളർന്നത്. ഓട്ടു കമ്പനി നിർമിക്കാൻ തീരുമാനിച്ചു കുമാരനാശാൻ ആദ്യം സ്ഥലം വാങ്ങിയത് പെരിയാറിനോട് തൊട്ടുചേർന്ന് ആലുവ നഗരത്തിൽ തന്നെയായിരുന്നു. ബ്രട്ടീഷുകാർ പുഴ മലിനമാകാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചതോടെ ചെങ്ങമനാട് വേറെ സ്ഥലം വാങ്ങി. ആദ്യം വാങ്ങിയ സ്ഥലം ശ്രീനാരായണ ഗുരുവിന് കൈമാറി. ഗുരു അവിടെ അദ്വൈതാശ്രമം ആരംഭിച്ചു. ഫാക്ടറി തുടങ്ങി മൂന്നുവർഷത്തിനു ശേഷം പച്ചപിടിച്ചുവരുന്ന കാലത്താണ് 1924ൽ ആശാൻ ബോട്ടപകടത്തിൽ മരിക്കുന്നത്. ആശാൻ തുടക്കമിട്ട ആ കമ്പനി ഭാര്യ ഭാനുമതി അമ്മ നോക്കി നടത്തി. 1940 മുതൽ 1960 വരെയുള്ള കാലത്ത് വർഷം 15 ലക്ഷം ഓടുകൾ വരെയാണ് വിറ്റത്. 2003വരെ 82വർഷം കേരളത്തിൽ നന്നായി പ്രവർത്തിച്ച കവിതപോലെ കാമ്പുള്ള ഒരു കമ്പനിക്കാണ് കുമാരനാശാൻ അടിത്തറയിട്ടത്.

  കേരളത്തിൽ എന്തുകൊണ്ടു വ്യവസായം വളരുന്നില്ല. എന്തുകൊണ്ട് നിക്ഷേപം എത്തുന്നില്ല. ഈ ചോദ്യങ്ങൾക്കു പെട്ടെന്നു പറഞ്ഞൊഴിയുന്ന ഉത്തരമാണ് ഭൂപ്രകൃതി മൂലം വലിയ വ്യവസായങ്ങൾ സാധ്യമല്ല എന്നത്. 6500 പേർ വരെ ജോലി ചെയ്ത ഫാക്ട് പ്രവർത്തിച്ചത് ഈ കേരളത്തിലല്ലേ? ആയിരങ്ങൾക്കു തൊഴിൽ നൽകുന്ന കൊച്ചി റിഫൈനറി. ഏലൂരേയും കളമശ്ശേരിയിലേയും അനേകമനേകം രാസ വ്യവസായങ്ങൾ. കഞ്ചിക്കോട്ടെ നിരവധി ഉരുക്ക് ഫാക്ടറികൾ. മറ്റു സംസ്ഥാനങ്ങളിലെ കമ്പനികൾ വിപുലീകരണത്തിലൂടെയും വഴിമാറി നടത്തങ്ങളിലൂടെയും പൂർവാധികം ഭംഗിയായി നടന്നപ്പോൾ കേരളത്തിൽ മാത്രം എന്തുകൊണ്ട് ഏറെയും പൂട്ടിപ്പോയി?

  അന്നയുടെ സംഘർഷ പാത

  കിറ്റക്സിന്റെ മാതൃസംരംഭമായ അന്ന ഗ്രൂപ്പിനെ പോലെ രാഷ്ട്രീയ നേതൃത്വവുമായി ഇത്രയേറെ കലഹിക്കേണ്ടി വന്ന മറ്റൊരു വ്യവസായ സംരംഭമില്ല. കോൺഗ്രസ് ഭരണത്തിലായിരുന്ന കിഴക്കമ്പലം പഞ്ചായത്തുമായി 1968 ൽ തുടങ്ങിയതാണ് സ്ഥാപകൻ എം സി ജേക്കബിന്റെ സംഘർഷം. സ്വന്തം വീട്ടുമുറ്റത്ത് രണ്ടു തൊഴിലാളികളുമായി കലങ്ങളുണ്ടാക്കി വീടുതോറും കയറിയിറങ്ങി വിൽപന നടത്തി ആരംഭിച്ച സ്ഥാപനം. അന്നത്തെ കിഴക്കമ്പലം പഞ്ചായത്ത് അലുമിനിയം നിർമാണ യൂണിറ്റിന് വൈദ്യുതി വിച്ഛേദിച്ചതിന് ചൂണ്ടിക്കാണിച്ച കാരണം വിചിത്രമായിരുന്നു. അലുമിനിയം പാത്രങ്ങൾ ഉണ്ടാക്കുന്ന സമയത്ത് പഞ്ചായത്ത് ഓഫീസിലെ ബൾബിന്റെ ഫിലമെന്റ് മങ്ങുന്നു. അതിനാൽ കമ്പനി പ്രവർത്തിപ്പിക്കുന്നത് അനുവദിക്കാൻ ആകില്ല.

  വോൾട്ടേജ് കുറഞ്ഞാൽ ഊർജോത്പാദനം കൂട്ടുകയാണോ, കമ്പനി പൂട്ടുകയാണോ വേണ്ടത് എന്നൊക്കെ അന്നത്തെ കേരളത്തിൽ ആരോടു ചോദിക്കാൻ? അന്ന് കമ്പനി പൂട്ടേണ്ടി വന്ന എംസി ജേക്കബിനെ തിരുവനന്തപുരത്തുള്ള ഒരുബന്ധുവാണ് ഒരു വാർത്ത ശ്രദ്ധയിൽ പെടുത്തിയത്. വ്യവസായ വൽക്കരണത്തിന് ഇന്ദിരാഗാന്ധി ആരംഭിച്ച തൊഴിൽ ദാനപദ്ധതിയുടെ ഇംഗ്ലീഷ് പത്രത്തിലെ വാർത്തയായിരുന്നു കൈമാറിയത്. എം സി ജേക്കബ് ആ വായ്പയ്ക്ക് അപേക്ഷിച്ചത് കോൺഗ്രസ് ഭരിച്ച കേന്ദ്രസർക്കാരിനോടാണ്. ഇവിടെ കോൺഗ്രസ് ഭരിച്ച പഞ്ചായത്താണ് അനുമതി നിഷേധിച്ചത്. പ്രാദേശിക നേതൃത്വം എതിർത്തിട്ടും എം. സി ജേക്കബിന്റെ പദ്ധതി നിർദേശത്തിന് കേന്ദ്രം അനുമതി നൽകി.

  അങ്ങനെ കൈത്തറികൾ വാങ്ങി തൊഴിലാളികളെ കൊണ്ടുവന്ന് 1974ൽ ആരംഭിച്ചതാണ് കിറ്റക്സ്. ഉത്പാദനം പടർന്നു പന്തലിച്ചതോടെ അലുമിനിയം നിർമാണവും പുനരാരംഭിച്ചു. അന്നയും കിറ്റക്സും വളരാൻ തുടങ്ങിയപ്പോൾ രാഷ്ട്രീയ നേതൃത്വവുമായി ശാരീരിക ആക്രമണങ്ങളുടെ കാലമായിരുന്നു. കൊണ്ടും കൊടുത്തുമുള്ള ആ സംഘർഷം അവസാനിച്ചത് 2003 ഓഗസ്റ്റ് 13ന് ആണ്. കൊന്നു തീർക്കാനുള്ള തീരുമാനവുമായി രണ്ടുബോംബുകളുമായി ഒരു കെഎസ്ആർടിസി ബസ് എറണാകുളം സ്റ്റാൻഡിൽ എത്തിയ ദിവസം.

  അംബേദ്കർ സ്റ്റേഡയത്തിൽ പുലർച്ചെ നാലേകാലിന് പൊട്ടിച്ചുകളഞ്ഞ ആ ബോംബുകൾക്ക് വലിയ ഒരു ഫ്ളാറ്റ് സമുച്ചയം തകർക്കാനുള്ള ശേഷി ഉണ്ടായിരുന്നു. രണ്ടുകൂട്ടരിൽ ഒന്ന് എന്നേക്കുമായി അവാനിക്കുമായിരുന്ന ആ സ്ഫോടനം ഒഴിവായത് ഒരു കെഎസ്ആർടിസി കണ്ടക്ടറുടെ മനസാന്നിധ്യം കൊണ്ടുമാത്രമാണ്. രാഷ്ട്രീയ നേതൃത്വവുമായി അത്രയേറെ സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ട് കിറ്റക്‌സ്.

  പിതാവ് എം സി ജേക്കബ് തുടങ്ങിയിട്ട വ്യവസായങ്ങൾ മാത്രമല്ല രാഷ്ട്രീയ ശത്രുത കൂടിയാണ് മക്കളായ സാബു ജേക്കബിനും ബോബി ജേക്കബിനും ഏറ്റു നടത്തേണ്ടി വന്നത്. പഞ്ചായത്തിൽ പുതിയ ഒരു പദ്ധതി പോലും അസാധ്യമായിരുന്ന കാലത്താണ് സ്വന്തം പാർട്ടി എന്ന ആശയവുമായി സാബു ജേക്കബ് മുന്നോട്ടു വന്നത്. രാഷ്ട്രീയത്തെ വ്യവസായി ഹൈജാക്ക് ചെയ്തു എന്നും പണംകൊണ്ടു പഞ്ചായത്ത് വിലയ്ക്കു വാങ്ങി എന്നും ആരോപണം ഉയർന്നത് അങ്ങിനെയാണ്.

  അഞ്ചുപതിറ്റാണ്ടിലെ രാഷ്ട്രീയക്കാരുമായുള്ള ശത്രുതകൾക്കൊടുവിൽ സാബു ജേക്കബ് സ്വീകരിച്ച വഴി ശരിയായിരുന്നോ? അരാഷ്ട്രീയം കൊണ്ട് ജനാധിപത്യത്തെ അട്ടിമറിച്ചോ? കോൺഗ്രസും സിപിഎമ്മും ഒരുപോലെ ശത്രുപക്ഷത്തുള്ള ഒരു പാർട്ടിക്ക് എങ്ങനെ കഴിഞ്ഞു ഇങ്ങനെ ഒരു ചലനം ഉണ്ടാക്കാൻ? നാടിനെ മലിനമാക്കുകയും ജനതയെ വഞ്ചിക്കുകയും ചെയ്യുന്ന വ്യവസായമാണെങ്കിൽ അതിന് എങ്ങനെ അഞ്ചു പതിറ്റാണ്ട് അതിജീവിക്കാൻ കഴിഞ്ഞു? ആ പ്രസ്ഥാനം മുന്നോട്ടുവച്ച സ്ഥാനാർത്ഥികൾക്ക് എങ്ങനെ ഇത്ര വോട്ടുകിട്ടി? ഇങ്ങനെ പെട്ടെന്ന് ഉത്തരം പറയാൻ കഴിയാത്ത നിരവധി ചോദ്യങ്ങളുണ്ട്. രണ്ടിടത്തും ശരിയുടെ പക്ഷം ഉള്ള വാദങ്ങളാണ് ഉയരുന്നതും.

  അഞ്ച് എംഎൽഎമാർക്കും ഒരു എംപിക്കും എതിരേയാണ് സാബു ജേക്കബിന്റെ പ്രതിഷേധം. ആ അഞ്ച് എംഎൽഎമാരിൽ നാലുപേർ കോൺഗ്രസുകാർ. അഞ്ചാമൻ കോൺഗ്രസിൽ നിന്ന് സിപിഎമ്മിൽ എത്തി കിഴക്കമ്പലത്തു നിന്ന് ജയിച്ച ശ്രീനിജനും. കോൺഗ്രസിലെ നാല് എംഎൽമാർ പി ടി തോമസ്, ടി ജെ വിനോദ്, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി എന്നിവരാണ്. എംപി പഴയ തൃക്കാക്കര എംഎൽഎ കൂടിയായ ബെന്നി ബഹന്നാനും.

  കിറ്റക്‌സ് വിഷയത്തിൽ സർക്കാരിനുള്ള അതേ ഉത്തരവാദിത്തം പ്രതിപക്ഷത്തുള്ള കോൺഗ്രസിനുമുണ്ട്. എന്തുകൊണ്ട് വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കേരളത്തിന് ഇത്രവലിയ തിരിച്ചടി ഉണ്ടായി? രണ്ടു പ്രളയങ്ങളും മഹാമാരിയും മാത്രമാണ് അതിനു കാരണം എന്ന് പറഞ്ഞ് എത്രകാലം മുന്നോട്ടുപോകാൻ കഴിയും? കയ്യിലുള്ള നാലു പുത്തൻ പുറത്തിറക്കാൻ പ്രേരിപ്പിക്കുന്ന എന്തൊക്കെയുണ്ട് ഇപ്പോൾ നമ്മുടെ നാട്ടിൽ? ഇങ്ങനെയുള്ള ചോദ്യങ്ങളും ഇടയ്‌ക്കൊക്കെ ഉയരേണ്ടതില്ലേ?

  ലാഭവും വ്യവസായവും

  വ്യവസായ വളർച്ചയുടെ സൂചിക എന്നാൽ അത് അറ്റലാഭത്തിന്റെ കണക്കൊന്നുമല്ല. ഒരു തൊഴിലാളി എത്ര ഉത്പാദനം നടത്തുന്നു എന്നതാണ്. ഒരു തൊഴിലാളിയുടെ ഉത്പാദന സൂചിക ഉയർന്നാൽ കുടുംബത്തിനു മാത്രമല്ല സമൂഹത്തിനു തന്നെയാണ് നേട്ടം. കേരളത്തിൽ 2011-12 വർഷം തൊഴിലാളിയുടെ ആനുപാതിക ഉത്പാദനം 2.7 ലക്ഷം രൂപ ആയിരുന്നപ്പോൾ ദേശീയ തലത്തിൽ അത് ഏഴ് ദശാംശം മൂന്ന് ലക്ഷമായിരുന്നു. 2017-18ൽ കേരളത്തിൽ ഏഴ് ദശാംശം രണ്ടു ലക്ഷമായി ഉയർന്നപ്പോൾ ദേശീയ തലത്തിൽ അത് 9.4 ലക്ഷമായി. മലയാളി എത്ര പിന്നിലാണ് എന്ന കാര്യത്തിന് ഇതിലും കൂടിയ കണക്കുകൾ ആവശ്യമില്ല.

  രാജ്യത്ത് 2011-12ൽ ഒരു ഫാക്ടറിയുടെ ശരാശരി മൂലധന നിക്ഷേപം 8 കോടി 96 ലക്ഷം രൂപ. കേരളത്തിൽ അപ്പോൾ അത് 2 കോടി 19 ലക്ഷം രൂപ. 2017-18ൽ ദേശീയ തലത്തിൽ അത് 13 കോടി 85 ലക്ഷമായപ്പോൾ കേരളത്തിൽ 5 കോടി 68 ലക്ഷം മാത്രം. നിക്ഷേപം നടത്താൻ പോലും ആരും വരാത്ത നാടാണ് കേരളം എന്നല്ലേ ഇതിന്റെ അർത്ഥം?

  21 ലക്ഷത്തി ഇരുപത്തിഒരായിരത്തി എണ്ണൂറ്റി എൺപത്തിയേഴ് പ്രവാസികൾ ഉണ്ടായിരുന്ന കേരളത്തിൽ നാലുലക്ഷമെങ്കിലും തൊഴിൽ നഷ്ടപ്പെട്ടു മടങ്ങിക്കഴിഞ്ഞു. യുഎഇയിലും സൗദിയും ഒമാനിലും കുവൈത്തിലുമൊക്കെ മലയാളികൾ നേരിടുന്നുന്ന കടുത്ത പരീക്ഷണങ്ങൾ വേറെ. ഉള്ള വ്യവസായികളെ കൂടി മടുപ്പിച്ച് ഇവിടെ എന്താണ് ഇനി കേരളത്തിനു മുന്നിലുള്ള രക്ഷാമാർഗം?

  വ്യവസായികൾ സ്വന്തം കീശവീർപ്പിക്കൽ മാത്രം ലക്ഷ്യമുള്ളവരാണ് എന്നാണ് ഒരു പൊതുവിമർശനം. അത് അങ്ങനെയെങ്കിൽ ആദ്യം ചെയ്തത് മഹാകവി കുമാരനാശാനാണ്. സ്വന്തം കവിത സ്വയം സ്ഥാപിച്ച ശാരദാ പ്രസിലൂടെ അച്ചടിച്ചു വിറ്റ് റോയൽറ്റി മാത്രമല്ല വിൽപന മാർജിനും നേടിയ ആൾ. ആ പണംകൊണ്ടാണ് ആലുവയിൽ രണ്ടിടത്തു സ്ഥലം വാങ്ങിയതും നൂറികണക്കിനു പേർക്കു തൊഴിൽ നൽകിയ ഫാക്ടറി സ്ഥാപിച്ചതും. ഇന്നു സ്വന്തം സിനിമ സ്വയം നിർമിക്കുന്ന നായകരിൽ എത്രപേർ വ്യവസായങ്ങളിൽ പണംമുടക്കുന്നുണ്ട്. അധികമായി എത്രപേർക്കു തൊഴിൽ നൽകുന്നുണ്ട്? വ്യവസായികൾ ആരെയെങ്കിലും കൊള്ളയടിക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്തണം. അതിനു പരിഹാരമായി എല്ലാവരേയും കൂടി നാടുകടത്തിയിട്ട് ഇവിടെ എങ്ങനെ ജീവിക്കും. അതിനു കൂടി എല്ലാവരും ഉത്തരം പറയേണ്ടി വരും.
  Published by:Rajesh V
  First published: