• HOME
  • »
  • NEWS
  • »
  • money
  • »
  • അദാനി ഗ്രൂപ്പ് കരകയറുന്നു; എഫ്.പി.ഒ പൂര്‍ത്തിയായി; വിൽപനയ്ക്ക് വച്ചതിലും കൂടുതൽ ഓഹരികൾക്ക് ആവശ്യക്കാർ

അദാനി ഗ്രൂപ്പ് കരകയറുന്നു; എഫ്.പി.ഒ പൂര്‍ത്തിയായി; വിൽപനയ്ക്ക് വച്ചതിലും കൂടുതൽ ഓഹരികൾക്ക് ആവശ്യക്കാർ

അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിന്റെ ആരോപണത്തെതുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത നഷ്ടംനേരിട്ടിരുന്നു

  • Share this:

    അമേരിക്കന്‍ ഫോറന്‍സിക് ഫിനാന്‍ഷ്യര്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗ് ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ വിജയകരമായി പൂര്‍ത്തിയാക്കി. ആദ്യദിനം പ്രതികരണം മോശമായിരുന്നുവെങ്കിലും മൂന്നാമത്തെയും അവസാനത്തെയും ദിവസമായ ചൊവാഴ്ച ഓഹരികളില്‍ നിക്ഷേപക താല്‍പര്യം പ്രകടമായിരുന്നു.

    അദാനി എന്റർപ്രൈസസിന് അനുബന്ധ ഓഹരി വിൽപനയ്ക്ക് വിപണിയിലെത്തിച്ചതിനേക്കാൾ കൂടുതൽ ആവശ്യക്കാരുണ്ടായി. 4.55 കോടി ഓഹരികളാണ് അദാനി എന്റർപ്രൈസസ് വിറ്റഴിക്കാൻ ലക്ഷ്യമിട്ടത്. എന്നാൽ അഞ്ചു കോടിയിലേറെ ഓഹരികൾക്ക് ആവശ്യക്കാരെത്തിയെന്നാണ് റിപ്പോർട്ട്. 110 ശതമാനമാണ് സബ്സ്ക്രിപ്ഷൻ. ആങ്കർ നിക്ഷേപകർക്കുള്ള ഭാഗം നേരത്തെ തന്നെ സബ്സ്ക്രൈബ് ചെയ്തിരുന്നു. ഓഹരി വിൽപന ഇന്നു വൈകിട്ട് അഞ്ചു മണിക്ക് അവസാനിച്ചു.

    Also Read-ലോകത്തെ അതിസമ്പന്നരുടെ പട്ടിക: ആദ്യ പത്തിൽനിന്ന് ഗൗതം അദാനി പുറത്ത്

    ഓഹരി വില എഫ്പിഒ പ്രൈസ് ബാന്‍ഡിന് താഴെയെത്തിയതിനാല്‍ റീട്ടെയില്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചില്ല. അവര്‍ക്കായി നീക്കിവെച്ച് ഓഹരികളില്‍ 11ശതമാനത്തിന് മാത്രമാണ് നിക്ഷേപകരെത്തിയത്. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍(ക്യുഐബി)ക്കായി നീക്കിവെച്ച 1.28 കോടി ഓഹരികള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചു. 1.61 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു.

    ഇഷ്യു തുടങ്ങുന്നതിന് മുമ്പേ, ആങ്കര്‍ നിക്ഷേപകര്‍ 6,000 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നു. അബുദാബിയിലെ ഐഎച്ച്‌സി 40 കോടി ഡോളര്‍ കൂടി ഈ വിഭാഗത്തില്‍ നിക്ഷേപിച്ചു. ഇതോടെ ഈ വിഭാഗത്തില്‍ 326ശതമാനം അപേക്ഷകളെത്തി. ജീവനക്കാര്‍ക്കുള്ള വിഹിതത്തില്‍ അപേക്ഷകള്‍ 52ശതമാനത്തിലൊതുങ്ങി.

    അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിന്റെ ആരോപണത്തെതുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത നഷ്ടംനേരിട്ടിരുന്നു.

    Published by:Arun krishna
    First published: