• HOME
  • »
  • NEWS
  • »
  • money
  • »
  • അദാനി എന്റര്‍പ്രൈസസ് ഓഹരിയ്ക്ക് കനത്ത ഇടിവ്; ഡിസംബറിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് 76 ശതമാനം നഷ്ടം

അദാനി എന്റര്‍പ്രൈസസ് ഓഹരിയ്ക്ക് കനത്ത ഇടിവ്; ഡിസംബറിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് 76 ശതമാനം നഷ്ടം

ഹിൻഡൻബെർഗ് റിപ്പോർട്ടിനെത്തുടർന്നാണ് അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിടേണ്ടിവന്നത്

  • Share this:

    മുംബൈ: അദാനി എന്റർപ്രൈസ് ഓഹരി വില വീണ്ടും കൂപ്പുകുത്തി. ഇന്ന് (ഫെബ്രുവരി മൂന്നിന്) നടന്ന വ്യാപാരത്തിൽ അദാനി എന്റർപ്രൈസിന്റെ ഓഹരി വില 35 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. രാവിലെ 10.41 ന് നടന്ന വ്യാപാരത്തിൽ എൻഎസ്ഇയിലെ ഓഹരി വില 35 ശതമാനം താഴ്ചയിലേക്ക് പോയി 1017.45 രൂപയായി കുറഞ്ഞു. കമ്പനിയുടെ ഓഹരികളുടെ എക്കാലത്തെയും വലിയ ഇടിവാണിത്.

    2022 ഡിസംബറിൽ ഓഹരികൾക്ക് ലഭിച്ച ഏറ്റവും ഉയർന്ന മൂല്യം 4190 രൂപയായിരുന്നു. അതിൽ നിന്ന് 76 ശതമാനം ഇടിവാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഹിൻഡൻബെർഗ് റിപ്പോർട്ടിനെത്തുടർന്നാണ് അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിടേണ്ടിവന്നത്. ജനുവരി 24നാണ് റിപ്പോർട്ട് പുറത്തുവന്നത്. റിപ്പോർട്ടിന് പിന്നാലെ കമ്പനിയ്ക്ക് നഷ്ടമായത് ഏകദേശം 117 ബില്യൺ വിപണി മൂലധനമാണ്.

    Also read- Nirmala Sitharaman News 18 Interview| എല്ലാ പരിഷ്കരണങ്ങളും നന്നായി ഗൃഹപാഠം ചെയ്തശേഷം; കൂട്ടായ ചർച്ചകൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ: നിർമല സീതാരാമൻ

    അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യത്തിന്റെ പകുതിയോളം വരുമിത്. കഴിഞ്ഞ മൂന്ന് സെഷനുകളിലായി അദാനി എന്റർപ്രൈസിന്റെ വിപണി മൂല്യം 60 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. അദാനി ഗ്രീൻ എനർജിയ്ക്ക് 51 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 58 ശതമാനവും ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.

    എന്താണ് ജനുവരി 24ന് സംഭവിച്ചത്?

    അമേരിക്കയിലെ റിസർച്ച് സ്ഥാപനമായ ഹിൻഡൻബെർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. അദാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരി മൂല്യം വർധിപ്പിച്ച് കാണിക്കുകയാണെന്ന ആരോപണവുമായാണ് റിപ്പോർട്ട് പുറത്തെത്തിയത്. സ്റ്റോക്ക് മാനിപ്പുലേഷൻ നടത്തിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലാം നിരസിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തുകയും ചെയ്തു. 413 പേജ് വരുന്ന വിശദീകരണമാണ് അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങൾക്ക് ബദലായി നൽകിയത്.

    എഫ്പിഒ

    റിപ്പോർട്ടിനെത്തുടർന്ന് ഓഹരിവിപണിയിൽ വൻ തിരിച്ചടിയാണ് അദാനി ഗ്രൂപ്പിന് നേരിടേണ്ടി വന്നത്. എന്നാൽ അദാനി എന്റർപ്രൈസിന്റെ 20000 കോടി രൂപയുടെ എഫ്പിഒകൾക്ക് 112 ശതമാനം സബ്‌സ്‌ക്രിപ്ഷൻ ലഭിച്ചത് ആശ്വാസമായി.

    Also read- Nirmala Sitharaman Interview| ഓഹരിവിപണി നിയന്ത്രണത്തിൽ; ബാങ്കിംഗ് മേഖല സുരക്ഷിതം; ഒരു സംഭവത്തിന്റെ ചർച്ച വിപണിയെ ബാധിക്കില്ല: ധനമന്ത്രി

    ശേഷം എഫ്പിഒകൾ പിൻവലിക്കുന്നുവെന്ന് പ്രഖ്യാപിച്ച് കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് രംഗത്തത്തിയിരുന്നു. ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. നിക്ഷേപകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ മുന്നോട്ട് പോകുന്നത് ധാർമ്മികമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ തീരുമാനം.

    ഓഹരി വിപണിയിലെ ചാഞ്ചാട്ടം ശ്രദ്ധയിൽപ്പെട്ടതോടെ അദാനി എന്റർപ്രൈസ്, അദാനി പോർട്ട്‌സ്, അംബുജ സിമന്റ്‌സ് എന്നിവയെ ഫെബ്രുവരി 2 മുതൽ നിരീക്ഷണത്തിലാക്കിയിരിക്കുയാണ് എൻഎസ്ഇ. അദാനി പോർട്ട്‌സ്, അംബുജ സിമന്റ്‌സ് എന്നീ കമ്പനികൾ ഫെബ്രുവരി 3ലെ എഫ് ആന്റ് ഒ നിരോധന പട്ടികയിൽ ഉൾപ്പെട്ട കമ്പനികളാണ്. ഇവയുടെ ഓഹരികൾ 5 മുതൽ 6 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്. എന്നാൽ അദാനി എന്റർപ്രൈസസിനേക്കാൾ താരതമ്യേന ചെറിയ ഇടിവാണിത്.

    Published by:Vishnupriya S
    First published: