അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി അനുബന്ധ സ്ഥാപനമായ അംബുജ സിമൻ്റിലെ ഏകദേശം 450 മില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് അനുസരിച്ച് മാർച്ച് 9ന് അംബുജ സിമന്റിലെ നാലോ അഞ്ചോ ശതമാനം ഓഹരികൾ വിൽക്കാൻ ആഗോള വായ്പാ ദാതാക്കളോട് ഗൗതം അദാനി അഭ്യർത്ഥന നടത്തിയാതാണ് വിവരം. കമ്പനിയുടെ അടുത്ത വൃത്തത്തിൽ നിന്ന് ലഭിച്ച സൂചനകൾ പ്രകാരമാണ് റിപ്പോർട്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ള മറ്റൊരാൾ അംബുജ സിമന്റ്‌സിന്റെ ഓഹരി വിൽക്കാനുള്ള പദ്ധതിയെക്കുറിച്ച് എഫ്‌ടിയോട് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ പങ്കിട്ടിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ വർഷം 10.5 ബില്യൺ ഡോളറിനാണ് ഇന്ത്യയിലെ പ്രധാന സിമന്റ് വ്യവസായമായ അംബുജ സിമന്റിനെ അദാനി സ്വന്തമാക്കിയത്. അംബുജ സിമന്റിന്റെ 63 ശതമാനം ഓഹരികൾ അദാനിയ്ക്ക് സ്വന്തമാണ്.
ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണത്തിനായി അദാനി ഗ്രൂപ്പിനെ സമീപിച്ചെങ്കിലും കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഓഹരി വിപണിയിൽ ഇന്നലെ (മാർച്ച് 10ന്) അംബുജ സിമന്റ് ഓഹരികൾ 378 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇത് കഴിഞ്ഞ ദിവസത്തേക്കാൾ 1.6 ശതമാനം കുറവായിരുന്നു. നിലവിലെ വിപണി വിലയനുസരിച്ച്, കമ്പനിയുടെ അഞ്ച് ശതമാനം ഓഹരികൾക്ക് ഏകദേശം 465 മില്യൺ ഡോളറായിരിക്കും മൂല്യം.
ഏകദേശം 24 ബില്യൺ ഡോളറായ അദാനി ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള അറ്റ കടം കുറയ്ക്കുന്നതിനും കഴിഞ്ഞ മാസം ഓഹരി വിപണിയിൽ നേരിട്ട നഷ്ടത്തെ തുടർന്ന് നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമാണ് ഓഹരി വിൽക്കാനൊരുങ്ങുന്നതെന്ന് എഫ്‌ടി റിപ്പോർട്ട് അവകാശപ്പെടുന്നു.
Also read- ചാണകം, ഗോമൂത്രം വാണിജ്യവൽക്കരണത്തിന് പ്രോത്സാഹനം, ഗോശാലകൾക്ക് ധനസഹായം; നീതി ആയോഗ് ശുപാർശ
അമേരിക്കയിലെ റിസർച്ച് സ്ഥാപനമായ ഹിൻഡൻബെർഗ് റിസർച്ച് ജനുവരി 24-ന് പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അദാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരി മൂല്യം വർധിപ്പിച്ച് കാണിക്കുകയാണെന്ന ആരോപണവുമായാണ് റിപ്പോർട്ട് പുറത്തെത്തിയത്. സ്റ്റോക്ക് മാനിപ്പുലേഷൻ നടത്തിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതിനെ തുടർന്ന് അദാനി ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് 100 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായി.
എന്നാൽ ഈ ആരോപണങ്ങളെല്ലാം ഗൌതം അദാനി നിഷേധിച്ചിരുന്നു.യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ജിക്യുജി പാർട്‌ണേഴ്‌സ് അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്‌സ്, അദാനി ട്രാൻസ്മിഷൻ എന്നീ നാല് സ്ഥാപനങ്ങളിലായി 15,446 കോടി രൂപയുടെ ക്യുമുലേറ്റീവ് നിക്ഷേപം പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞയാഴ്ച അദാനി ഓഹരികൾ വീണ്ടെടുക്കൽ രേഖപ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.