കോവിഡ് 19 (COVID 19) മഹാമാരിയുടെ മൂന്നാം തരംഗത്തെ (Third Wave) തുടർന്ന് 2021 ഡിസംബറിലും 2022 ജനുവരിയിലും രാജ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ (Life Insurance Companies) ന്യൂ ബിസിനസ് പ്രീമിയം (New Business Premium - NBP) സമാഹരണത്തിൽ ഇടിവ് പ്രകടമായിരുന്നു. എന്നാൽ, ഫെബ്രുവരിയോടെ വീണ്ടും ലൈഫ് ഇൻഷുറൻസ് കമ്പനികൾ വളർച്ച രേഖപ്പെടുത്തി തുടങ്ങിയിരിക്കുകയാണ്.
എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം ഫെബ്രുവരിയിൽ ലൈഫ് ഇൻഷൂറൻസ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം 22.47 ശതമാനം ഉയർന്ന് 27,464 കോടി രൂപയായി. “ഫെബ്രുവരിയിൽ ലൈഫ് ഇൻഷൂറൻസ് കമ്പനികളുടെ എൻബിപി മുൻവർഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ച് 22.47 ശതമാനം ഉയർന്ന് 27,464.76 കോടി രൂപയായി. എൽഐസിയുടെ പുതിയ ബിസിനസ് പ്രീമിയം 35.4 ശതമാനം ഉയർന്ന് 17,849.34 കോടി രൂപയും സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ എൻപിബി 5 ശതമാനം ഉയർന്ന് 9,975 കോടി രൂപയുമായി", റിപ്പോർട്ട് പറയുന്നു.
കൊവിഡ് 19 മഹാമാരിയുടെ വ്യാപനം 2021 സാമ്പത്തിക വർഷത്തിലും 2022 സാമ്പത്തിക വർഷത്തിലും ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ പ്രകടനത്തെ ബാധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. കാരണം ഇൻഷുറൻസ് ബിസിനസ്സ് കൂടുതലും ഏജന്റുമാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കൊവിഡിനെ തുടർന്ന് ലോക്ക്ഡൗൺ നടപ്പിലാക്കിയത് ഏജന്റുമാരുടെ പ്രവർത്തനം കുറയാൻ കാരണമായതാണ് പ്രധാന കാരണം. ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന എൽഐസിയുടെ എൻപിബി കുത്തനെ ഉയർന്നതാണ് ഫെബ്രുവരിയിലെ വളർച്ചയ്ക്ക് കാരണമായതെന്ന് റിപ്പോർട്ട് പറയുന്നു. ഒറ്റത്തവണ പ്രീമിയത്തിൽ 40 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്.
Also Read-എച്ച്എൽഎൽ കേരളത്തിന് നൽകില്ലെന്ന് കേന്ദ്രം; ഓഹരി വിൽപനയുമായി മുന്നോട്ടെന്ന് ധനമന്ത്രി
സ്ത്രീ പങ്കാളിത്തം
സാമ്പത്തിക കാര്യങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം മെച്ചപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. ഇത് ഒരു നല്ല പ്രവണതയായാണ് കണക്കാക്കപ്പെടുന്നത്. "പത്തൊമ്പത് സംസ്ഥാനങ്ങളിൽ/ കേന്ദ്രഭരണ പ്രദേശങ്ങളിൽ വിറ്റഴിച്ച മൊത്തം പോളിസികളുടെ എണ്ണത്തിൽ സ്ത്രീകൾ വാങ്ങിയ പോളിസികളുടെ വിഹിതം അഖിലേന്ത്യാ ശരാശരിയായ 33 ശതമാനത്തേക്കാൾ കൂടുതലാണ്", റിപ്പോർട്ട് പറയുന്നു. 2021 സാമ്പത്തിക വർഷത്തിൽ സ്ത്രീകൾക്ക് ലഭ്യമാക്കിയ പോളിസികളുടെ എണ്ണം ഏകദേശം 93 ലക്ഷത്തോളം വരും. വിറ്റഴിച്ച മൊത്തം പോളിസികളുടെ ഏകദേശം 33 ശതമാനത്തോളം വരുമിത്. 2019-20 കാലയളവിൽ 32.23 ശതമാനമായിരുന്നു സ്ത്രീകളുടെ വിഹിതം. സ്വകാര്യ ലൈഫ് ഇൻഷുറസ് കമ്പനികളുടെ കാര്യത്തിൽ സ്ത്രീകൾ വാങ്ങിയ പോളിസികളുടെ വിഹിതം 27 ശതമാനമാണ്. അതേസമയം പൊതുമേഖലാ സ്ഥാപനമായ എൽഐസിയുടെ കാര്യത്തിൽ ഇത് 35 ശതമാനത്തോളമാണ്.
ഡെത്ത് ക്ലെയിമുകൾ
2021 സാമ്പത്തിക വർഷത്തിൽ ലൈഫ് ഇൻഷുറൻസ് കമ്പനികൾ ലഭ്യമാക്കുന്ന ഡെത്ത് ക്ലെയിമുകളിൽ 40.8 ശതമാനം വർധന ഉണ്ടായി. മൊത്തം 41,958 കോടി രൂപയുടെ ക്ലെയിമുകൾ തീർപ്പാക്കി. വ്യക്തിഗത ലൈഫ് ഇൻഷുറൻസ് ബിസിനസിന്റെ കാര്യത്തിൽ, 2021 സാമ്പത്തിക വർഷത്തിൽ ലൈഫ് ഇൻഷുറൻസ് കമ്പനികൾ 10.84 ലക്ഷം ക്ലെയിമുകൾ തീർപ്പാക്കി. ഇതുമായി ബന്ധപ്പെട്ട് കമ്പനികൾ ലഭ്യമാക്കിയ മൊത്തം തുക 26,422 കോടി രൂപയാണ് (46.4 ശതമാനം വളർച്ച). ഡെത്ത് ക്ലെയിം ഇനത്തിൽ ലൈഫ് ഇൻഷൂറൻസ് കമ്പനികൾ 2020 സാമ്പത്തിക വർഷത്തിൽ 2.13 ലക്ഷം രൂപയാണ് വിതരണം ചെയ്തതെങ്കിൽ 2021 സാമ്പത്തിക വർഷത്തിൽ ഇത് 2.44 ലക്ഷം രൂപയായി വർധിച്ചു. കൊവിഡ് 19 മാഹമാരിയെ തുടർന്ന് മരണ നിരക്ക് ഉയർന്നതാണ് ഡെത്ത് ക്ലെയിമുകളുടെ വർധനയ്ക്ക് കാരണമായി കണക്കാക്കുന്നത്.
ഡിജിറ്റൽ വിൽപ്പന
ഡിജിറ്റൽവത്കരണം നടപ്പിലാക്കിയിട്ടും ഓൺലൈൻ വഴിയും വെബ് അഗ്രഗേറ്ററുകൾ വഴിയും വിൽക്കുന്ന പോളിസികളുടെ വിഹിതത്തിൽ കാര്യമായ വർധന പ്രകടമായിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രീമിയം മൂല്യത്തിന്റെ അടിസ്ഥാനത്തിൽ വെറും 1.9 ശതമാനം മാത്രമാണ് ഓൺലൈൻ വിൽപ്പന. പോളിസികളുടെ എണ്ണം അടിസ്ഥാനമാക്കി നോക്കുമ്പോൾ ഇത് ഏകദേശം 1.6 ശതമാനത്തോളം മാത്രമാണന്ന് റിപ്പോർട്ട് പറയുന്നു. ബാങ്കഷ്വറൻസ് (Bancassurance) ആണ് വളരുന്ന മാധ്യമം. ഇതിലെ പ്രീമിയം സമാഹരണത്തിന്റെ വിഹിതം 2014 സാമ്പത്തിക വർഷത്തിൽ 16.6 ശതമാനം ആയിരുന്നത് 2021 സാമ്പത്തിക വർഷം ആയപ്പോഴേക്കും 29 ശതമാനമായി ഉയർന്നു.
സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ കാര്യത്തിൽ ബാങ്കാഷ്വറൻസിന്റെ വിഹിതം ഏകദേശം 55 ശതമാനമാണ്. അതേസമയം പൊതുമേഖലാ സ്ഥാപനമായ എൽഐസി കൂടുതലും 'വ്യക്തിഗത ഏജന്റുമാരെ' ആണ് ആശ്രയിച്ചിരിക്കുന്നത്. വ്യക്തിഗത ഏജന്റുമാരുടെ വിഹിതത്തിൽ ഇടിവുണ്ടായിട്ടുണ്ട്. മൊത്തം ഇൻഷൂറൻസ് മേഖലയിൽ ലൈഫ് ഇൻഷുറസ് കമ്പനികളുടെ കാര്യത്തിൽ വ്യക്തിഗത ഏജന്റുമാരുടെ വിഹിതം 58 ശതമാനമാണ്. സ്വകാര്യ ഇൻഷൂറൻസ് കമ്പനികളുടെ 23 ശതമാനവും എൽഐസിയുടെ 94 ശതമാനവും ഉൾപ്പെടെ ആണിത്.
ഇൻഷുറൻസ് വ്യാപനം
ഇന്ത്യയിലെ ഇൻഷുറൻസ് വ്യാപനം 2001 സാമ്പത്തിക വർഷത്തിൽ 2.71 ശതമാനം ആയിരുന്നത് 2009 സാമ്പത്തിക വർഷം ആയപ്പോഴേക്കും 5.20 ശതമാനമായി ഉയർന്നിരുന്നു, എന്നാൽ അതിനുശേഷം, വ്യാപനത്തിന്റെ തോത് കുറയുകയും 2014 സാമ്പത്തിക വർഷത്തിൽ 3.30 ശതമാനത്തിലെത്തുകയും ചെയ്തു. എന്നിരുന്നാലും, പിഎംജെജെബിവൈ (പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമയോജന), പിഎംഎസ്ബിവൈ (പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന) പോലുള്ള സർക്കാർ പിന്തുണയുള്ള ഇൻഷുറൻസ് പദ്ധതികളുടെ വരവോടെ 2015 സാമ്പത്തിക വർഷം മുതൽ ഇൻഷുറൻസ് വ്യാപനം വീണ്ടും ഉയരാൻ തുടങ്ങി. 2021 സാമ്പത്തിക വർഷത്തിൽ ഇൻഷൂറൻസ് വ്യാപനം 4.20 ശതമാനമാണ്.
കേന്ദ്രസർക്കാരിന്റെ രണ്ട് പ്രധാന ഇന്‍ഷുറന്‍സ് പദ്ധതികളാണ് പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമ യോജനയും പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമയോജനയും. വളരെ ചെറിയ തുകയ്ക്ക് പരിരക്ഷ ലഭ്യമാക്കുന്ന പദ്ധതികളാണ് ഇവ.
ഫെബ്രുവരിയിലെ വളർച്ചയ്ക്ക് പ്രധാനമായും കാരണമായത് ഐപിഒയ്ക്ക് ഒരുങ്ങുന്ന എൽഐസിയുടെ പുതിയ ബിസിനസ്സ് പ്രീമിയം കുത്തനെ ഉയർന്നതാണെന്ന് എസ്ബിഐ ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Health insurance, Insurance policy