• HOME
  • »
  • NEWS
  • »
  • money
  • »
  • Amazon | വിൽപനക്കാരുടെ തട്ടിപ്പ്: പാക്കിസ്ഥാനിൽ ആമസോൺ മരവിപ്പിച്ചത് 13,000 അക്കൗണ്ടുകൾ

Amazon | വിൽപനക്കാരുടെ തട്ടിപ്പ്: പാക്കിസ്ഥാനിൽ ആമസോൺ മരവിപ്പിച്ചത് 13,000 അക്കൗണ്ടുകൾ

ആമസോണിന്റെ സെല്ലർ അക്കൗണ്ടുകൾ ദുരുപയോ​ഗം ചെയ്ത 13,000 അക്കൗണ്ടുകൾ മരവിപ്പിച്ച് കമ്പനി

  • Last Updated :
  • Share this:
    കഴിഞ്ഞ വർഷം മെയ് 21 നാണ്, ആമസോണിന്റെ സെല്ലർ അക്കൗണ്ടുകൾ പാകിസ്ഥാനിൽ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ചിലർ ​ഇത് ദുരുപയോ​ഗം ചെയ്യുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത്തരം അക്കൗണ്ടുകൾക്കെതിരെ ആമസോൺ ശക്തമായ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ഇത്തരം 13,000 അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് കമ്പനി അറിയിച്ചു.

    കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പാകിസ്ഥാനിലെ ഭൂരിഭാഗം യുവാക്കളും ആമസോണിന്റെ വിപണിയെ ആശ്രയിച്ചു വരികയാണ്. സാഖിബ് അസർ, സണ്ണി അലി, റെഹാൻ അല്ലാവാല എന്നിവരെല്ലാമാണ് ഇതിന് തുടക്കം കുറിച്ചത്. ആയിരക്കണക്കിന് പാക്കിസ്ഥാനി ആമസോൺ വിൽപ്പനക്കാർ അവരിൽ നിന്ന് പഠിക്കുകയും ലക്ഷക്കണക്കിന് ഡോളർ സമ്പാദിക്കുകയും ചെയ്തു.

    ആമസോൺ സെല്ലർ പ്രോഗ്രാമിൽ ചേർന്ന് പരിശീലനം സിദ്ധിച്ചവർക്കു മാത്രമേ ആദ്യം സെല്ലർ അക്കൗണ്ടുകൾ തുറക്കാൻ സാധിച്ചിരുന്നുള്ളൂ. ഒരു സെല്ലർ അക്കൗണ്ട് തുറക്കാൻ ചെറിയൊരു ഫീസും നൽ‌കേണ്ടിയിരുന്നു. പരിശീലനം ലഭിച്ച വിൽപനക്കാർ മാത്രമാണ് ആദ്യം ആമസോണിന്റെ സെല്ലർ അക്കൗണ്ടുകൾ തുറന്നത്.

    എന്നാൽ പാക്കിസ്ഥാനിലെ എല്ലാവർക്കും സ്റ്റാൻഡേർഡ് വെരിഫിക്കേഷനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം സെല്ലർ അക്കൗണ്ട് തുറക്കാമെന്ന് ആമസോൺ പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. വിദേശ അക്കൗണ്ടുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന നിരവധി ആമസോൺ വിൽപനക്കാർ പാകിസ്ഥാനിൽ ഉണ്ട്. കൂടുതൽ വിൽപനക്കാരെ ചേർക്കാനും അതിൽ നിന്ന് പ്രയോജനം നേടാനും ബിസിനസ് വിപുലീകരിക്കാനുമാണ് ആമസോൺ ആ​ഗ്രഹിച്ചത്.

    തുടക്കത്തിൽ, പാകിസ്ഥാനിലെ ചെറുകിട ബിസിനസുകാർ ചില ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ആമസോൺ വഴി വിൽക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട്, നിയമപരമല്ലാത്ത മാർ​ഗങ്ങളിലൂടെ ചിലർ സെല്ലർ അക്കൗണ്ടുകൾ തുടങ്ങി. പരിശീലനം ലഭിച്ചിട്ടില്ലാത്ത നിരവധി പാകിസ്ഥാൻ ചെറുപ്പക്കാർ ആമസോണിൽ നിന്നും വരുമാനം നേടാൻ ഇത് ഉപയോ​ഗപ്പെടുത്താൻ തുടങ്ങി. അധിക പണം സമ്പാദിക്കാൻ ഇവർ ചില തന്ത്രങ്ങളും ഉപയോ​ഗിക്കാൻ ആരംഭിച്ചു. മിയാൻ ചാനുവിലും സഹിവാളിലുമാണ് ഇത്തരം തട്ടിപ്പുകാർ കൂടുതലെന്നും ഇവ റെഡ് സോണുകളായി കണക്കാക്കുമെന്നും ആമസോൺ പറഞ്ഞു. ‌

    പ്രധാനമായും തട്ടിപ്പുകാർ ഉപയോഗിക്കുന്ന തന്ത്രങ്ങൾ ഇവയാണ്:
    1. ഫേക്ക് ട്രാക്കിങ്ങ് (Fake Tracking)
    15-20 ദിവസത്തിനുള്ളിൽ ഓർഡർ തങ്ങളിലേക്കെത്തുമെന്ന് വ്യാജ വിൽപ്പനക്കാർ ഉപഭോക്താക്കളോട് പറയുന്നു. ആമസോൺ സാധാരണയായി 14 ദിവസത്തിനുള്ളിൽ വിൽപനക്കാർക്ക് പണം നൽകാറുണ്ട്. വാങ്ങുന്നവരും സാധാരണ ​ഗതിയിൽ സംശയിക്കില്ല. 14 ദിവസത്തിന് ശേഷം, വിൽപനക്കാരന് ആമസോൺ പണം നൽകുന്നു. അതേസമയം, ഉപഭോക്താവ് തനിക്ക് ഒരിക്കലും ലഭിക്കാത്ത ഓർഡറിനായി കാത്തിരിക്കുകയും ചെയ്യുന്നു. ഇവിടെ ആമസോൺ അല്ല കുറ്റക്കാർ. കാരണം അവർ ഇതിനകം വിൽപനക്കാർക്ക് പണം നൽകിക്കഴിഞ്ഞു.

    2. കാർഡിങ്ങ് (Carding)
    ഡാർക്ക് വെബിൽ നിന്നുള്ള എല്ലാ വിശദാംശങ്ങളും സഹിതം ഏകദേശം 100-ഡോളറിന് വ്യാജ കാർഡുകൾ വാങ്ങുന്നതാണ് മറ്റൊരു തന്ത്രം. തുടർന്ന് ഈ കാർഡുകളിൽ നിന്ന് സാധനങ്ങൾ വാങ്ങി ഉപഭോക്താക്കൾക്ക് വിൽക്കുന്നു. ഇവിടെ തട്ടിപ്പുകാർ പിടിക്കപ്പെടുന്നത് ബുദ്ധിമുട്ടാണ്. വാങ്ങുന്നവർക്ക് അവർ ഓർഡർ ചെയ്ത സാധനങ്ങൾ ലഭിക്കുന്നതിനാൽ പരാതികളൊന്നും ലഭിക്കുന്നുമില്ല.

    3. ഫില്ലിങ്ങ് (Filling)
    നിയമപരമെന്ന് തോന്നുമെങ്കിലും നിയമവിരുദ്ധമായ ഒരു തന്ത്രമാണിത്. ഇത്തരക്കാർ ‌ ആമസോണിൽ ഉൽപന്നങ്ങൾ വിൽപനക്ക് വെച്ചിരിക്കും. ഉപഭോക്താവിൽ നിന്ന് എന്തെങ്കിലും ഓർഡർ ലഭിക്കുമ്പോൾ, സാംസ് ക്ലബ് അല്ലെങ്കിൽ വാൾമാർട്ട് പോലുള്ള ഇടങ്ങളിൽ നിന്ന് അതേ ഉൽപന്നം വാങ്ങി, ഓർഡർ നൽകിയ ആളുടെ വിലാസത്തിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.
    Published by:Jayesh Krishnan
    First published: