• HOME
  • »
  • NEWS
  • »
  • money
  • »
  • ഗൂഗിളിന്റെ 735 കോടിയുടെ നിക്ഷേപവുമായി പത്താം ക്ലാസുകാരന്റെ സ്റ്റാര്‍ട്ട് അപ്പ്; മിന്നും നേട്ടവുമായി പെരിന്തല്‍മണ്ണ സ്വദേശി

ഗൂഗിളിന്റെ 735 കോടിയുടെ നിക്ഷേപവുമായി പത്താം ക്ലാസുകാരന്റെ സ്റ്റാര്‍ട്ട് അപ്പ്; മിന്നും നേട്ടവുമായി പെരിന്തല്‍മണ്ണ സ്വദേശി

20 ലക്ഷത്തിനടുത്ത് ബിസിനസ് സ്ഥാപനങ്ങളാണ് 'ഓപ്പണി'നെ ആശ്രയിച്ചിരിക്കുന്നത്

അനീഷ് അച്യുതൻ

അനീഷ് അച്യുതൻ

  • Share this:
    രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ നിയോ ബാങ്കിംങ് സ്റ്റാര്‍ട്ട് അപ്പ് ഒരു പത്താം ക്ലാസുകാരന്റെ പേരിലാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

    പെരിന്തല്‍മണ്ണ സ്വദേശിയായ അനീഷ് അച്യുതനാണ് 3600 കോടി രൂപ മൂല്യമുള്ള ഓപ്പണ്‍ എന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകന്‍. ഇപ്പോഴിതാ ഗൂഗിളില്‍നിന്നും സിംഗപ്പൂര്‍ സര്‍ക്കാരിനു കീഴിലുള്ള ആഗോള പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടെമാസെക് ഹോള്‍ഡിങ്‌സില്‍ നിന്നും 735 കോടി രൂപയുടെ നിക്ഷേപം 'ഓപ്പണ്‍' എന്ന നിക്ഷേപ സ്ഥാപനത്തെ തേടിയെത്തിയിരിക്കുകയാണ്.

    2017ല്‍ അനീഷ് അച്യുതനും മേബിള്‍ ചാക്കോയും ചേര്‍ന്നാണ് ഓപ്പണ്‍ എന്ന കമ്പനിയ്ക്ക് തുടക്കം കുറിച്ചത്. ഇപ്പോള്‍ 20 ലക്ഷത്തിനടുത്ത് ബിസിനസ് സ്ഥാപനങ്ങളാണ് ഓപ്പണിനെ ആശ്രയിച്ചിരിക്കുന്നത്.

    പത്താം ക്ലാസ് കഴിഞ്ഞ് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം തുടങ്ങിയെങ്കിലും പന്ത്രണ്ടാം ക്ലാസിന്റെ തുടക്കത്തില്‍ പഠനം അവസാനിപ്പിച്ച് 2001 ല്‍ തിരുവനന്തപുരത്തേക്ക് അനീഷ് വണ്ടി കയറുകയായിരുന്നു. തിരുവനന്തപുരത്ത് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു അനീഷിന്റെ ജീവിതം. ശ്രീകണ്‌ഠേശ്വരം ക്ഷേത്രപരിസരത്തും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലുമായാണ് അനീഷ് തന്റെ രാത്രികള്‍ കഴിച്ചു കൂട്ടിയിരുന്നത്. സെക്രട്ടറിയേറ്റിന് സമീപമുള്ള ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് തന്റെ സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാരംഭിച്ചത്. അവിടെ നിന്ന് ഇന്ത്യാ ഫസ്റ്റ് എന്ന വെബ് പോര്‍ട്ടലിന് തുടക്കം കുറിച്ചു.

    ഇതിനിടെ ATM സെക്യൂരിറ്റി ഗാര്‍ഡാും സെയില്‍സ്മാനായും അനീഷ് ജോലി ചെയ്തിരുന്നു. അതിനു ശേഷം കേബിള്‍ വരിക്കാര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം വികസിപ്പിക്കാന്‍ ശ്രമം നടത്തിലായിരുന്നു അനീഷെങ്കിലും ഇന്റര്‍നെറ്റ് വ്യാപകമല്ലാത്ത സാഹചര്യമായതിനാല്‍ അത് ഉപേക്ഷികുകയായിരുന്നു. ഇത് പെയ്‌മെന്റ് സിംസ്റ്റത്തെ കുറിച്ച് പഠിക്കാന്‍ കാരണമായി. 2007ല്‍ നാട്ടിന്‍പുറത്തെ കടകളെ വരെ ബാങ്ക് ശാഖകളായി മാറ്റുന്ന ക്യാഷ് നെക്സ്റ്റ് എന്ന സംരഭത്തിന് തുടക്കം കുറിച്ചു. ഇത് അനീഷിന്റെ സ്റ്റാര്‍ട്ട് അപ്പ് ജീവിതത്തില്‍ വലിയൊരു നാഴികക്കല്ലായി മാറി.

    2011ല്‍ മേബിള്‍ അനീഷിന്റെ ജീവിത പങ്കാളിയായി. ക്യാഷ് നെക്‌സിറ്റിന് ശേഷം ഇരുവരും ചേര്‍ന്ന് നിയര്‍റ്റിവിറ്റി എന്ന സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചു. എന്നാല്‍ ആ കാലഘട്ടത്തില്‍ ഫോണുകളില്‍ മാത്രമായിരുന്നു ഈ സംവിധാനം ലഭ്യമായിരുന്നുള്ളു. അതിനാല്‍ കമ്പനി അടയ്‌ക്കേണ്ടി വന്നു. 2011ല്‍ ഓണ്‍മൊബൈല്‍ എന്ന ബെംഗളൂരു കമ്പനിയിലേക്ക് ചേക്കേറുകയും 2013 ല്‍ സ്വിച്ച് എന്ന പേയ്‌മെന്റ് പ്ലാറ്റ്‌ഫോം തുടങ്ങുകയും ചെയ്തിരുന്നു അനീഷ്. പിന്നീട് ഈ പ്ലാറ്റ്‌ഫോം സിട്രസ് പേ എന്ന പ്രമുഖ പേയ്‌മെന്റ് കമ്പനി ഏറ്റെടുത്തു. ഇത് പിന്നീട് PayU എന്ന കമ്പനി ഇതിനെ ഏറ്റെടുക്കുകയായിരുന്നു.

    PayU എന്ന കമ്പനിയിലെ ജോലിക്കിടയിലാണ് ബിസിനസ് ബാങ്കിങ് സംബന്ധിച്ചുള്ള പ്രശ്‌നങ്ങളെ കുറിച്ച് അനീഷ് മനസ്സിലാക്കിയിരുന്നു. ഇതോടെയാണ് ബാങ്കിങ് ലൈസന്‍സ് ഇല്ലാത്ത ഒരു കമ്പനി മറ്റൊരു ലൈസന്‍സ്ഡ് ബാങ്കുമായി ചേര്‍ന്ന് ഉപഭോക്താവിന് ആഡ് ഓണ്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ സേവനം നല്‍കുന്ന നിയോ ബാങ്കിനെ കുറിച്ച് അനീഷ് പഠിക്കുന്നത്. തുടര്‍ന്ന് ചെറുകിട ഇടത്തരം ബിസിനസുകളെ ലക്ഷ്യം വച്ചു കൊണ്ടുള്ള ഒരു നിയോബാങ്ക് എന്ന ആശയം വികസിപ്പിക്കാന്‍ അനീഷ് ആരംഭിച്ചു.

    ഇതിനായി PayU രണ്ടരക്കോടിയും യൂണിക്കോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ് അടക്കം പല വിസി കമ്പനികളും പിന്തുണയായി രംഗത്തെത്തി. പല ബാങ്കുകളുമായാണ് ചേര്‍ന്നാണ് നിയോ ബാങ്ക് സേവനം നല്‍കുന്നത്. ഇന്‍വോയ്‌സ് പേറോള്‍ അക്കൗണ്ടിംഗ് എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമില്‍ നടക്കുമെന്നാണ് ചുരുക്കം.

    നിലവില്‍ 520 ജീവനക്കാരുമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. മറ്റൊരു പ്ധാന കാര്യമെന്നു പറയുന്നത് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് അഞ്ച് മുതല്‍ 50 ലക്ഷം രൂപ വരെ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് ഓപ്പണ്‍ പുറത്തിറക്കിയിട്ടുണ്ട്.
    Published by:Karthika M
    First published: